Tuesday, March 29, 2011

മാവോയിസ്റ്റ് പാര്‍ടി*



മാവോയിസ്റ്റ് പാര്‍ടി*
അജിത്ത്
സിപിഎം ആഭാസം മലീമസമാക്കിയ വര്‍ത്തമാന രാഷ്ട്രീയാന്തരീക്ഷത്തില്‍ തൊഴിലാളിവര്‍ഗ മുന്നണിപ്പടസങ്കല്‍പം മാധ്യമസംവാദത്തിലും സ്ഥാനംനേടിയിരിക്കുന്നു. ഉദാരവല്‍ക്കരണ പ്രതിപത്തിയോടൊപ്പം സിപിഎം നേതൃത്വത്തിന്റെ ഉദ്യോഗസ്ഥമേധാവിത്വ നിയന്ത്രണവും ശക്തമാകുമ്പോള്‍ മാര്‍ക്‌സിസത്തിന്റെ പാര്‍ടി സങ്കല്‍പമായി ഇത് തെറ്റിധരിച്ച് (തെറ്റിധരിപ്പിച്ചും) ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. ഈ പാര്‍ടിയുടെ തെളിഞ്ഞുവരുന്ന ഭരണവര്‍ഗ സ്വഭാവത്തില്‍ അമ്പരന്ന എംഎന്‍ വിജയന്റെ വിമര്‍ശനവൈകൃതവും (പാര്‍ടിക്കുള്ളില്‍ 'കാറ്റും വെളിച്ചവും കയറ്റിവിട്ട'താണ് പ്രശ്‌നം) ഇവിടെ ഓര്‍ക്കാം. മറുവശത്ത്, പുതിയ സമൂഹത്തിന്റെയും മനുഷ്യരുടെയും സൃഷ്ടിക്ക്് മുന്നണിപ്പടയാകാന്‍ ഒരു സംഘടനക്കുണ്ടാകേണ്ട ഗുണങ്ങള്‍, അതിന് അനുയോജ്യമായ പാര്‍ടി നിര്‍മ്മാണം, തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യത്തില്‍ പാര്‍ടിക്കുള്ള സ്ഥാനം എന്നിവയെ കേന്ദ്രീകരിച്ച് മാവോയിസ്റ്റു ചേരിക്കുള്ളില്‍ ഇന്ന് നടക്കുന്ന ആശയസമരവും പാര്‍ടി സങ്കല്‍പത്തിന്റെ വിഷയം തന്നെയാണ് ഉന്നയിക്കുന്നത്. മാവോയിസ്റ്റ് പാര്‍ടി ആകാതെ ഒരു തൊഴിലാളിവര്‍ഗ പാര്‍ടിക്ക് ഇന്ന് അതിന്റെ കമ്മ്യൂണിസ്റ്റ് ഗുണം നിലനിര്‍ത്താന്‍ കഴിയുമോ? കമ്മ്യൂണിസ്്്റ്റ് പാര്‍ടിക്കുള്ള മറ്റൊരു പേരു മാത്രമാണോ മാവോയിസ്റ്റ് പാര്‍ടി? അതല്ല, സ്വഭാവത്തിലും പ്രവര്‍ത്തനരീതികളിലും ശൈലിയിലും പുതിയത് എന്തെങ്കിലും അതിലുണ്ടോ?

മുതലാളിത്ത യുഗത്തില്‍ വര്‍ഗങ്ങളുടെയും അവയിലെ വ്യത്യസ്ത വിഭാഗങ്ങളുടെയും താല്‍പര്യങ്ങള്‍ പ്രകടിപ്പിക്കാനും സാക്ഷാത്കരിക്കാനുള്ള പ്രധാന ഉപകരണം രാഷ്ട്രീയപാര്‍ടി എന്ന സാമൂഹ്യ സംഘടനാരൂപമാണ്. ശത്രുവര്‍ഗങ്ങളോട് എതിര്‍ത്ത് തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ തൊഴിലാളിവര്‍ഗവും സ്വന്തം പാര്‍ടി രൂപീകരിക്കണം എന്ന മാര്‍ക്‌സിന്റെ തിരിച്ചറിവിന് ലെനിന്‍ ശാസ്ത്രീയ സിദ്ധാന്തം ആവിഷ്കരിച്ച് പ്രയോഗത്തിലൂടെ അത് പരീക്ഷിച്ചു സ്ഥാപിച്ചു. ഒരു സ്ഥിരംതൊഴിലുപോലെ വിപ്ലവപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരാണ് ലെനിനിസ്റ്റ് പാര്‍ടി സങ്കല്‍പത്തിലെ ദൃഢകാമ്പ്. തൊഴിലാളിവര്‍ഗത്തെ അടക്കിഭരിക്കുന്ന വരേണ്യ മേല്‍തട്ടിന് ഇത് ജന്മംകൊടുക്കുന്നതായി വിമര്‍ശനമുണ്ട്. തൊഴിലാളികള്‍ക്ക് സ്വയോത്ഭവമായി തങ്ങളുടെ വിമോചന ആശയശാസ്ത്രത്തില്‍ എത്തിചേരാനാവില്ല, അത് പുറമേ നിന്ന് എത്തിക്കണം എന്ന ലെനിന്റെ നിലപാടു തന്നെ വരേണ്യതയുടെ ആഘോഷമാണെന്നും തൊഴിലാളികളുടെ ശേഷിയെ താഴ്ത്തികെട്ടുന്ന ഈ സമീപനത്തിന്റെ മുര്‍ത്തരൂപമാണ് ലെനിനിസ്റ്റ് പാര്‍ടി സങ്കല്‍പം എന്ന ആരോപണവുമുണ്ട്. ഇതെല്ലാം ബോള്‍ഷെവിക്ക് പാര്‍ടിയില്‍ പ്രകടമാകുന്നതിനെ ലെനിന്റെ വ്യക്തിഗുണം തടഞ്ഞുനിര്‍ത്തീയെങ്കിലും അദ്ദേഹത്തിന്റെ മരണത്തോടെ ലെനിനിസ്റ്റ് പാര്‍ടി സങ്കല്‍പത്തിന്റെ സകല ദോഷങ്ങളും സ്റ്റാലിന്റെ നേതൃത്വത്തിന്‍ കീഴില്‍ ഭീകര താണ്ഡവമാടിയെന്നും ചിലര്‍ വാദിക്കുന്നു. (പിയേഴ്‌സണ്‍, മാതൃഭൂമി -87/3, മാര്‍ച്ച് 29, 2009). ഇങ്ങനെയുള്ള വിമര്‍ശനങ്ങളുടെ പരിശോധനയിലേക്ക് കടക്കും മുമ്പ് ലെനിനിസ്റ്റ് പാര്‍ടി സങ്കല്‍പം രൂപപ്പെട്ടുവന്ന കാലഘട്ടത്തില്‍ തന്നെ ഈ വിഷയത്തെ കുറിച്ച് നടന്ന ആശയസമരങ്ങള്‍ പരിചയപ്പെടാം. അവിഭക്ത റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ (അന്ന്, റഷ്യ സോഷ്യല്‍ ഡെമോക്രാറ്റിക്ക് ലേബര്‍ പാര്‍ടി) രണ്ടാം കോണ്‍ഗ്രസില്‍ പാര്‍ടി ഭരണഘടനയെ കുറിച്ച് നടന്ന ചര്‍ച്ചയാണ് തുടക്കം. ലെനിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ അമിതകേന്ദ്രീകരണത്തിന് കാരണമാകും എന്ന് വിമര്‍ശിച്ച വലതുപക്ഷത്തിന് (ഇതില്‍ ട്രോട്‌സ്കിയും ഉണ്ടായിരുന്നു) ഏതെങ്കിലും ഘടകത്തില്‍ ഉള്‍ച്ചേര്‍ന്ന് പ്രവര്‍ത്തനത്തില്‍ പങ്കെടുക്കണം എന്ന ലെനിന്റെ അംഗത്വമാനദണ്ഡം പോലും അനാവശ്യ കേന്ദ്രീകരണമായിരുന്നു. സഹായിക്കുന്നവരെയൊക്കെ അംഗങ്ങളായി കരുതാം എന്ന, ഒഴിവുസമയ പ്രവര്‍ത്തകരുടെ ഒരു അയഞ്ഞ സംഘടനാരൂപമായി പാര്‍ടിയെ മാറ്റുന്ന, ബദല്‍ നിര്‍ദ്ദേശമാണ് അവര്‍ക്കുണ്ടായിരുന്നത്. ഇതായിരുന്നു ലെനിനും പ്രതിയോഗികളും തമ്മിലുള്ള അടിസ്ഥാന സമീപന വ്യത്യാസം.

രാഷ്ടീയാധികാരം പിടിച്ചെടുക്കുന്ന വിപ്ലവ പ്രസ്ഥാനത്തിന്റെ മുന്‍നിര പ്രവര്‍ത്തകരാകാന്‍ സന്നദ്ധരായവരുടെ, അതിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെയ്ക്കുകയും അതിലൂടെ അവശ്യമായ നേതൃത്വശേഷിയും പാടവവും വികസിപ്പിക്കുന്നവരുടെ, സംഘടനയാണ് വേണ്ടത് എന്ന വ്യക്തതയില്‍ നിന്നാണ് ലെനിന്റെ പാര്‍ടി സങ്കല്‍പം രൂപംകൊണ്ടത്. ഒരു തരത്തിലുമുള്ള പരസ്യപ്രവര്‍ത്തനം അനുവദിക്കാത്ത സാറിസ്റ്റ് റഷ്യയില്‍ സുസജ്ജമായ ഒരു രഹസ്യപോലീസിനെ വെട്ടിച്ച് പ്രവര്‍ത്തിക്കേണ്ട സവിശേഷ സാഹചര്യം തീര്‍ച്ചയായും ഇതില്‍ വലുതായ സ്വാധീനം ചെലുത്തി. പാര്‍ടി നേതൃഘടകത്തിന്റെ പൂര്‍ണ്ണ കേന്ദ്രീകരണത്തിലും, വ്യത്യസ്ത കടമകള്‍ വിവിധ പാര്‍ടി സമിതികള്‍ക്കിടയിലും സമിതിയിലെ അംഗങ്ങള്‍ക്കിടയിലും വീതിക്കുന്ന, ആധുനിക ഫാക്ടറിയിലെ തൊഴില്‍വിഭജനം പോലെ കര്‍ക്കശമായ, പ്രവൃത്തിവിഭജനത്തിലും ലെനിന്‍ ഊന്നിയതില്‍ ഇങ്ങനെയുള്ള സവിശേഷതകള്‍ കാണാം. അതേസമയം, റഷ്യന്‍ പ്രത്യേകതകളെ മുന്‍നിര്‍ത്തി ആവിഷ്കരിച്ച ഈ സമീപനം അന്ന് ആധിപത്യത്തിലുണ്ടായിരുന്ന 2-ാം ഇന്റര്‍നാഷണല്‍ പാര്‍ടിസങ്കല്‍പത്തോട് പരോക്ഷമായി കലഹിക്കുന്നുമുണ്ടായിരുന്നു. പാര്‍ടി പ്രശ്‌നത്തില്‍ ലെനിന്‍ തന്റെ സമകാലികരില്‍ നിന്ന് വേര്‍തിരിയുന്നത് ഇവിടെയാണ്. കടുത്ത വലതുപക്ഷത്തേക്കു നീങ്ങിയവരെ മാറ്റിനിര്‍ത്തി, റോസാ ലക്‌സംബര്‍ഗും, പിന്നീടൊരു ഘട്ടത്തില്‍ കുറച്ചുകാലത്തേക്ക് വിപ്ലവപക്ഷത്തോട് ചേര്‍ന്ന ട്രോട്‌സ്കിയും, ലെനിനെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ പരിശോധിച്ച് ഇത് സ്്പഷ്ടമാക്കാം.

റഷ്യന്‍ വിപ്ലവ പ്രസ്ഥാനത്തിലെ "അതികേന്ദ്രീകരണ' പ്രവണതയുടെ പ്രതിനിധിയെന്നാണ് ലക്‌സംബര്‍ഗ് ലെനിനെ വിശേഷിപ്പിച്ചത്. വിപ്ലവ ബഹുജനപ്രസ്ഥാനവും പാര്‍ടിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അവര്‍ക്കുണ്ടായിരുന്ന വീക്ഷണമായിരുന്നു ഈ വിമര്‍ശനത്തിന് ആധാരം. ലക്‌സംബര്‍ഗിന്റെ അഭിപ്രായത്തില്‍, ""തൊഴിലാളി പ്രസ്ഥാനത്തിന്റെ ഘട്ടമേതെന്ന് നോക്കാതെ നടപ്പാക്കേണ്ട കേവലമായ ഒന്നല്ല സോഷ്യലിസ്റ്റ് അര്‍ത്ഥത്തിലുള്ള കേന്ദ്രീകരണം. അതൊരു പ്രവണതയാണ്, തങ്ങളുടെ സമരങ്ങളുടെ ഗതിയിലൂടെ അദ്ധ്വാനിക്കുന്ന ബഹുജനങ്ങള്‍ ആര്‍ജിക്കുന്ന വികാസത്തിനും രാഷ്ട്രീയ പരിശീലനത്തിനും അനുപാതികമായി യാഥാര്‍ത്ഥ്യമാകുന്ന ഒന്ന്.''; ""സോഷ്യല്‍ ഡെമോക്രസിയെ തൊഴിലാളിവര്‍ഗ സംഘടനയോട് കൂട്ടിചേര്‍ക്കുകയല്ല. അതുതന്നെയാണ് തൊഴിലാളിവര്‍ഗം. അതുകൊണ്ട് സോഷ്യല്‍ ഡെമോക്രാറ്റിക്ക് കേന്ദ്രീകരണം ബ്ലാന്‍ക്വിസ്റ്റ് കേന്ദ്രീകരണത്തില്‍ നിന്ന് സത്തയില്‍ തന്നെ വ്യത്യസ്തമാണ് ... ഒരര്‍ത്ഥത്തില്‍ അത് തൊഴിലാളിവര്‍ഗത്തിലെ മുന്നിട്ടു നില്‍ക്കുന്ന വിഭാഗങ്ങളുടെ "സ്വയമേയുള്ള കേന്ദ്രീകരണം' ആണ്. സ്വന്തം പാര്‍ടിക്കുള്ളില്‍ ഭൂരിപക്ഷത്തിന്റെ ഭരണം.''("റഷ്യന്‍ സോഷ്യല്‍ ഡെമോക്രസിയിലെ സംഘടനാപ്രശ്‌നങ്ങള്‍') കമ്മ്യൂണിസ്റ്റ് പാര്‍ടി കേന്ദ്രീകരണത്തിന്റെ സ്വമേധയായുള്ള സ്വഭാവം എടുത്തുപറയുന്ന ഈ അഭിപ്രായങ്ങളില്‍, മുന്നിട്ടുനില്‍ക്കുന്നവരും വര്‍ഗവും, പാര്‍ടിയും വിശാല വിപ്ലവപ്രസ്ഥാനവും തമ്മിലുള്ള വേര്‍തിരിവുകള്‍ ഏറെക്കുറെ നിഷേധിക്കപ്പെടുന്നുണ്ട്. ""തൊഴില്‍വിഭജനത്തെ ഒരു സംഘാടകതത്വമായി കരുതാമെങ്കില്‍, ഒരു ഫാക്ടറിക്കുള്ളില്‍ മാത്രമെ അത് കഴിയൂ, ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിയില്‍ ഇത് ഒരിക്കലും കഴിയില്ല, നമ്മുടേതു പോലുള്ള ഒന്നില്‍ അത്രപോലും പറ്റില്ല - തൊഴില്‍വിഭജനത്തിന്റെ "തത്വം' തൊഴിലാളിവര്‍ഗത്തിന്റെ വര്‍ഗബോധം വികസിപ്പിക്കുന്നത് സ്വന്തം കടമയാക്കിയ സംഘടനക്ക് ഒരര്‍ത്ഥത്തിലും സ്വാഭാവികമല്ല എന്ന് സ്പഷ്ടമല്ലേ...'' എന്ന് ചോദിച്ച ട്രോട്‌സ്കിയുടെ വീക്ഷണത്തിലും ഈ വേര്‍തിരിവ് നേര്‍ത്തുപോകുന്നത് കാണാം. ("നമ്മുടെ രാഷ്ട്രീയ കടമകള്‍ - ഭാഗം 3, സംഘടനാ പ്രശ്‌നങ്ങള്‍') "സ്വമേധയാ' എന്ന് പറയുന്നുണ്ടങ്കിലും അത് "സ്വയോത്ഭവം' എന്നതിന് പര്യായമാവുകയാണ്, ഫലത്തില്‍.

പാര്‍ടിയിലെ കേന്ദ്രീകരണത്തിന്റെ സ്വയമേയുള്ള സ്വഭാവത്തെ ലെനിന്‍ നിഷേധിക്കുന്നില്ല. അടിച്ചേല്‍പ്പിക്കുന്നതല്ല, എല്ലാവരും സ്വയം വരിക്കുന്ന ഒന്നാണത.്് വിപ്ലവത്തിന്റെ ആവശ്യം മനസ്സിലാക്കി ബോധപൂര്‍വ്വം സ്വീകരിക്കുന്ന ഒന്ന്. അതാണ് ലെനിന്റെ ധാരണയിലെ സ്വമേധയായുള്ള കേന്ദ്രീകരണം. സമരങ്ങളുടെ ഗതിയിലൂടെ യാഥാര്‍ത്ഥ്യമാകേണ്ട ലക്‌സംബര്‍ഗിന്റെ "പ്രവണത'ക്കു പകരം, ലെനിനെ സംബന്ധിച്ചിടത്തോളം ആരംഭം മുതല്‍ ബോധപൂര്‍വ്വം സ്ഥാപിച്ചെടുക്കേണ്ട, പരിശീലിക്കേണ്ട ഒന്നാണ്, പ്രവൃത്തിവിഭജനം ഉള്‍പ്പെടെയുള്ള, കേന്ദ്രീകൃത പാര്‍ടിയുടെ പ്രവര്‍ത്തനരീതികള്‍. അതുപക്ഷെ വിപ്ലവസ്വയോത്ഭവതയുടെ അനുകൂലാംശത്തെ നിഷേധിക്കുന്നില്ല. വിപ്ലവം സംഘടിപ്പിച്ച് വിജയിപ്പിക്കാന്‍ എന്തുതരം സംഘടനവേണം, ഇതായിരുന്നു ലെനിന്റെ ആരംഭബിന്ദു. ഇങ്ങനെയൊക്കെയാകണം വിപ്ലവം, ഇങ്ങനെയൊക്കെയാകണം തൊഴിലാളിവര്‍ഗവും അതിന്റെ ബോധവികാസവും എന്ന എന്തെങ്കിലും സങ്കല്‍പത്തില്‍ നിന്നല്ല, ശത്രുവിന്റെയും ബഹുജനങ്ങളുടെയും യഥാര്‍ത്ഥ അവസ്ഥയില്‍ നിന്നാണ് ഇതില്‍ എത്തിചേര്‍ന്നത്. 1905ലെ വിപ്ലവമുന്നേറ്റത്തിന്റെ സാഹചര്യത്തില്‍, അതുവരെ താന്‍ ആവശ്യപ്പെട്ട കര്‍ക്കശ കേന്ദ്രീകരണത്തിനും പരിശോധിച്ചുള്ള പ്രവേശനത്തിനും പകരം, സമരോത്സുക തൊഴിലാളി ബഹുജനങ്ങളെ ആകാവുന്നത്ര ഉള്‍ചേര്‍ക്കാന്‍ പര്യാപ്തമായ സംഘടനാരീതികള്‍ക്ക് ലെനിന്‍ വാദിച്ചു. ലെനിനിസത്തെ ലെനിന്‍ തന്നെ നിഷേധിക്കുകയായിരുന്നില്ല, ഇതാണ് ലെനിനിസം. പുതിയ സാഹചര്യത്തില്‍ ബഹുജനങ്ങളുടെ വിപ്ലവ ഉത്സാഹം നല്‍കുന്ന ഊര്‍ജ്ജം അവരുടെ ആശയശാസ്ത്ര-രാഷ്ട്രീയ ദൗര്‍ബല്യങ്ങളെ വലിയൊരു പരിധിവരെ കവച്ചുനില്‍ക്കും എന്ന വിലയിരുത്തലാണ് അവിടെ ലെനിനെ നയിച്ചത്. ജനങ്ങളിലുള്ള അഗാധ വിശ്വാസവും, വിപ്ലവപ്രസ്ഥാനത്തിലെ ബോധപൂര്‍വ്വ നീക്കങ്ങളും സ്വയോത്ഭവതയും തമ്മിലുള്ള ബന്ധത്തെ വൈരുദ്ധ്യാത്മകമായി ഉള്‍ക്കൊണ്ടതുമായിരുന്നു ഇവിടെ ദൃശ്യമായത്. തീര്‍ച്ചയായും, 'ഘട്ടമേതെന്ന് നോക്കാതെ' നടപ്പാക്കുന്ന കേവലമായ ഒന്നല്ല ലെനിനിസ്റ്റ് കേന്ദ്രീകരണവും സംഘടനാചട്ടങ്ങളും. മുഴുവന്‍ പാര്‍ടിയംഗത്വത്തിന്റെയും, അതിനുമപ്പുറം സാധ്യമാകുന്നത്ര ബഹുജനങ്ങളുടെയും ബോധതലം ഉയര്‍ത്തുന്ന കടമ കൈയൊഴിയുന്നതല്ല അതിന്റെ പ്രവൃത്തിവിഭജനം.

താന്‍ ആവിഷ്കരിച്ച മുന്നണിപ്പടസങ്കല്‍പവും സംഘാടനരീതികളും വൈരുദ്ധ്യാധിഷ്ഠിതമായി കൈകാര്യം ചെയ്ത ലെനിന്റെ മികവ് പില്‍ക്കാല സാര്‍വ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കൈമോശംവന്നോ? പിയര്‍സണ്‍ ചെയ്യുന്നപോലെ നേതാക്കളുടെ വ്യക്തിഗുണങ്ങള്‍ തേടിപ്പോകുന്നതിനു പകരം ഇങ്ങനെയുള്ള വീക്ഷണവ്യത്യാസങ്ങള്‍ മനസിലാക്കുന്നതായിരിക്കും ഉപകാരപ്രദമാവുക. സ്ഥലകാലഭേദമില്ലാതെ ബോള്‍ഷെവിക്ക് പാര്‍ടിചട്ടങ്ങള്‍ സാര്‍വ്വത്രികമാതൃകയാകുന്നതിലെ ദോഷത്തെ കുറിച്ച് ലെനിന്‍ ആശങ്കപ്പെട്ടിരുന്നു. 3-ാം ഇന്റര്‍നാഷണലിലെ (കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍-കോമിന്റേണ്‍) ചര്‍ച്ചകളില്‍ ഇടപെട്ട്, അത് തയ്യാറാക്കിയ സംഘടനാ ചട്ടങ്ങള്‍ക്ക് വല്ലാത്ത റഷ്യന്‍ ചുവയുള്ളതായും മറ്റു രാജ്യങ്ങളിലെ സഖാക്കള്‍ക്ക് ഇതൊക്കെ ശരിയായി മനസിലാക്കാന്‍ കഴിയുമോ എന്നുമൊക്കെ ലെനിന്‍ പറയുന്നുണ്ട്. 2-ാം ഇന്റര്‍നാഷണലിന്റെ അയഞ്ഞ സംഘടനാരീതികളില്‍ നിന്നു തെറ്റിപിരിയാനുള്ള അന്നത്തെ തിരക്കില്‍ ഇത് അത്ര കാര്യമായില്ല. ലെനിനും ഇത് പിന്നീട് പരിശോധിച്ചില്ല. അതേസമയം റഷ്യയില്‍ ഭരണകക്ഷിയായി മാറിയ കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ കൂടുതല്‍ കര്‍ക്കശമായ കേന്ദ്രീകരണം ആവശ്യമായിത്തീരുകയും ചെയ്തു. റഷ്യയിലെ വിപ്ലവഭരണകൂടത്തിന്റെ നിലനില്‍പ്പിന് പാര്‍ടിയുടെ ഉരുക്കുപോലുള്ള ഐക്യം അത്യന്താപേക്ഷിതമായ സാമ്രാജ്യത്വ ഇടപെടലിന്റെയും ആഭ്യന്തരയുദ്ധത്തിന്റെയും കാലഘട്ടമായിരുന്നു അത്. ഇത്തരമൊരു സാഹചര്യത്തിലാണ് റഷ്യന്‍ പാര്‍ടിയുടെ 10-ാം കോണ്‍ഗ്രസില്‍ പാര്‍ടിക്കുള്ളില്‍ അന്നേവരെ അനുവദിച്ചിരുന്ന ഗ്രൂപ്പുകളും അവയുടെ പ്രസിദ്ധീകരണങ്ങളുമൊക്കെ നിര്‍ത്തലാക്കാന്‍ തീരുമാനിക്കുന്നത്. ഇത് പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ടി സംഘടനാതത്വത്തിന്റെ ഒരു അടിസഥാനമായി. ഈ സന്ദര്‍ഭത്തിലും, പശ്ചിമ യൂറോപ്പ്യന്‍ രാജ്യങ്ങളിലെ വിപ്ലവ മുന്നേറ്റം ആസന്നമാണെന്ന ധാരണയിലാണ് ലെനിനും റഷ്യന്‍ പാര്‍ടിയും കോമിന്റേണും പ്രവര്‍ത്തിച്ചിരുന്നത്. ഇതിന് സാധൂകരണം നല്‍കുന്നതായിരുന്നു വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍. മേല്‍പറഞ്ഞ തീരുമാനങ്ങളില്‍ ഈ അടിയന്തിരത്വം തീര്‍ച്ചയായും സ്വാധീനം ചെലുത്തിയിരിക്കും. അന്ന് രൂപംകൊണ്ട വിപ്ലവപരിതസ്ഥിതി പിന്നീട് പിന്മാറി. പുതിയ സാഹചര്യത്തില്‍ എങ്ങനെ മുന്നേറണം എന്ന് നിശ്ചയിക്കാന്‍ ആകെമൊത്തത്തിലുള്ള ഒരു വിലയിരുത്തല്‍ നടത്തണമെന്ന് ലെനിന്‍ പറയുന്നുണ്ട്. അതിലേക്ക് കടക്കാന്‍ കഴിയും മുമ്പ്, പക്ഷെ വെടിയേറ്റ് കിടപ്പിലാവുകയും മരിക്കുകയും ചെയ്തു. വിലയിരുത്തലിന് താന്‍ മനസ്സില്‍കണ്ട വിഷയങ്ങളില്‍ പാര്‍ടി സങ്കല്‍പവും സംഘടനാചട്ടങ്ങളും ലെനിന്‍ ഉള്‍പ്പെടുത്തിയിരുന്നോ എന്ന് വ്യക്തമല്ല. ഏതായാലും അത്തരമൊരു പരിശോധനയല്ല പിന്നീടുണ്ടായത്. സവിശേഷ സാഹചര്യങ്ങളില്‍ സ്വീകരിച്ച ചട്ടങ്ങളും പ്രവര്‍ത്തനരീതികളും വളരെ യാന്ത്രികമായി സൈദ്ധാന്തവല്‍ക്കരിക്കപ്പെട്ടു.

സ്റ്റാലിന്റെ യാന്ത്രികവാദ തെറ്റുകളില്‍ പ്രമുഖമാണ് ഏകശിലാപാര്‍ടി സങ്കല്‍പം. മാവോ വിമര്‍ശിക്കുന്നതു വരെ ഇതായിരുന്നു കമ്മ്യൂണിസ്റ്റ് പ്രസ്ഥാന ത്തിന്റെ മാതൃക. ചോദ്യംചെയ്യാനാവാത്ത, തെറ്റുസംഭവിക്കാത്ത, ഒരു ശക്തിയായി പാര്‍ടിയെ പൂജിക്കുന്ന മനോഭാവവും ശക്തമായി. സോഷ്യലിസത്തിലെ ആന്തരിക വര്‍ഗവൈരുദ്ധ്യങ്ങളും വര്‍ഗസമരവും നിഷേധിച്ച യാന്ത്രിക ധാരണയുടെ സ്വാധീനമാണ് സ്റ്റാലിന്റെ പാര്‍ടിസങ്കല്‍പത്തിലും കാണുന്നത്്. സജീവ വൈരുദ്ധ്യങ്ങളുടെ ഒരു ഇടമായി, ബാഹ്യവും ആന്തരികവുമായ വൈരുദ്ധ്യങ്ങളുമായി ഏറ്റുമുട്ടി സാമൂഹ്യനേതൃസ്ഥാനവും പ്രസക്തിയും നിരന്തരം പുതുക്കേണ്ട ഒന്നായി അല്ല പാര്‍ടി മനസിലാക്കപ്പെട്ടത്. ആശയസമരം ഔപചാരികമായി. ജനാധിപത്യ കേന്ദ്രീകരണം ആധിപത്യ/വിധേയത്വ ബന്ധങ്ങളില്‍ മരവിച്ചു. സ്വാഭാവികമായും, അധികാരത്തിലുള്ള പാര്‍ടിയിലും അല്ലാത്തവയിലും ഇത് ഒരേപോലെയായിരുന്നില്ല. ശത്രുവിന്റെ അടിച്ചമര്‍ത്തല്‍ അതിജീവിച്ച് പ്രവര്‍ത്തിക്കണ്ടിയിരുന്ന സാഹചര്യം ജനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടത് ആവശ്യമാക്കി, സ്വയംപരിശോധനയും തിരു ത്തലും ഇതിനുള്ള ആശയസമരങ്ങളും പാര്‍ടി അന്തരീക്ഷത്തെ സജീവമാക്കി. അവിടെയും പക്ഷെ ഏകശിലാപാര്‍ടി സങ്കല്‍പത്തിന്റെ ഞരുക്കം കൂടെയുണ്ടായിരുന്നു. ആശയശാസ്ത്ര തെറ്റുതിരുത്തലിലല്ല പുറന്തള്ളലിലായിരുന്നു ഊന്നല്‍. പാര്‍ടി മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് ദിശയില്‍ തുടരുന്നിടത്തോളം കാലം, കമ്മ്യൂണിസ്റ്റ് ഗുണം നഷ്ടപ്പെട്ടവരെ നീക്കംചെയ്യുന്നതായിരുന്നു അതിലെ പുറന്തള്ളലിന്റെ പൊതുസ്വഭാവമെങ്കിലും, ആശയശാസ്ത്ര തെറ്റുതിരുത്തലിനെ അപേക്ഷിച്ച് ഇതില്‍ സംഘടനാനടപടി സ്വഭാവവും ഊന്നലും മുഴച്ചുനിന്നു. ഈ നിഷേധാത്മക അനുഭവത്തില്‍ നിന്ന്, അതിന് ആധാരമായ യാന്ത്രിക ധാരണയില്‍ നിന്നുള്ള തെറ്റിപിരിയലാണ് മാവോ സാധ്യമാക്കിയത്. മുന്നണിപ്പട സങ്കല്‍പത്തിന്റെ ഒരു പുതുക്കിപണിയല്‍. തൊഴിലാളിവര്‍ഗ നേതൃത്വപദവിയുടെ വൈരുദ്ധ്യാത്മകത കൂടുതല്‍ ആഴത്തില്‍, സങ്കീര്‍ണ്ണതയില്‍, മനസിലാക്കാനും അത് വഴിതുറന്നു.

പാര്‍ടി പ്രശ്‌നത്തിലെ മാവോയുടെ സമീപനവ്യത്യാസം ആദ്യകൃതികളില്‍ തന്നെ കാണാം. 1927ലെ ഹൂനാന്‍ കര്‍ഷക പ്രസ്ഥാനത്തെകുറിച്ചുള്ള റിപ്പോര്‍ട്ടില്‍, കലാപകാരികളായ കര്‍ഷകര്‍ക്ക് നേതൃത്വം കൊടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ഏതൊരു വിപ്ലവ പാര്‍ടിയും പിന്തള്ളപ്പെടും എന്ന് മാവോ നിരീക്ഷിച്ചു. മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടില്‍ പിന്നാക്കരായ കര്‍ഷകര്‍ തൊഴിലാളിവര്‍ഗ പാര്‍ടിയുടെ വിപ്ലവസ്വഭാവം പരീക്ഷിച്ച് നിശ്ചയിക്കുമെന്ന് പറയുമ്പോള്‍, കീഴ്‌മേല്‍മറിയുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃസ്ഥാനം സംബന്ധിച്ച കേവലധാരണകളാണ്. തൊഴിലാളിവര്‍ഗത്തിന്റെ ചരിത്രപരമായ നേതൃസ്ഥാനവും, മുന്നണിപ്പട സങ്കല്‍പനവും പ്രശ്‌നവല്‍ക്കരിക്കാനുള്ള ഇടമാണിത് നല്‍കിയത്.

മുതലാളിത്തത്തെ (ഇന്ന് അതിന്റെ ഉന്നതഘട്ടമായ സാമ്രാജ്യത്വത്തെ) നശിപ്പിക്കുന്ന ചരിത്രമുന്നേറ്റത്തില്‍ മറ്റു വര്‍ഗങ്ങളും സാമൂഹ്യവിഭാഗങ്ങളും പ്രധാനപങ്കാളികളാവുമെങ്കിലും ഇവര്‍ക്ക് നേതൃത്വപരമായ പങ്കുവഹിക്കാനാവില്ല. കാരണം ഇവരുടെയെല്ലാം മോചനവിഷയങ്ങള്‍ - ഭൂരഹിത കര്‍ഷകര്‍ക്ക് ഭൂനിഷേധം, ദളിതര്‍ക്ക് ജാത്യാധിപത്യം, ആദിവാസികള്‍ക്ക് വംശാധിപത്യം, സ്ത്രീകള്‍ക്ക് പുരുഷാധിപത്യം, ജനതകള്‍ക്ക് ദേശീയമര്‍ദ്ദനം എന്നിങ്ങനെ - സവിശേഷവും, അതുകൊണ്ട് ഭാഗികവുമാണ്. മുതലാളിത്തത്തിന്റെ സൃഷ്ടിയായ തൊഴിലാളിവര്‍ഗത്തിന്റെ സ്ഥിതി ഇതല്ല. ജാതി-ജന്മിത്തം പോലുള്ള മുന്‍ചൂഷക വ്യവസ്ഥകളില്‍ നിന്ന് വ്യത്യസ്തമാണ് മുതലാളിത്ത ബന്ധനം. വയറിന്റെവിളിയല്ലാതെ മറ്റൊരു നിര്‍ബന്ധവും അത് തൊഴിലാളികള്‍ക്കുമേല്‍ ചുമത്തുന്നില്ല. തത്വത്തില്‍ അവര്‍ സ്വതന്ത്രരായതുകൊണ്ട് പ്രത്യേകമായൊരു മോചനം സാധ്യമല്ല. എല്ലാവിധത്തിലുമുള്ള ചൂഷണവും ആധിപത്യവും അവസാനിപ്പിക്കണം. മുഴുവന്‍ മാനവരാശിയുടെയും മോചനം ഈ വര്‍ഗത്തിന്റെ മോചനത്തിനുള്ള മുന്നുപാധിയാകുന്നു. ചൂഷണരഹിതമായ ഒരു ലോകം യാഥാര്‍ത്ഥ്യമാകുന്നതുവരെ പോരാട്ടം തുടരാന്‍ ബാധ്യസ്ഥമാകുന്ന ഇങ്ങനെയുള്ള വസ്തുനിഷ്ഠ സാമൂഹ്യസ്ഥാനത്തില്‍നിന്ന് സിദ്ധമാകുന്നതാണ് തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വസ്ഥാനം.

തൊഴിലാളിവര്‍ഗനേതൃത്വം സംബന്ധിച്ച മാര്‍ക്‌സിസ്റ്റ് ധാരണ കേവലമാക്കിയാല്‍ തീര്‍ച്ചയായും വിഗ്രഹവല്‍ക്കരണമാകും ഫലം (സന്ദീപന്‍, മുന്നണിപ്പോരാളി 131). സാര്‍വ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ (ഇന്നും), തൊഴിലാളിവര്‍ഗം = വിപ്ലവം, കമ്മ്യൂണിസ്റ്റ് പാര്‍ടി = മുന്നണിപ്പട എന്ന യാന്ത്രിക സമവാക്യങ്ങളിലൂടെ ഇത് കടന്നുവന്നു. മറുവശത്ത്, ഈ വര്‍ഗത്തിന്റെ മേല്‍തട്ടില്‍ പലപ്പോഴും കാണുന്ന സാമ്പത്തികവാദ പ്രേരണകളും, അതിനെ ബലപ്പെടുത്തുന്ന തിരുത്തല്‍വാദ, പരിഷ്കരണവാദ രാഷ്ട്രീയങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹ്യനിര്‍ജീവതയും, തൊഴിലിന്റെയും തൊഴിലിടങ്ങളുടെയും സ്വഭാവത്തില്‍ വന്നിരിക്കുന്ന മാറ്റവും, തൊഴിലാളിവര്‍ഗനേതൃത്വ സങ്കല്‍പത്തെ തന്നെ കൈയ്യൊഴിയുന്ന വീക്ഷണങ്ങള്‍ക്കും വഴിവെച്ചു. സ്വത്വവാദ തള്ളിച്ചയില്‍ മതിമറന്ന്, ഇത്തരം പ്രസ്ഥാനങ്ങള്‍ക്കാകും ഇനി സാമൂഹ്യമാറ്റത്തിന് നേതൃത്വം നല്‍കാനാവുക എന്ന് ഇവര്‍ ധരിക്കുന്നു.

ഒരുവശത്ത് തൊഴിലാളിവര്‍ഗത്തിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെയും വിഗ്രഹവല്‍ക്കരണം, അതിന്റെ മറവില്‍ ഇവരുടെ ഏതു താല്‍ക്കാലിക ആവശ്യവും പൊതുതാല്‍പര്യമായി ന്യായീകരിക്കുന്ന സ്വാര്‍ത്ഥം. മറുവശത്ത്, ചൂഷണരഹിത ലോകം എന്ന ഉദാത്ത ലക്ഷ്യത്തിനുപകരം, അതൊക്കെ വെറും മിഥ്യയാണെന്ന് ധരിപ്പിച്ച് ഭാഗികമായതിലേക്ക് ദൃഷ്ടി ചുരുക്കുന്ന ഉദാസീനത. മാവോയിസം ഈ വിഷമവൃത്തത്തെ ഭേദിച്ചു. തൊഴിലാളിവര്‍ഗത്തിന്റെ നേതൃസ്ഥാനവും അതിനെ പ്രതിനിധീകരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ മുന്നണിപ്പട പദവിയും ചരിത്രസാഹചര്യങ്ങള്‍ പേറുന്ന സംഭാവ്യതകളാണ്. ഒരു നിര്‍ദ്ദിഷ്ട സമൂഹത്തിലെ ചരിത്രമുഹൂര്‍ത്തത്തില്‍ സൃഷ്ടിപരമായി ഇടപെടുമ്പോള്‍ മാത്രമെ അത് യാഥാര്‍ത്ഥ്യവല്‍ക്കരിക്കാന്‍ കഴിയു. മറ്റെല്ലാ പ്രതിഭാസങ്ങളെയുംപോലെ ഇവയും വിപരീതങ്ങളുടെ ഐക്യമാണ്. ഇതാണ ് ഹൂനാന്‍ റിപ്പോര്‍ട്ടില്‍ മാവോ നല്‍കിയ താക്കീത്.

ഇതിന് ഏതാണ്ട് 50 വര്‍ഷങ്ങള്‍ക്ക് ശേഷം, സോവിയറ്റ് യൂണിയനിലെ മുതലാളിത്ത പുനര്‍സ്ഥാപനത്തിന്റെയും ചൈനയില്‍ അത് തടയാന്‍ കെട്ടഴിച്ചുവിട്ട സാംസ്കാരിക വിപ്ലവത്തിന്റെയും അനുഭവങ്ങളില്‍ നിന്ന് മാവോ എത്തിചേര്‍ന്ന "ബൂര്‍ഷ്വാസി പാര്‍ടിക്കുള്ളില്‍തന്നെയാണ്" എന്ന നിഗമനത്തില്‍ ഇതിന്റെ തുടര്‍ച്ച കാണാം. സ്റ്റാലിന്റെ ഏകശിലാ പാര്‍ടി സങ്കല്‍പനത്തിന് ഇത് ഉള്‍ക്കൊള്ളാനാവില്ല. ബൂര്‍ഷ്വാ ഏജന്റുകള്‍ പാര്‍ടിയിലേക്ക് നുഴഞ്ഞുകയറാനും പാര്‍ടിയംഗങ്ങളെ ദുഷിപ്പിക്കാനുമുള്ള, ലെനിനും സ്റ്റാലിനും ശുദ്ധീകരണത്തിലൂടെ നേരിടാന്‍ ശ്രമിച്ച, സാധ്യതയല്ല മാവോ ശ്രദ്ധയില്‍പ്പെടുത്തിയ ബൂര്‍ഷ്വാസി. പുതിയ ബൂര്‍ഷ്വാസിയുടെ കാര്യമാണിത്. സോഷ്യലിസത്തിലെ ബൂര്‍ഷ്വാ അവകാശംപോലുള്ള അവശിഷ്ട മുതലാളിത്ത ഉല്‍പാദനബന്ധങ്ങളുടെയും തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ രാഷ്ട്രീയ/ഭരണ നേതൃത്വസ്ഥാനത്തിന്റെയും ഉല്‍പന്നം. സോഷ്യലിസത്തിന്റെ ഒരു അനിവാര്യ അംശം. വിപ്ലവം തുടരുന്നതിന്റെ ബഹുമുഖ കടമകള്‍ കൈകാര്യം ചെയ്യുന്ന ശരിയായ ആശയശാസ്ത്ര-രാഷ്ട്രീയ ലൈനും അതിന്റെ വികാസവും ആണ് ഇതിനെ നേരിടുന്നതില്‍ നിര്‍ണ്ണായകമാവുക. തിരുത്തല്‍വാദ ലൈന്‍ നേതൃത്വത്തില്‍ പിടിമുറുക്കിയാല്‍ പാര്‍ടിക്കുള്ളിലെ ബൂര്‍ഷ്വാസി ആധിപത്യം ഉറപ്പിക്കും. പാര്‍ടിയുടെയും ഭരണകൂടത്തിന്റെയും നിറം മാറും. കമ്മ്യൂണിസ്റ്റ് പാര്‍ടി മുന്നണിപ്പടസ്ഥാനത്തിന്റെ മറ്റൊരു വൈരുദ്ധ്യാത്മകതയാണ് ഇത് ഉന്നയിക്കുന്നത്. മുഖ്യമായും ബാഹ്യസ്വാധീനങ്ങളിലല്ല, സ്വയം നയിച്ച വിപ്ലവത്തിന്റെ, അതിലൂടെ സൃഷ്ടിക്കപ്പെട്ട സമൂഹത്തിന്റെ, മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അതിന്റെ വിജയപൂര്‍വ്വമായ മുന്നണിപ്പട പങ്കിന്റെ, ഫലമായി ഉരുത്തിരിയുന്ന വിപരീതങ്ങളുടെ ഐക്യത്തില്‍ തന്നെയാണ്് ഈ അപകടസംഭാവ്യത കുടികൊള്ളുന്നത്. കമ്മ്യൂണിസത്തിലേക്കുള്ള മുന്നേറ്റത്തിന് നേതൃത്വം കൊടുക്കാം എന്ന സംഭാവ്യതയുടെ വിപരീതം. ഒരു നിര്‍ദ്ദിഷ്ട സോഷ്യലിസ്റ്റ് സമൂഹത്തില്‍ ഇതിലേത് യാഥാര്‍ത്ഥ്യമാകുമെന്നത് പാര്‍ടിയിലും സമൂഹത്തിലും ഓരോ സമൂര്‍ത്ത ചരിത്രമുഹൂര്‍ത്തത്തിലും നടക്കുന്ന വര്‍ഗസമരമാണ് നിശ്ചയിക്കുക. ഇങ്ങനെ, പാര്‍ടിയെ വിപരീതങ്ങളുടെ ഐക്യമായി ഗ്രഹിക്കുന്നിടത്താണ് മാവോയിസ്റ്റ് പാര്‍ടി സങ്കല്‍പം തത്വത്തിലും പ്രയോഗത്തിലും ഉറപ്പിക്കാന്‍ കഴിയുക.

ചൈനീസ് വിപ്ലവത്തിന്റെയും സാര്‍വ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും അനുഭവങ്ങളില്‍ നിന്ന് പഠിച്ച്, പാര്‍ടിയെ സംബന്ധിച്ച ഒട്ടേറെ കാര്യങ്ങളെ കുറിച്ച് മാവോ പ്രതിപാദിച്ചിട്ടുണ്ട്. പാര്‍ടിയും ജനങ്ങളും തമ്മിലും, നേതൃത്വവും അണികളും തമ്മിലുമുള്ള ബന്ധങ്ങളില്‍ അധീശമനോഭാവവും സമീപനങ്ങളും തടഞ്ഞ് ജനങ്ങളെ സേവിക്കുന്ന കമ്മ്യൂണിസ്റ്റ് ബോധം ഉറപ്പിച്ചെടുക്കുന്നതിലെ ഊന്നല്‍ ഇതിലുടനീളം കാണാം. നേതൃത്വത്തിന്റെ പങ്കോ, പ്രാധാന്യമോ ഇത് നിഷേധിക്കുന്നില്ല. ഇതിനെയൊക്കെ കേവലമായി ചിത്രീകരിച്ച്, ഇതിന്റെയൊക്കെ പങ്കിനെ പര്‍വ്വതീകരിച്ച്, ബഹുജനങ്ങളെയും അണികളെയും 'അനുയായികള്‍' ആക്കുന്ന, മെരുങ്ങിയ ഉപകരണങ്ങളാക്കുന്ന, സമീപനങ്ങളെ ഖണ്ഡിക്കുകയായിരുന്നു മാവോ. കേഡര്‍മാര്‍ എത്രതന്നെ അത്യാവശ്യമാണെങ്കിലും, പണിയെടുക്കുന്നത് ബഹുജനങ്ങളാണ്, അതുകൊണ്ട് കേഡര്‍മാരുടെ നേതൃത്വപരമായ പങ്ക് പെരുപ്പിച്ചുകാണരുത് എന്ന് മാവോ ഓര്‍മ്മപ്പെടുത്തി. കേന്ദ്രസമിതിയും കീഴ്ഘടകങ്ങളും തമ്മിലും, സോഷ്യലിസ്റ്റ് ഭരണകൂടവും ജനങ്ങളും തമ്മിലുമുള്ള ബന്ധത്തിലും ഇതേ സമീപനം ആവര്‍ത്തിക്കുന്നത് കാണാം. കീഴെ നിന്ന് വിവരങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ കേന്ദ്രനേതൃത്വത്തിന് ശരിയായ തീരുമാനങ്ങളില്‍ എത്താനാവില്ല; ചിലപ്പോള്‍ കീഴ്തലത്തില്‍ തന്നെ പരിഹാരങ്ങള്‍ കണ്ടെത്തിയേക്കാം അപ്പോള്‍ അത് ദേശവ്യാപകമായി പ്രചരിപ്പിക്കുന്നതാണ് കേന്ദ്രസമിതിയുടെ കടമ എന്നൊക്കെയുള്ള നിരീക്ഷണങ്ങളില്‍ കേന്ദ്രനേതൃത്വത്തിന്റെ അപ്രമാദിത്വത്തെ കുറിച്ചുള്ള ധാരണകളാണ് തകിടംമറിയുന്നത്. ജനാധിപത്യ കേന്ദ്രീകരണം എന്ന സംഘടനാതത്വവും അറിവ് സമ്പാദിക്കുന്ന രീതിയെ സംബന്ധിച്ച മാര്‍ക്‌സിസ്റ്റ് സിദ്ധാന്തവും തമ്മിലുള്ള ബന്ധവും ഇതിലൂടെ വ്യക്തമാക്കി. സോഷ്യലിസത്തിലെ വര്‍ഗസമരത്തില്‍ ബൂര്‍ഷ്വാസിയുമായുള്ള സമരം മാത്രമല്ല പ്രശ്‌നം, സോഷ്യലിസ്റ്റ് ഭരണകൂടവും ജനങ്ങളും, പാര്‍ടിയും ജനങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന വൈരുദ്ധ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നൂവെന്ന് മാവോ ചൂണ്ടികാട്ടി. അധികാരംകിട്ടിയ സ്ഥിതിക്ക് ഇനി സ്വേഛാധിപതികളായി വിലസാമെന്ന് കരുതുന്നവരെ ജനങ്ങള്‍ ഒരു പാഠം പഠിപ്പിക്കും, പണിമുടക്കാനും പ്രതിഷേധിക്കാനും ജനങ്ങളെ അനുവദിക്കണം, കമ്മ്യൂണിസ്റ്റ് പാര്‍ടി ഒരു പാഠം പഠിക്കേണ്ടതുണ്ട് എന്നൊക്കെ 1950കളില്‍ തന്നെ നിരീക്ഷിച്ച മാവോ, അടിയില്‍ നിന്നുള്ള സമരത്തിന്, ജനങ്ങളുടെ സ്വമേധയാ ഉള്ള മുന്‍കൈയ്യിന് കല്‍പിച്ച പ്രാധാന്യമാണ് ശ്രദ്ധിക്കേണ്ടത്. മുകളില്‍നിന്നുള്ള ബോധപൂര്‍വ്വമായ ഇടപെടലും അടിയില്‍ നിന്നുള്ള സ്വയോത്ഭവ സമ്മര്‍ദ്ദവും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധത്തെകുറിച്ചുള്ള തിരിച്ചറിവ്, ഇടക്കാലത്ത് സാര്‍വ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നഷ്ടപ്പെട്ട ഈ ലെനിനിസ്റ്റ് സമീപനം, വീണ്ടെടുക്കുകയും മുതലാളിത്ത പുനര്‍സ്ഥാപനമെന്ന പുതിയ വെല്ലുവിളിയുമായി ബന്ധിപ്പിച്ച് അതിനെ ഉയരങ്ങളിലേക്ക് എത്തിക്കുകയുമായിരുന്നു. വ്യക്തികളുടെ സമീപന വ്യത്യാസങ്ങള്‍ക്ക് നിരപേക്ഷകമായി ഉറച്ച ആശയശാസ്ത്ര-രാഷ്ട്രീയ അടിസ്ഥാനങ്ങളില്‍ മാവോ പുതിയ പാര്‍ടി സങ്കല്‍പത്തെ സ്ഥാപിച്ചു.

മാവോ നയിച്ച ചൈന കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക് പുതിയതിനെ എത്രത്തോളം സ്വാംശീകരിക്കാന്‍ കഴിഞ്ഞു? പ്രസക്തമാണ് ഈ ചോദ്യം. 1960കളില്‍ മാവോ ചിന്തയുടെ പ്രചോദനത്തില്‍ രൂപംകൊണ്ട സാര്‍വ്വദേശീയ പ്രസ്ഥാനത്തിന്, 1990കളില്‍ കൂടുതല്‍ വ്യക്തത ആര്‍ജിച്ച് മുന്നേറുന്ന മാവോയിസ്റ്റുകള്‍ക്ക്, മാവോയിസ്റ്റ് പാര്‍ടിസങ്കല്‍പം എത്രത്തോളം ഉള്‍ക്കൊണ്ട് പ്രാവര്‍ത്തികമാക്കാനായി എന്ന ചോദ്യത്തിലേക്കുള്ള പ്രവേശികയാണത്. ചൈനീസ് പാര്‍ടിയെ സംബന്ധിച്ചിടത്തോളം, കോമിന്റേണ്‍ മൂശയില്‍ വാര്‍ത്തെടുത്ത, നീണ്ടകാലം അതിന്റെ ധാരണകള്‍ക്കും സമീപനങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിച്ച പശ്ചാത്തലം അവഗണിക്കാനാവില്ല. നാം കണ്ടതുപോലെ മാവോ ആരംഭം മുതല്‍ക്കുതന്നെ ഇതില്‍ നിന്ന് തെറ്റിമാറുന്നുണ്ട്. പക്ഷെ, ചൈന പാര്‍ടിയില്‍ ഈ പുതിയ സമീപനം ശരിക്കും സ്ഥാപിക്കപ്പെടുന്നത് സാംസ്കാരിക വിപ്ലവത്തിലൂടെയാണ്. പാര്‍ടിയെ സംബന്ധിച്ച മാവോയുടെ നിരീക്ഷണങ്ങള്‍ ചിട്ടയായി സമാഹരിക്കപ്പെടുന്നതുതന്നെ 1973ലാണ്, 'എ ബേസിക്ക് അണ്ടര്‍സ്റ്റാന്‍ഡിംഗ് ഓഫ് ദ ചൈന കമ്മ്യൂണിസ്റ്റ് പാര്‍ടി' എന്ന കൃതിയിലൂടെ. (മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചടുത്ത മുതലാളിത്തപാതക്കാരുടെ ആദ്യ നടപടികളില്‍ ഒന്നായിരുന്നു ഈ പുസ്തകത്തിന്റെ നിരോധനം!) മാവോയിസ്റ്റ് സമീപനത്തിന് അനുസൃതമായി പുനര്‍വാര്‍ക്കപ്പെടുന്ന പ്രക്രിയയിലൂടെ കടന്നുപോകുന്ന, എന്നാല്‍ അതില്‍തന്നെ ഒട്ടേറെ അസമാനതകളുള്ള, ഒന്നായിരുന്നു ചൈന കമ്മ്യൂണിസ്റ്റ് പാര്‍ടി എന്ന് സാമാന്യമായി നിരീക്ഷിക്കാം. വിപ്ലവപ്രയോഗത്തിന്റെ ഭാഗമായി ആ പ്രക്രിയയെ നയിച്ചും, ഒപ്പം അതിലെ അനുഭവങ്ങളില്‍ നിന്ന് പുതിയ തിരിച്ചറിവുകള്‍ നേടിയുമാണല്ലോ പുതിയ സമീപനം വികസിച്ചത്.

എന്നാല്‍, സാഹചര്യത്തിന്റെ ഈ പരിമിതി മാത്രം കണ്ടാല്‍ പോര. കോമിന്റേണ്‍ സമീപനങ്ങളില്‍ നിന്ന് വേര്‍പെടാതിരുന്നതിന്റെ പ്രശ്‌നവും ആ അനുഭവത്തിലുണ്ട്. മാവോയെ കേന്ദ്രീകരിച്ച് സൃഷ്ടിക്കപ്പെട്ട വ്യക്തി പൂജയാണ് ഇതില്‍ എടുത്തുപറയേണ്ട ഒന്ന്്. ലെനിന്റെ സമീപനത്തിന് കടകവിരുദ്ധമായി സ്റ്റാലിനാണ് വ്യക്തിപൂജയുടെ ഈ ഏര്‍പ്പാടിന് തുടക്കമിട്ടത്. ഇതിനെ നിരാകരിക്കുന്നതിന്റെ മറവില്‍ സ്റ്റാലിനെ അപ്പാടെ നിഷേധിച്ച് സോവിയറ്റ് പാര്‍ടി തലവന്‍ ക്രൂഷ്‌ചേവ് മുതലാളിത്ത പുനര്‍സ്ഥാപനത്തിന് ആശയശാസ്ത്ര പശ്ചാത്തലമൊരുക്കിയ സന്ദര്‍ഭത്തില്‍ മാവോ സ്റ്റാലിനെ പരിരക്ഷിക്കുന്നുണ്ട്. ഇതു പക്ഷെ, സ്റ്റാലിന്റെ തെറ്റുകളെ മാര്‍ക്‌സിസ്റ്റ് കോണില്‍ നിന്ന് വിമര്‍ശിച്ച്, സ്വീകരിക്കേണ്ടതും പരിത്യജിക്കേണ്ടതും വ്യക്തമാക്കിയാണ് ചെയ്തത്. ആ കൂട്ടത്തില്‍ സ്റ്റാലിന്റെ വ്യക്തിപൂജയും വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായിരുന്നോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. മാര്‍ക്‌സിസ്റ്റ് വീക്ഷണത്തില്‍ ഒരു അര്‍ത്ഥത്തിലും നീതീകരിക്കാനാവാത്ത വ്യക്തിപൂജയെ അടിസ്ഥാനപരമായി നിരാകരിക്കുന്നതിനു പകരം അതിന്റെ അതിരുകടന്ന പ്രകടനങ്ങളെ മാത്രമാണ് മാവോ എതിര്‍ത്തത്. ചൈനയിലെ വര്‍ഗസമരത്തിന്റെ സങ്കീര്‍ണ്ണ സാഹചര്യം ഉന്നയിച്ച് ഇത് ന്യായീകരിക്കാറുണ്ടെങ്കിലും തത്വത്തില്‍തന്നെ അത് സ്വീകാര്യമല്ല. ആത്മപ്രശംസയുടെ അളവോ, പ്രശംസിക്കാന്‍ മാത്രം ഏതെങ്കിലും വ്യക്തി അര്‍ഹനാണോ എന്നൊന്നുമല്ല വിഷയം. ബന്ധപ്പെട്ട വ്യക്തിയുടെയും, ആ നേതൃത്വത്തിന്റെയും, പരോക്ഷമായി ആ പാര്‍ടിയുടെയും അപ്രമാദിത്വത്തെകുറിച്ചുള്ള, മാവോയിസം ഖണ്ഡിച്ച, ബോധമാണ് വ്യക്തിപൂജ പരിപോഷിപ്പിക്കുക. ചൈനീസ് പാര്‍ടിയുടെ ''ഒരിക്കലും തെറ്റുപറ്റാത്ത'' എന്ന വിശേഷണത്തില്‍ ഇതാണ് പ്രതിഫലിച്ചത്. മാവോയെ ചാരി തങ്ങളുടെ വ്യക്തിപൂജകളെ ന്യായീകരിക്കുന്ന ചില മാവോയിസ്റ്റ് പാര്‍ടികളുടെ സമകാലീന ഉദാഹരണങ്ങള്‍ ഈ പ്രശ്‌നത്തില്‍ ഇനിയും ആര്‍ജിക്കേണ്ട വ്യക്തതയിലേക്ക് ശ്രദ്ധക്ഷണിക്കുന്നു.

പൊതുവില്‍തന്നെ, പാര്‍ടി വിഷയത്തിലുള്ള കോമിന്റേണ്‍ സങ്കല്‍പനത്തില്‍ നിന്ന് മാവോയിസ്റ്റുകള്‍ക്ക് എത്രത്തോളം തെറ്റിപിരിയാന്‍ കഴിഞ്ഞു, അവര്‍ നയിക്കുകയും കെട്ടിപ്പടുക്കുകയും ചെയ്യുന്ന പാര്‍ടികള്‍ വാസ്തവത്തില്‍ എത്രത്തോളം മാവോയിസ്റ്റാണ്? ജനങ്ങളുടെ ഒപ്പം നിന്ന് അവരെ സേവിക്കുന്ന അവസ്ഥയില്‍ നിന്ന് അവര്‍ക്കുമേലെ നിന്ന് അവരെ 'ഭരിക്കുന്ന' സ്ഥാനത്തേക്കുള്ള മാറ്റം സിദ്ധാന്തമാക്കി ന്യായീകരിക്കാന്‍ ആരും ശ്രമിക്കില്ലെങ്കിലും അത് പലയിടത്തും കാണാം. രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചുള്ള പാര്‍ടിക്കൂറിന്റെ സ്ഥാനത്ത് പാര്‍ടിഭക്തിയും, നേതൃത്വത്തിന്റെ അപ്രമാദിത്വത്തെകുറിച്ചുള്ള അന്ധമായ വിശ്വാസവും വ്യക്തിപൂജയും, എതിര്‍പ്പുകളോടും വിമര്‍ശനങ്ങളോടുമുള്ള അസഹനീയതയും, പാര്‍ടിക്കും വിപ്ലവത്തിനും വേണ്ടിയാണെങ്കില്‍ ഏത് മാര്‍ഗവും സ്വീകരിക്കാമെന്ന പ്രയോഗമാത്രവാദവും - ഇങ്ങനെയൊക്കെയുള്ള കോമിന്റേണിസ്റ്റ് സ്വാധീനമാണ് പ്രവര്‍ത്തനരീതികളിലും സമീപനങ്ങളിലും പലപ്പോഴും കാണുന്നത്്. സ്റ്റാലിന്റെ മാത്രം തെറ്റല്ലാത്തതുകൊണ്ടും, ഒരു മുഴുവന്‍ കാലഘട്ടത്തിന്റെയും പ്രശ്‌നം ഉള്ളടങ്ങിയതുകൊണ്ടുമാണ് കോമിന്റേണിസ്റ്റ് എന്ന് പറഞ്ഞത്. ലോകത്തുടനീളം കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ എത്തിക്കുകയും കമ്മ്യൂണിസ്റ്റ് പാര്‍ടികളുടെ രൂപീകരണത്തെ ഉത്തജിപ്പിക്കുകയും, അങ്ങനെ ആദ്യമായി ശരിക്കും സാര്‍വ്വദേശീയമായ ഒരു വിപ്ലവ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് ജന്മംകൊടുക്കുകയും ചെയ്ത കോമിന്റേണ്‍ കാലഘട്ടത്തിന്റെ അനുകൂലാംശത്തെ കൈവിടാതെ, അത് ബാക്കിവെച്ച പ്രതികൂലാംശത്തെ തിരസ്കരിച്ചതാണ് മാവോയിസത്തിന്റെ ഒരു സുപ്രധാന കുതിപ്പ്. ഇന്നത്തെ മാവോയിസ്റ്റ് പാര്‍ടികള്‍ മുന്‍കാല കമ്മ്യൂണിസ്റ്റ് പാര്‍ടികളുടെ തുടര്‍ച്ചതന്നെയാണ്. പക്ഷെ, പാര്‍ടിയെ സംബന്ധിച്ച അന്നത്തെ ധാരണയും പ്രവര്‍ത്തനരീതികളുമല്ല, മുന്നണിപ്പടസങ്കല്‍പനത്തില്‍ മാവോയിസം എത്തിചേര്‍ന്ന ഉന്നതങ്ങളാക്കണം അടിസ്ഥാനം.
*മുന്നണിപ്പോരാളി 131, 132 ലക്കങ്ങളില്‍ വന്ന ലേഖനം

3 comments:

  1. http://www.doolnews.com/kc-umesh-babu-about-idathu-paksha-ekopana-samithi-231.htmlc

    ReplyDelete
  2. poornamayum vayichilla.. but introductionil thanneyund ethramathram sectarian nilapadanu ajithintethennu.. janangalilekku irangathe kure pukamarakalil jeevikkunna oru partyude veekshanam.. poornamayum vayichitt ini abhiprayam parayam.... (communistukarudethozhike mattullavarudeyellam visakalanangal moshamanenna dhavni polum aathanu kanikkunnathu..)

    ReplyDelete
  3. വളരെ ഗൗരവപ്പെട്ട ഒരു ലേഖനത്തിന് ബാലിശമായ ഒരു കമന്റ്. ഷഫീക് പറയുന്നത് ഒരു വാദത്തിനുവേണ്ടി ഇനി അംഗീകരിച്ചാൽ തന്നെ, അതായത് ലേഖകന് വിഭാഗീയത ഉണ്ടെന്നത്, (എന്ത് വിചിത്രമായ കണ്ടുപിടുത്തമാണാവോ ഇത് . എം എൻ വിജയനെ വിമർശിച്ചതാണ് ഈ കക്ഷിയെ ചൊടിപ്പിച്ചത് എന്ന് വ്യക്തം. ഇങ്ങനെ വിഗ്രഹപൂജ നടത്തുന്നവർ ആണ് തങ്ങൾ കമ്മ്യൂണിസ്റ്റ് എന്ന് പറയുന്നത്!) അത് മാറ്റി നിർത്തി ലേഖനത്തിൽ പറയുന്ന കാര്യങ്ങളോട് സംവദിക്കരുതോ? ജനങ്ങൾക്കിടയിലെക്ക് ഇറങ്ങാത്ത പാർട്ടി എന്നൊക്കെ പറയുന്നത് കേട്ടാൽ തോന്നും ഇന്ത്യയിൽ മറ്റു കമ്മ്യൂണിസ്റ്റ് പാർട്ടികളൊക്കെ വച്ചടിവച്ചടി കേറുകയാണെന്ന്. കമ്മ്യൂണിസ്റ്റുകൾ തങ്ങളുടെ വിശകലനങ്ങൾ ശരിയെന്നു കരുതും. അതല്ലാതെ അതും ശരി ഇതും ശരി എന്നവർ പറയില്ലല്ലോ. അത് ഉത്തരാധുനികതയല്ലേ. കമ്മ്യൂണിസ്റ്റുകൾ അതല്ലല്ലോ

    ReplyDelete