Saturday, September 25, 2010

സ്വത്വവാദികളുടെ നിഴല്‍യുദ്ധം

സന്ദീപന്‍
മുന്നണിപോരാളിയില്‍ പ്രസിദ്ധീകരിച്ചത്


മൂവാറ്റുപുഴയിലെ ന്യൂ മാന്‍ കോളേജിലെ അദ്ധ്യാപകനുനേരെയുണ്ടായ ആക്രമണത്തിന് മുമ്പുള്ള ദിവസങ്ങളില്‍ കേരളത്തിലെ മുഖ്യധാരമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വിഷയമായിരുന്നു സ്വത്വരാഷ്ട്രീയം. പ്രത്യേകിച്ച് പ്രകോപനമോന്നുമില്ലാതെയാണ് സ്വത്വം മുഖ്യധാരയിലേക്ക് കടന്നുവന്നത്. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ദാര്‍ശനികവിശാരദന്‍മാരായ കെ. ഇ. എന്നും പി. കെ. പോക്കറും ഒരു ഭാഗത്തും, പി. രാജീവും, ഗോവിന്ദന്‍ മാസ്റ്റെറും മറുഭാഗത്തും നിലയുറപ്പിച്ച സൈദ്ധാന്തികസംവാദം അതിന്റെ ''ഔന്നത്യം'' കൊണ്ടുതന്നെ സാധാരണഗതിയില്‍ മാധ്യമങ്ങളുടെ പരിഗണയില്‍ വരേണ്ടതല്ല. ഒരിക്കലും അവസാനിക്കാതെ പുകഞ്ഞുകൊണ്ടിരിക്കുന്ന ഗ്രൂപുവൈരം സി.പി.എം -ലെ പട്ടേലര്‍-തൊമ്മി സമവാക്യങ്ങളില്‍ വരുത്തുന്ന മാറ്റത്തിന്റെ പ്രതിഫലനമായാണ് മാധ്യമങ്ങള്‍ തുടക്കത്തില്‍ ഇക്കാര്യംആഘോഷിച്ചത്. അച്യുതാനന്ദനെതിരെയുള്ള പിണറായി വിജയന്‍റെ കുടിലതന്ത്രങ്ങള്‍ക്ക് ധൈഷണിക പരിവേഷം നല്‍കിയിരുന്ന കുഞ്ഞഹമ്മദിനു കിട്ടേണ്ടത്കിട്ടിയെന്ന സന്തോഷവും പലരും പങ്കുവച്ചിരുന്നു. എന്നാല്‍, സി. പി. എമ്മില്‍നിന്നും കുറച്ചുകാലമായി ഊരുവിലക്കുനേരിടുന്ന ഹമീദ് ചേന്ദമംഗലുര്‍ പാര്‍ട്ടിക്ക് അഭിമതനായതോടെ സംഭവം അത്ര ലളിതമല്ലെന്നു വ്യക്തമായി.വര്‍ഗത്തോടൊപ്പം സ്വത്വതിനും പരിഗണനല്‍കണമെന്ന കെ. ഇ. എന്‍. -പോക്കര്‍ വാദം,ജമാഅത്തെ ഇസ്ലാമിയുടെ അജണ്ട ഒളിച്ചുകടത്തലാണെന്ന പ്രതിവാദവുമായി ഹമീദ് രംഗത്ത് വന്നതോടെ സംഭവം കൊഴുത്തു
വര്‍ഗരാഷ്ട്രീയത്തില്‍ വെള്ളം ചേര്‍ക്കുന്ന സ്വത്വതിനെതിരെ ഗോവിന്ദന്‍ മാസ്റ്റെറും, രാജീവും മുന്നറിയിപ്പ് നല്‍കിയെങ്കിലും ഹമീദായിരുന്നു താരം. 1980-കളുടെ രണ്ടാം പകുതിയില്‍ സി- പി. എം സ്വീകരിച്ച വര്‍ഗീയവിരുദ്ധതയുടെ തനിയാവര്‍ത്തനമായി സ്വത്വവിവാദത്തെ കാണുന്നതില്‍ അപാകതയുണ്ടാവില്ല. ഏതായാലും വിവാദം "വഴിതെറ്റാതിരിക്കാന്‍" (അതായത് സ്വന്തം പിഴവുകള്‍ ജനങ്ങള്‍ തിരിച്ചറിയാതിരിക്കാന്‍) പിണറായി വിജയന്‍ ഇടപെട്ടുവെന്ന വാര്‍ത്തകള്‍ വന്നതോടെ സി.പി.എം- നെ സംബന്ധിച്ചിടത്തോളം ഈ കോലാഹലങ്ങള്‍ ഏതാണ്ട് കെട്ടടങ്ങി. മാതൃഭൂമി, മലയാളം, മാധ്യമം എന്നിവയാണ് പിന്നീട് ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോയത്. സി.പി.എം-ലെ ചര്‍ച്ചകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, സ്വത്വവാദത്തെ സംബന്ധിച്ച രണ്ടു രീതിയിലുള്ള പ്രതികരണങ്ങളാണ് പ്രധാനമായും പുറത്തുവന്നത്. ദളിത്‌ പക്ഷത്തുനിന്നുള്ളതാണ് ഇതില്‍ ഒന്നാമത്തേത്. ഉത്തരാധുനികമായ ജ്ഞാനസിദ്ധാന്തങ്ങളുടെ സ്വാധീനത്തിലുള്ള നിഗമനങ്ങളാണ് അടുത്തത്‌.വര്‍ഗവീക്ഷണത്തിനും മാര്‍ക്സിസത്തിനും എതിരായ രൂക്ഷ വിമര്‍ശനങ്ങളാണ്
ഇരുകൂട്ടരും മുന്നോട്ടുവച്ചത്. വര്‍ഗവീക്ഷണം കാലഹരണപ്പെട്ടുവെന്ന ആവര്‍ത്തനങ്ങള്‍ക്കപ്പുറം ശ്രദ്ധേയമായ നിലപാടുകളൊന്നും ഇരുകൂട്ടരും മുന്നോട്ടുവച്ചില്ല. ഇന്ത്യന്‍ സമൂഹത്തിന്റെ സവിശേഷതയായ ജാതിയെ ഉള്‍ക്കൊള്ളുന്നതിനും,മനസ്സിലാക്കുന്നതിനും വര്‍ഗവീക്ഷണം അപര്യാപ്തമാണെന്ന ദളിത്‌ സ്വത്വവാദികളുടെ നിലപാടില്‍ പുതുമയൊന്നുമില്ല. വളരെക്കാലമായി അവര്‍ ഉന്നയിക്കുന്ന ഈ വാദങ്ങള്‍ക്ക് മാര്‍ക്സിസ്റ്റുകള്‍ മറുപടി നല്‍കിയിട്ടുള്ളതാണ്. അതുകൊണ്ട്തന്നെ അവ ഇവിടെ ആവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമില്ല.

ഏകപക്ഷീയവും, യാന്ത്രികവുമായ രീതിയില്‍ വര്‍ഗവീക്ഷണത്തെ സമീപിക്കുന്നതിനെതിരെയുള്ള സാര്‍ത്ഥകമായ വിമര്‍ശനങ്ങള്‍ മാര്‍ക്സിസ്റ്റുകളുടെ ഭാഗത്തുനിന്നുതന്നെയാണ് ഉയര്‍ന്നുവന്നിട്ടുള്ളത്‌. രാഷ്ട്രീയപ്രയോഗത്തിന്റെ കാര്യത്തില്‍ മാത്രമല്ല വൈഞാനികമേഖലയിലും ഇതിനുള്ള നിരവധി ഉദാഹരണങ്ങള്‍ ലഭ്യമാണ്.

പക്ഷെ ഇവിടെ ശ്രദ്ധിക്കേണ്ട വിഷയം മറ്റൊന്നാണ്. കഴിഞ്ഞ 50- വര്‍ഷത്തിലധികമായി ഇന്ത്യന്‍ ഭരണകുടസംവിധാനത്തിന്റെ അവിഭാജ്യഘടകമായി മാറിയ സി.പി.എം-ന്റെ നിലപാടുകളെ മാര്‍ക്സിസമെന്നു മുദ്രകുത്തി വിമര്‍ശിക്കുന്ന രീതിയാണതു. ഇന്ത്യന്‍ ഭരണകുടസംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സകല കക്ഷികളും ചെയ്യുന്ന അവസരവാദവും, വഞ്ചനാപരവുമായ നിലപാടുകള്‍ മാത്രമാണ് എല്ലാ സാമൂഹികവിഷയങ്ങളിലും സി.പി.എമ്മും പിന്തുടരുന്നത്. അതിനെ മാര്‍ക്സിസം എന്ന് മുദ്രകുത്തി വിമര്‍ശിക്കുന്നത് ഒരുതരം നിഴല്‍യുദ്ധം മാത്രമാണ്. വര്‍ഗവീക്ഷണത്തെ മുഖ്യശത്രുവായി കണക്കാക്കുന്ന സ്വത്വരാഷ്ട്രീയം അഭിമുഖീകരിക്കുന്ന ദാര്‍ശനികവും, പ്രായോഗികവുമായ അന്തസാരശൂന്യതയുടെ ലക്ഷണമായി ഈ നിഴല്‍യുദ്ധത്തെ കാണാവുന്നതാണ്.യാന്ത്രികവും, എകപക്ഷീയവുമായ വര്‍ഗവീക്ഷണം പോലെ അപകടകരമാണ് ഏകപക്ഷീയവും യാന്ത്രികവുമായ സ്വത്വവാദങ്ങളും. ഇന്ത്യന്‍ ഭരണകൂടത്തിന്റെ അടിത്തറ സവര്‍ണ്ണമാണെന്ന് പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല. സവര്‍ണ്ണ പ്രത്യയശാസ്ത്രത്തിന്റെ ആവരണത്തിനുള്ളില്‍ കുടികൊള്ളുന്ന ഇന്ത്യന്‍ മുതലാളിത്തത്തിന്റെ സവിശേഷത അവഗണിക്കുന്ന സ്വത്വവാദികള്‍ നിലനില്‍ക്കുന്ന അധികാരവ്യവസ്ഥയുടെ പരിരക്ഷകര്‍ മാത്രമാണ്. ലിബറല്‍ ജനാധിപത്യം, സ്വാതന്ത്ര്യമെന്ന് പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത് മൂലധനത്തിന്റെ ക്രയവിക്രയത്തിനുള്ള സ്വാതന്ത്ര്യം മാത്രമാണെന്ന ഷീസെക്കിനെപ്പോലുള്ളവരുടെ വിശകലനം ഇത്തരത്തിലുള്ള ഇരട്ടത്താപ്പിനെ മനസിലാക്കുവാന്‍ സഹായിക്കുന്നതാണ്. കൊളോണിയല്‍ കാലഘട്ടത്തിനുശേഷം ഉരുത്തിരിഞ്ഞ ഇന്ത്യന്‍ ദേശീയ സ്വത്വം സവര്‍ണസ്വത്വം എന്ന് പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല. സവര്‍ണസ്വത്വം ഏതുതരത്തിലാണ് അതിന്റെ ആധിപത്യം ഉറപ്പിക്കുന്നത്? ഈ ആധിപത്യം ഉറപ്പിക്കുന്നതില്‍ ഭരണകൂടത്തിന്റെ പങ്കെന്താണ്? ഗാന്ധിയുടെ നേതൃത്തത്തിലുള്ള സവര്‍ണധാര സൃഷ്‌ടിച്ച കപടാവബോധത്തെ മുതലാളിത്തം എങ്ങനെയാണ് സ്വന്തം താല്പര്യത്തിനായി ഉപയോഗപ്പെടുത്തിയത്? കേരളത്തില്‍ ഉരുത്തിരിഞ്ഞ ചര്‍ച്ചകളില്‍ ഇത്തരത്തിലുള്ള വിഷയങ്ങള്‍ ആഴത്തില്‍ പരിശോധിക്കപ്പെട്ടിട്ടില്ല. കേരളത്തിലെ ധൈഷണികമണ്ഡലത്തില്‍ രൂപപ്പെടുന്ന നവയാഥാസ്ഥിതിക വാദങ്ങളുടെ ഒരു ധാരയും സ്വത്വവാദത്തിന്റെ മറവില്‍ അരങ്ങേറുന്നതും ഈ ചര്‍ച്ചയുടെ സവിശേഷതയായി കാണാവുന്നതാണ്. സ്വത്വവാദത്തിന്റെ മറവില്‍ കേരളത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിന്റെ നാഴികക്കല്ലായി വിമോചനസമരത്തെ ഉയര്‍ത്താനുള്ള ടി.ടി. ശ്രീകുമാറിന്റെ ശ്രമങ്ങള്‍ (മാതൃഭുമി ദിനപ്പത്രം, മാധ്യമം ആഴ്ച്ചപ്പതിപ്പ്) ഇതിനുള്ള ദ്ര്യഷ്ടാന്തങ്ങളാണ്. ജെ.രെഘു, എം,ജി,എസ്സ്.നാരായണന്‍ തുടങ്ങിയവര്‍ കുറച്ചുകാലമായി ശ്രമിക്കുന്നതിന്റെ തുടര്‍ച്ച തന്നെയാണ് ശ്രീകുമാറും നിറവേറ്റുന്നത്. "നായാടി മുതല്‍ നമ്പൂതിരിവരെ" ഒരുമിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ സ്വത്വവാദത്തിനുശേഷം സമാനമായ ഒരു കുതിച്ചുചാട്ടം നടത്തിയിരിക്കുന്നത് ശ്രീകുമാറാണെന്ന സവിശേഷത എന്നാല്‍ കാണാതിരുന്നുകൂട.കത്തോലിക്കതിരുസഭയും, എന്‍.എസ്സ്.എസ്സും, എസ്സ്. എന്‍. ഡി.പിയും, ജമ അത്തും, ദളിതരുമെല്ലാം വര്‍ഗരാഷ്ട്രീയത്തിനെതിരെ ഒരുമിക്കുന്ന നവജനാധിപത്യത്തെകുറിച്ചാണ് ശ്രീകുമാരന്റെ സ്വപ്നം. വിമോചനസമരകാലത്ത് വ്യാപകമായി ഉയര്‍ന്നുകേട്ട "തമ്പ്രാനെന്നു വിളിപ്പിക്കും, പാളേല്‍ കഞ്ഞി കുടിപ്പിക്കും" - എന്ന മുദ്രാവാക്യത്തെ നവജനാധിപത്യത്തിന്റെ ഏതു ഗണത്തില്‍പെടുത്തുമെന്നു വരാനിരിക്കുന്ന നാളുകളില്‍ ഈ വിദ്വാന്‍ "അപനിര്‍മിക്കുമെന്നു" പ്രത്യാശിക്കാം.




No comments:

Post a Comment