മുന്നണിപ്പോരാളി
പ്രദീപ് കുമാര്‍
അധോലോകത്തിനെ അസൂയപ്പെടുത്തുന്ന തരത്തിലുള്ള കൊലപാതകങ്ങളും, അതിക്രമങ്ങളും നടത്തുവാനുള്ള സിപിഎം-ന്റെ വൈഭവം പുതിയതല്ല. റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവായ ടി പി ചന്ദ്രശേഖരന്റെ നിഷ്ഠൂരമായ ഹത്യയും ഇത് തെളിയിക്കുന്നു. പക്ഷേ ഈ വൈഭവം സിപിഎം-നു മാത്രമല്ല മറ്റു ഭരണവര്‍ഗ പാര്‍ട്ടികള്‍ക്കും സ്വായത്തമാണ്. കോണ്‍ഗ്രസ്സും, ബിജെപിയും, മുസ്ലീം ലീഗുമെല്ലാം ഈ മേഖലയില്‍ തങ്ങളുടെ കഴിവ് വേണ്ടത്ര തെളിയിച്ചവരാണ്. അതുകൊണ്ട് തന്നെ ചന്ദ്രശേഖരന്റെ കൊലപാതകം സിപിഎം-ന്റെ കേവലമായ രാഷ്ട്രീയ പകപോക്കലിന്റെ തലത്തില്‍ മാത്രമായി കാണാനാവില്ല. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയമെത്തിനില്ക്കുന്ന സവിശേഷസന്ദര്‍ഭത്തിന്റെ സൂചനയായി ഈ സംഭവത്തെ വിലയിരുത്തേണ്ടതുണ്ട്. തികച്ചും ഉപരിപ്ലവമായ ഭിന്നതകള്‍ മാത്രമാണ് കേരളത്തിന്റെ മുഖമുദ്രയായ ഇടതു-വലതു മുന്നണികളെന്ന ഭരണവര്‍ഗ രാഷ്ട്രീയം. അടിസ്ഥാനപരമായ ഭിന്നതകള്‍ ഇല്ലെന്നുമാത്രമല്ല മുന്നണികള്‍ ഒരേ ബിന്ദുവില്‍ യോജിക്കുന്നതിന്റെ തെളിവുകളാണ് ദൈനംദിന രാഷ്ട്രീയത്തെ സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ മനസിലാവുക. പൊതുമുതല്‍ സ്വകാര്യ മൂലധനത്തിന് കൈമാറുന്ന പ്രവര്‍ത്തനമാണ് ഭരണമെന്ന പേരില്‍ ഇവിടെ അരങ്ങേറുന്നത്. അതിന്റെ ഉത്തമോദാഹരണമാണ് ദേശീയപാതാ വികസനം. ദേശീയപാതാ വികസനം 30 മീറ്ററായി പരിമിതപ്പെടുത്തണമെന്ന ഒന്നാം സര്‍വകക്ഷി യോഗത്തിന്റെ തീരുമാനത്തെ അട്ടിമറിച്ചുകൊണ്ട് 45 മീറ്ററില്‍ പാത വികസിപ്പിക്കാനുള്ള തീരുമാനമെടുക്കുന്നത് പിണറായി വിജയന്, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവര്‍ ചേര്‍ന്ന രണ്ടാം സര്‍വകക്ഷി യോഗമാണ്. ദേശീയ പാതാവികസന അതോറിറ്റിയുടെ ധനസഹായം കേരളത്തിനു ലഭിക്കുകയില്ലെന്ന യുക്തിയാണ് ഇക്കാര്യത്തില്‍ ഇവര്‍ ഉന്നയിക്കുന്ന കാര്യം. സംസ്ഥാനത്തെ ആയിരക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കി, ഊഹിക്കാനാവാത്ത തരത്തിലുള്ള ലാഭം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്ന പാതവികസനത്തിനെതിരെ സമൂഹത്തിലാകെ പ്രതിഷേധമുയരുമ്പോള്‍ അതിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നതിനുപകരം എതിര്‍ദിശയിലാണ് കേരളത്തിലെ മുഖ്യധാരാ കക്ഷികളുടെ നില. സംസ്ഥാനത്തിന്റെ സവിശേഷമായ ആവാസവ്യവസ്ഥ കണക്കിലാക്കി പാതവികസനത്തിന്റെ കാര്യത്തില്‍ പ്രത്യേക ഇളവുകള്‍ നേടിയെടുക്കാനുള്ള ഇച്ചാശക്തിയില്ലെങ്കില് കേരളത്തിലെ ഈ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസക്തിയെന്താണ്? ദേശീയപാത അതോറിറ്റിയിലെ ഉദ്യോഗസ്ഥരെടുക്കുന്ന നയപരമായ തീരുമാനത്തെ ചോദ്യം ചെയ്യാനും, തിരുത്തുവാനുമുള്ള ശേഷിയില്ലാത്ത ഈ കക്ഷികളെ എന്തിനാണ് കേരളത്തിലെ ജനങ്ങള്‍ ചുമക്കുന്നത്? കേരളത്തിന്റെ സവിശേഷമായ പ്രശ്നങ്ങളില്‍ മാത്രമല്ല സംസ്ഥാനത്തെ പൊതു സമ്പത്തുകകളായ വനം, ജലം, ധാതുക്കള്‍, സമുദ്രതീരം, നെല്‍പ്പാടങ്ങള്‍ - തുടങ്ങിയ ഏത് മേഖലയെടുത്താലും ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ സ്വാഭാവികമായെത്തുക ഈ കക്ഷികളുടെ ഭരണവര്‍ഗ സേവയുടെ സ്വഭാവത്തിലെ ഐക്യപ്പെടലിലാണ്. അതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ചന്ദ്രശേഖരന്റെ കൊലപാതകത്തെ വിലയിരുത്തുവാനാവുക.
ചന്ദ്രശേഖരനെപ്പോലെയുള്ള ഒരാളെ ഹീനമായനിലയില് കൊലപ്പെടുത്തിയതിനോടുള്ള സ്വാഭാവികമായ പ്രതിഷേധവും, അറപ്പും ഹൃസ്വകാലത്തേക്ക് മാത്രം നിലനില്‍ക്കുന്നതാണെന്നും, അതുകഴിഞ്ഞാല്‍ 'രാഷ്ട്രീയം' അതിന്റെ സ്വാഭാവികമായ ദൈനംദിനവ്യവഹാരങ്ങളിലേക്ക് മടങ്ങുമെന്നും വ്യക്തമാണ്. ഭരണവര്‍ഗ രാഷ്ട്രീയത്തിന്റെ സ്വചന്ദതയിലെക്കുള്ള ഈ മടക്കത്തെ ചെറുക്കുകയാണ്, അനുവദിക്കാതിരിക്കലാണ് ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം ആവശ്യപ്പെടുന്നത്. അത് പൊലീസിന്റെ കേസന്വേഷണത്തിലൂടെ നേടാവുന്നതല്ല. കൊലപാതക രാഷ്ട്രീയത്തെയും, നൈതികതയെയും, കേരളത്തിന്റെ 'മെച്ചപ്പെട്ട' ജനാതിപത്യത്തെയുംപറ്റിയുള്ള ഉത്കണ്ടകള്‍ വിലയിരുത്തേണ്ട ഭൂമികയെന്താണ്? മൂലധനത്തിന്റെ വിശ്വസ്തസേവകരായ ഇടതു-വലതു മുന്നണികള്‍ അവയുടെ നിലനില്‍പ്പിനായി നടത്തുന്ന പതിവ് സംവാദങ്ങള്‍ക്ക് പകരം ബദലുകള്‍ അന്വേഷിക്കുകയാണ് അതിന്റെ ആദ്യപടി. ചന്ദ്രശേഖരന്റെ കൊലപാതകത്തിലുളവായ സ്വാഭാവികമായ അമര്‍ഷം മാറ്റിനിര്‍ത്തിയാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റു പ്രധാനവാദങ്ങള്‍ എന്തെല്ലാമാണ്? വികസനവും, സിപിഎം-ന്റെ അക്രമ രാഷ്ട്രീയം, കമ്മ്യൂണിസ്റ്റ് അസഹിഷ്ണുത തുടങ്ങിയ പ്രമേയങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. വികസനം X അക്രമം എന്ന പ്രമേയത്തെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ്സും മറ്റു കക്ഷികളും സിപിഎം-നെ നേരിടുന്നത്.
സിപിഎം വര്ഗസമരമൊന്നും നടത്തുന്നില്ലെന്ന തിരിച്ചറിവിന് സാമാന്യയുക്തി മതിയാകും. ഈ സാഹചര്യത്തിലാണ് ചന്ദ്രശേഖരനെപ്പോലുള്ളവരുടെ ഉന്മൂലനം സിപിഎം-ല്‍ തന്നെ അലോരസമുണ്ടാക്കുന്നത്. പദ്ധതിയോരോന്നിനും ശരാശരി 30 ശതമാനം വെട്ടുമേനി ലഭിക്കുന്ന 'വികസനം' പൊടിപൊടിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പങ്കപ്പാടുകളില്‍ ചെന്നുചാടുന്നതിന്റെ ആവശ്യകതയെപ്പറ്റിയുള്ള ഉത്കണ്ടകള്‍ സ്വാഭാവികമാണ്. അക്രമരാഷ്ട്രീയം വികസനത്തെ പിന്നോട്ടടിക്കുമെന്ന വാദഗതികളുടെ അടിത്തറയിതാണ്. അക്രമത്തെപ്പറ്റിയുള്ള അതിവൈകാരികമായ ഉത്കണ്ടകളുടെ സുപ്രധാനദൗത്യം ഭരണവര്‍ഗ വികസനവാദത്തില്‍ അന്തര്‍ലീനമായ അക്രമത്തെ മൂടിവക്കുകയും, നീതീകരിക്കുകയുമാണ്. ആയുധത്തിന്റെ നിയന്ത്രണം ഭരണവര്‍ഗത്തിന്റെ കൈകളില്‍ ഭദ്രമായിരിക്കുന്നിടത്തോളം അക്രമം സാധാരണനിലയിലുള്ള നിയമം നടപ്പിലാക്കല്‍ മാത്രമാവുകയും, ഈ നീതിരാഹിത്യത്തിന്റെ ഇരകളുടെ ചെരുത്തുനില്പുകള് അക്രമമായി വ്യാഖ്യാനിക്കപ്പെടുന്ന ഭരണവര്‍ഗ തന്ത്രം തിരിച്ചറിയേണ്ടതുണ്ട്. രണോത്സുകമായ പ്രതിഷേധങ്ങളും, സമരങ്ങളും ഭരണവര്‍ഗ സമ്മതികളുടെ കാപട്യത്തെ നിരന്തരം വെളിപ്പെടുത്തുന്ന വര്‍ത്തമാന സാഹചര്യത്തില്‍ അക്രമത്തെക്കുറിച്ചുള്ള ഉത്കണ്ടകള്‍ ഭരണവര്‍ഗത്തിന്റെ ഭാഗത്തുനിന്നുമുയരുന്നത് സ്വാഭാവികമാണ്. ചന്ദ്രശേഖരന്റെ ദാരുണമായ വധത്തിനോടുള്ള അമര്‍ഷത്തെയും, പ്രതിഷേധത്തെയും ഒരുതരത്തിലും വിലകുറച്ചുകാണുകയല്ല. എന്നാല്‍ ഈ പ്രതിഷേധങ്ങളും, അമര്‍ഷവും വ്യക്തമായ രാഷ്ട്രീയദിശാബോധം തേടേണ്ടതുണ്ട്. സിപിഎം-ന്റെ സോഷ്യല്‍ ഫാസിസ്റ്റ് സ്വഭാവം സംഘടനാപരമായ പിഴവല്ലെന്നും വളരെ ആഴത്തിലുള്ള ആശയപരമായ വ്യതിയാനങ്ങളുടെ ഫലമാണെന്നുമുള്ള ബോധത്തിന് ഈ ദിശാബോധം ആവശ്യമാണ്. അല്ലാത്തപക്ഷം, സോഷ്യല്‍ ഫാസിസ്റ്റുകളുടെ പകപോക്കലിനെ കമ്മ്യൂണിസ്റ്റുകാരുടെ 'ജനിതകമായ' അസഹിഷ്ണുതയായി അടയാളപ്പെടുത്തുന്ന രേഖീയമായ കഥാകഥനരീതിയുടെ ഉപഭോക്താക്കള്‍ മാത്രമായി നീതിബോധം പരിമിതപ്പെടും. അത്തരം പരിമിതപ്പെടുത്തലുകളാണ് മുഖ്യധാര മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഈ പരിമിതികളെ ഭേദിക്കുന്ന രാഷ്ട്രീയമായ ഉള്‍കാഴ്ചകളും അവബോധവുമാണ് വര്‍ത്തമാനകാലം നമ്മോട് ആവശ്യപ്പെടുന്നത്.
4 comments:
മറ്റെന്തിലും ഉപരിയായി,മാര്‍ക്സിസവും അനാര്‍ക്കിസവും ഒന്നല്ല എന്ന സുപ്രധാനമായ തിരിച്ചറിവ് കാലഘട്ടം ആവശ്യപ്പെടുന്നു!
ഈ ലേഖനത്തില്‍ ഉന്നയിക്കുന്ന പല പ്രശ്നങ്ങളും ലേഖന കര്‍ത്താവ് ആരോപിക്കുന്ന ഉപരിപ്ലവതയില്‍ തന്നെ കിടന്ന് കറങ്ങുകയാണോ എന്ന ഒരു സംശയം പ്രകടിപ്പിക്കട്ടെ ; മാര്‍ക്സിന്റെയോ ലെനിന്റെയോ സാര്‍വ ദേശീയ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ മറ്റ് നേതാക്കളുടെയോ, നിയോ ലിബറല്‍ കാലഘട്ടത്തിന്റെ വര്‍ത്തമാന സവിശേഷതകളില്‍ ഊന്നുന്ന മുതലാളിത്ത വിമര്ശകരുടെയോ പ്രസക്തമായ ഒരു ഉദ്ധരണി പോലും യഥാര്‍ത്ഥ കംമ്യൂനിസ്ടുകാര്‍ എന്ന് അവകാശപ്പെടുന്ന ചെറു പാര്ട്ടികലോ പ്രസ്ഥാനങ്ങളോ ഇയ്യിടെയായി ഉപയോഗിച്ച് കാണാറില്ല .
"ചന്ദ്രശേഖരന്റെ കൊലപാതകത്തിലുളവായ സ്വാഭാവികമായ അമര്‍ഷം മാറ്റിനിര്‍ത്തിയാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റു പ്രധാനവാദങ്ങള്‍ എന്തെല്ലാമാണ്? വികസനവും, സിപിഎം-ന്റെ അക്രമ രാഷ്ട്രീയം, കമ്മ്യൂണിസ്റ്റ് അസഹിഷ്ണുത തുടങ്ങിയ പ്രമേയങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. വികസനം X അക്രമം എന്ന പ്രമേയത്തെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ്സും മറ്റു കക്ഷികളും സിപിഎം-നെ നേരിടുന്നത്."
അങ്ങനെയാണോ ശരിക്കും ?
കക്ഷി രാഷ്ട്രീയങ്ങല്ക്കെല്ലാം അപ്പുറം, കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ സോഷ്യലിസ്റ്റു - ഇടതു പക്ഷ രാഷ്ട്രീയത്തോട് പൊതുവേ ആഭിമുഖ്യം ഉണ്ട് .ചന്ദ്ര ശേഖരന്റെ കൊലപാതകം ഉണ്ടാക്കിയ 'സ്വാഭാവികം' ആയ അമര്‍ഷം മാറ്റി നിര്ത്താതിരിക്കുമ്പോള് ആണ് ഇത് കൃത്യമായും യൂഡിഎഫ്- എല്‍ ഡീ എഫ് പ്രശ്നമായോ , 'കമ്മ്യൂനിസ്റ്റു അസഹിഷ്ണുത' യുടെ മറ്റൊരു ഉദാഹരണം ആയോ ചിത്രീകരിക്കുന്നതിന്റെ പ്രശ്നം അല്ലാതെ ആവുന്നത്! വികസനം X അക്രമം എന്ന നിലക്ക് അതൊരു പ്രമേയം ആക്കാന്‍ ഒരിക്കലും കഴിയില്ല എന്നതിന് തെളിവ് ഈ ലേഖനത്തില്‍ പറയുന്ന ഹൈ വേ വികസന നിലപാടിലെ ഭരണ വര്‍ഗ്ഗ പാര്‍ട്ടികളുടെ ഐക്യത്തില്‍ തന്നെ ഉണ്ട് .
.."അക്രമത്തെപ്പറ്റിയുള്ള അതിവൈകാരികമായ ഉത്കണ്ടകളുടെ സുപ്രധാനദൗത്യം ഭരണവര്‍ഗ വികസനവാദത്തില്‍ അന്തര്‍ലീനമായ അക്രമത്തെ മൂടിവക്കുകയും, നീതീകരിക്കുകയുമാണ്. ആയുധത്തിന്റെ നിയന്ത്രണം ഭരണവര്‍ഗത്തിന്റെ കൈകളില്‍ ഭദ്രമായിരിക്കുന്നിടത്തോളം അക്രമം സാധാരണനിലയിലുള്ള നിയമം നടപ്പിലാക്കല്‍ മാത്രമാവുകയും, ഈ നീതിരാഹിത്യത്തിന്റെ ഇരകളുടെ ചെരുത്തുനില്പുകള് അക്രമമായി വ്യാഖ്യാനിക്കപ്പെടുന്ന ഭരണവര്‍ഗ തന്ത്രം തിരിച്ചറിയേണ്ടതുണ്ട്. രണോത്സുകമായ പ്രതിഷേധങ്ങളും, സമരങ്ങളും ഭരണവര്‍ഗ സമ്മതികളുടെ കാപട്യത്തെ നിരന്തരം വെളിപ്പെടുത്തുന്ന വര്‍ത്തമാന സാഹചര്യത്തില്‍ അക്രമത്തെക്കുറിച്ചുള്ള ഉത്കണ്ടകള്‍ ഭരണവര്‍ഗത്തിന്റെ ഭാഗത്തുനിന്നുമുയരുന്നത് സ്വാഭാവികമാണ്"
എന്താണ് 'അതി വൈകാരികമായ ഉള്ക്കണ്ട' ?
അന്നന്നത്തെ പട്ടിണിക്കോ തൊഴിളില്ലായ്മക്കോ നിയോ ലിബറല്‍ ക്രമത്തിന്നുള്ളില് പരിഹാരം അന്വേഷിക്കുന്നതിനു അപ്പുറം ബോധ്യങ്ങള്‍ പങ്കു വെക്കാന്‍ ശ്രമിക്കുന്ന സംഘടിതരും അല്ലാത്തവരും ആയ പതിനായിരങ്ങള്‍ കേരളത്തില്‍ ഉണ്ട് . അവര്‍ എല്ലാവരും ബുദ്ധി ജീവികളോ, സി പി ഐ (എം) എം വിരുദ്ധരോ ആവണം എന്നില്ല . പക്ഷെ അവരെ പേടിപ്പിച്ച് നിശബ്ദരാക്കാന്‍ ആദ്യം എത്തുന്ന കൊലയാളി സംഘങ്ങള്‍ ചെങ്കൊടി യേന്തുന്നവര് ആണെന്നതാണ് ചന്ദ്ര ശേഖരന് വധത്ത്തിലൂടെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ഗൌരവമായ രാഷ്ട്രീയ പ്രശ്നം .ജനാധിപത്യാവകാഷങ്ങളുടെ സംരക്ഷണം കംമ്യൂനിസ്ടുകാര്‍ക്ക് എത്ര വിലപ്പെട്ടതാണെന്ന് ഇത് കാട്ടിത്തരുന്നു .
"സിപിഎം-ന്റെ സോഷ്യല്‍ ഫാസിസ്റ്റ് സ്വഭാവം സംഘടനാപരമായ പിഴവല്ലെന്നും വളരെ ആഴത്തിലുള്ള ആശയപരമായ വ്യതിയാനങ്ങളുടെ ഫലമാണെന്നുമുള്ള ബോധത്തിന് ഈ ദിശാബോധം ആവശ്യമാണ്. അല്ലാത്തപക്ഷം, സോഷ്യല്‍ ഫാസിസ്റ്റുകളുടെ പകപോക്കലിനെ കമ്മ്യൂണിസ്റ്റുകാരുടെ 'ജനിതകമായ' അസഹിഷ്ണുതയായി അടയാളപ്പെടുത്തുന്ന രേഖീയമായ കഥാകഥനരീതിയുടെ ഉപഭോക്താക്കള്‍ മാത്രമായി നീതിബോധം പരിമിതപ്പെടും. അത്തരം പരിമിതപ്പെടുത്തലുകളാണ് മുഖ്യധാര മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഈ പരിമിതികളെ ഭേദിക്കുന്ന രാഷ്ട്രീയമായ ഉള്‍കാഴ്ചകളും അവബോധവുമാണ് വര്‍ത്തമാനകാലം നമ്മോട് ആവശ്യപ്പെടുന്നത്."
സി ഐ ഐ (എം) ന്റെ ഒരു ജില്ലാ സെക്രട്ടറി പ്രസംഗിച്ചത് നോക്കുക :
"കേസ് പിന്നെ എങ്ങനെയാ ഉണ്ടാകുന്നതെന്ന് എനിക്കറിയാം. ഞാനൊരു പത്തിരുന്നൂറ് കേസിലെങ്കിലും പ്രതിയായിട്ടുണ്ട്. എന്തിനാ. . . സമരം; തോട്ടം സമരത്തിനാ. എന്റെ പ്രിയ സുഹൃത്തുക്കളേ ഞാന്‍ വഴിയേപോകാത്ത 50 കേസിലെങ്കിലും പ്രതിയായിട്ടുണ്ട്. എന്റെ പേര് ഒന്നാം നമ്പരാണ്. ഒന്നാം പ്രതിയാണ്. പോലീസ് കേസെടുക്കുന്നതോ തോട്ടമുടമയുടെ കാശു വാങ്ങിയിട്ട്. എന്നെയൊന്നും ഒരു കേസിലും ശിക്ഷിച്ചിട്ടില്ല. അതൊക്കെ നിയമപരമായി നമ്മള് കൈകാര്യം ചെയ്യും.
ഞങ്ങള്‍ക്കറിയാം ലക്ഷക്കണക്കിന് ആളുകളെ കൊന്ന് കുഴിച്ചുമൂടിയവരാ ഒരു ചന്ദ്രശേഖരന്റെ പേരില്‍ മനസ്താപിക്കാന്‍ വന്നിരിക്കുന്നത്. ഞങ്ങള്‍ ഇത് വെറും പൂട പോലാ കാണുന്നത്. അല്ലേ കണ്ടോ. ഞങ്ങടെയെല്ലാം പാര്‍ട്ടി പിരിച്ചുവിടുമെന്നാണോ ഉമ്മന്‍ചാണ്ടീം മറ്റവനും എല്ലാം വിചാരിക്കുന്നത്. ഇത് വേറെയാ പാര്‍ട്ടി. പണി തുടങ്ങാന്‍ പോകുന്നതേയുള്ളൂ. 1982-ല്‍ ഞങ്ങള്‍ എന്തെല്ലാം കാണിച്ചു. ശാന്തന്‍പാറ, രാജാക്കാട് മേഖലയില്‍ കോണ്‍ഗ്രസ്സും പോലീസും പോലീസ് ഗുണ്ടകളും തോക്കുമായി എസ്റ്റേറ്റുകളില്‍ പോയി യൂണിയന് രാജിവയ്പിച്ച് ഐ.എന്‍.ടി.യു.സി. ഉണ്ടാക്കിച്ചു. നൂറുകണക്കിന് കേസ് ഞങ്ങള്‍ക്കുമേല്‍. മത്തായി എന്നുപറയുന്ന ഒരു വായിനോക്കി എസ്.ഐ. അവിടെ. ജില്ലാ പോലീസ് സൂപ്രണ്ട് വേറൊരു വായിനോക്കി. ആഭ്യന്തരമന്ത്രി ഒരു വായിനോക്കി; വയലാര്‍ രവി. ഇവര്‍ ചെയ്തതാ.
ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി. 13 പേര്. വണ്‍, ടൂ, ത്രീ, ഫോര്‍. . . ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത് ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ലേ, ഒന്നാം പേരുകാരനെ ആദ്യം വെടിവെച്ച്, രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു.
അതോടുകൂടി ഖദര്‍ വലിച്ചിട്ടേച്ച് കോണ്ഗ്രസ്സുകാര് അവിടെനിന്ന് ഊളിയിട്ടു. പിന്നെ കുറച്ചുനാളത്തേക്ക് ഞാനീ ഖദറും ഇട്ടോണ്ട് നടന്നോട്ടേന്ന് ഞങ്ങളോട് ചോദിക്കുമായിരുന്നു. കാരണമെന്താ? അടി പേടിച്ച്. അതുകൊണ്ട് ഞങ്ങളെ, ഒരുമാതിരി വെടിക്കെട്ടുകാരന്റെ പട്ടീനെ ഉടുക്കുകൊട്ടി പേടിപ്പിക്കാനൊന്നും ആരും നോക്കേണ്ട. ഞങ്ങളിതെല്ലാം കുറേ കണ്ടതാ. കാരണം, കൈകാര്യം ചെയ്ത് ശീലമുണ്ട്. എന്തെല്ലാമാ ഇവിടെ പറയുന്നത്. ചന്ദ്രശേഖരന്റെ മരണമെന്നുവച്ചാ ഇതിനു മുമ്പുവരെ ഇവിടെ ആരെയെും കൊന്നിട്ടില്ല, ആരും മരിച്ചിട്ടുണ്ടോ, രക്തസാക്ഷികളായിട്ടുണ്ടോ? അഴീക്കോടന്‍ രാഘവന് ജ്വലിക്കുന്ന രക്തസാക്ഷി. കോണ്‍ഗ്രസ്സുകാരും നക്സലൈറ്റുകളുംകൂടി കൊന്നില്ലേ. അന്നേരമൊന്നും ഇല്ലാത്ത ആവേശമാണ് ചന്ദ്രശേഖരന്റെ കാര്യത്തില്‍. ഗാന്ധിജിപോലും തോറ്റുപോകുന്ന വിപ്ലവകാരിയല്ലേയിത്. "
Even when one says 'Renegade' could be the equivalent of Malayalam Word 'Kulam kuthi' in the context in which CPI(M) leaders had used, we find that the origin of renegade is in the medieval Europe (Spanish)!
I doubt if Marx himself could have used it, though many communist leaders and Marxist writers have certainly used it to describe the enemies of the working class movement from within!
കുലം കുത്തികള്‍ എന്ന വാക്ക് renegade എന്ന പ്രയോഗത്തിനു സമാനം ആണെന്ന് വരുത്തിത്തീര്‍ത്താല്‍ തീരുന്നതാണോ ആ പദം സി പി ഐ (എം ) നേതൃത്വം അതിന്റെ വിമര്‍ശകരെ യും വിമതരെയും വേട്ടയാടുന്നതിനു പ്രതികാരബുദ്ധിയും ശത്രുതയും വളര്‍ത്താന്‍ ധാരാളമായി ഉപയോഗിച്ചത് ?
renegade എന്ന വാക്ക് തന്നെ വളരെ അപൂര്‍വ്വമായ സന്ദര്‍ഭങ്ങളില്‍ മാത്രം ആണ് കമ്മ്യൂണിസ്റ്റു നേതൃത്വങ്ങള്‍ ഉപയോഗിച്ചത് എങ്കില്‍പ്പോലും, ആ പദ പ്രയോഗത്ത്തിന്റെ ഉത്ഭവം മധ്യ കാലത്തായിരുന്നു;
അവിശ്വാസികള്‍ക്കും മത നിന്ദകര്ക്കും എതിരെ കുറ്റം ചാര്‍ത്താനും പലപ്പോഴും കൊല്ലാനും സംഘടിത മതങ്ങള്‍ ഉപയോഗിച്ച ആ വാക്കിന് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കംമ്യൂനിസ്ടുകാര്‍ ചിലപ്പോള്‍ പുരോഗമന വിരുദ്ധര്‍ , യാഥാസ്ഥിതികര്‍ എന്ന പുതിയ അര്‍ഥം നല്‍കിയേക്കും . എങ്കില്‍പ്പോലും നിയതം ആയ അര്‍ത്ഥമോ , കൃത്യതയോ ഇല്ലാത്ത ഒരു പ്രയോഗം ആണ് അത് ; ശാസ്ത്രീയമായ മാര്‍ക്സിസ്റ്റു പദാവലികളില്‍ അതിന് മിക്കവാറും സ്ഥാനം ഇല്ലെന്നു തന്നെ പറയാം .
Merriam -Webster Dictionary online has the following entry :
Definition of RENEGADE
1
: a deserter from one faith, cause, or allegiance to another
2
: an individual who rejects lawful or conventional behavior
See renegade defined for English-language learners »
See renegade defined for kids »
Examples of RENEGADE
renegades from the Republican Party
stories about pirates and renegades on the high seas
Origin of RENEGADE
Spanish renegado, from Medieval Latin renegatus, from past participle of renegare to deny, from Latin re- + negare to deny — more at negate
First Known Use: 1583
Related to RENEGADE
Synonyms: apostate, defector, deserter, recreant
Antonyms: loyalist
അതിനാല്‍, മറ്റെന്തിലും ഉപരിയായി,മാര്‍ക്സിസവും അനാര്ചിസവും ഒന്നല്ല എന്ന സുപ്രധാനമായ തിരിച്ചറിവ് കാലഘട്ടം ആവശ്യപ്പെടുന്നു!
Post a Comment