തുഷാർ നിർമൽ സാരഥി
"രാജ്യം അപകടത്തിലേക്ക്, അത് കൊണ്ട് ഞങ്ങളെ വിജയിപ്പിക്കുക" എന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ പോലെ തന്നെ പതിനഞ്ചാം ലോകസഭ തെരെഞ്ഞെടുപ്പിലും നമ്മുടെ പ്രധാന രാഷ്ട്രീയ പാർട്ടികളും മുന്നണികളും ഉയർത്തുന്ന പ്രധാന വിഷയം എന്ന് സാമാന്യമായി പറയാമെന്നു തോന്നുന്നു. നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ ഫാസിസ്റ്റുകൾ അധികാരത്തിലേക്ക് വരുന്നത് തടയാനുള്ള ചരിത്രപരമായ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് തങ്ങൾക്കു വോട്ടു ചെയ്യണമെന്നു പർലമെന്ററി ഇടതുപക്ഷം ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്കുന്നതും ഒരു കാലത്ത് തങ്ങൾ കൂടി പങ്കാളികളായിരുന്നതുമായ യു.പി.എ സഖ്യത്തിന്റെ അഴിമതിക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെ വോട്ടു ചെയ്യണമെന്നും അവർ ആവശ്യപ്പെടുന്നു. അഴിമതിയേക്കാൾ ഭീകരമായ ഫാസിസത്തിനെതിരെ ജനാധിപത്യ ബദൽ രൂപികരിക്കാൻ (പാർലമെന്ററി) ഇടതു പാർട്ടികൾക്ക് വോട്ടു ചെയ്യണമെന്ന ആവശ്യം മുൻനിറുത്തിയുള്ള പ്രചാരണങ്ങൾ സോഷ്യൽ നെറ്റ്‌വർക്ക് മീഡിയകളിൽ വളരെ സജീവമാണ്.
ഇത്തരം പ്രചാരണങ്ങളുടെ പ്രധാന പ്രശ്നം ഇന്ത്യൻ ഫാസിസത്തെ നരേന്ദ്രമോഡിയെ അധികാരത്തിൽ നിന്നും അകറ്റി നിറുത്തുക എന്ന ഒറ്റ അജണ്ടയിൽ ഊന്നി കൊണ്ട് വിലയിരുത്തുന്നു എന്നതാണ്. ഫാസിസ്റ്റുകളെ അധികാരത്തിൽ നിന്നും അകറ്റി നിറുത്തുക എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചിട്ടുള്ള ആദ്യത്തെ തെരഞ്ഞെടുപ്പല്ല ഇത്. നരസിംഹ റാവു ഭരണത്തിനു ശേഷം നടന്ന എല്ല ലോകസഭ തെരഞ്ഞെടുപ്പിലും നമ്മൾ ഇതേ മുദ്രാവാക്യം കേൾക്കുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലം ഫാസിസത്തിനെതിരായ സമരത്തിന്റെ അനുഭവ പാഠം എന്താണെന്ന് ചരിത്രപരമായി വിലയിരുത്തി കൊണ്ട് കൃത്യമായ ഒരു പരിപാടിയുടെ അടിസ്ഥാനത്തിലല്ല ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇടതിന് വോട്ടു ചെയ്‌താൽ ഇല്ലാതാവുന്ന ഒന്നല്ല ഫാസിസം. കൃത്യമായും ചരിത്രപരമായ അടിത്തറയുള്ള ഒന്നാണ് മറ്റെവിടെയും എന്നപോലെ ഇവിടെയും ഫാസിസം. ഫാസിസ്റ്റ് പ്രസ്ഥാനങ്ങളെ സാധ്യമാക്കുന്ന ആ ചരിത്രപരവും സാമൂഹ്യവുമായ സാഹചര്യങ്ങളിൽ ഇടപെടുകയും അവയെ മാറ്റിതീർക്കുകയും ചെയ്യുക എന്നതാണ് ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം. പക്ഷെ ആ ഉത്തരവാദിത്തത്തെ വിപണി-ജനാധിപത്യത്തിന്റെ, വോട്ടു രാഷ്ട്രീയത്തിന്റെ പരിമിത വൃത്തത്തിനുള്ളിൽ തളച്ചിടുകയാണ് വ്യവസ്ഥാപിത ഇടതുപക്ഷം ചെയ്യുന്നത്. പർലമെന്ററി രാഷ്ട്രീയത്തിന്റെ ചട്ടകൂടിനുള്ളിൽ പരിഹരിക്കാവുന്ന ഒന്നല്ല ഫാസിസ്റ്റുകളുടെ വെല്ലുവിളി. മറിച്ച് ഫാസിസത്തെ സാധ്യമാകുന്നതിൽ നിലനിൽക്കുന്ന പർലമെന്ററി വ്യവസ്ഥയും അതിലെ ഘടനാപരമായ അനീതികളും അത് സംരക്ഷിക്കുന്ന സാമൂഹ്യ സാഹചര്യങ്ങളും വലിയ പങ്കുവഹിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ നരേന്ദ്ര മോഡിയെ പതിനഞ്ചാം ലോകസഭയിൽ പ്രതിപക്ഷത്തിരുത്തിയാലും ഫാസിസ്റ്റുകൾ ഉയർത്തുന്ന വെല്ലുവിളി കുറയുകയോ ഇല്ലാതാവുകയോ ഇല്ല. കക്ഷി രാഷ്ട്രീയത്തിന്റെ ആന്ധ്യം ബാധിച്ചവർക്കും, മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സത്ത കയ്യൊഴിഞ്ഞവർക്കും മാത്രമേ മറിച്ചു ചിന്തിക്കാൻ കഴിയു.
ഫാസിസത്തെ സാധ്യമാക്കുന്ന ഈ സാമൂഹ്യ സാഹചര്യങ്ങളെ തുറന്നെതിർത്തു കൊണ്ട് മാത്രമേ നമുക്ക് ഫാസിസത്തെ ചെറുക്കാൻ കഴിയു. അത് കൊണ്ട് തന്നെ ഫാസിസത്തെ സാധ്യമാക്കുന്ന നിലനില്ക്കുന്ന തെരഞ്ഞെടുപ്പിനെ, വിപണി-ജനാധിപത്യത്തെ തള്ളി കളയെണ്ടതുണ്ട്. യഥാർത്ഥ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ തുടക്കം അവിടെ നിന്നുമായിരിക്കും.അല്ലാതെ വ്യാമോഹങ്ങൾ തീർത്തുകൊണ്ട് തല്സ്ഥിതി നിലനിറുത്തുന്ന തെരഞ്ഞെടുപ്പുകളുടെ പുറകെ ജനങ്ങളെ അണിനിരത്താൻ ആഹ്വാനം ചെയ്യുന്നത് തീർച്ചയായും ഫാസിസത്തെ സഹായിക്കലാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ കസർത്തുകൾ നല്കുന്ന പാഠം അതാണ് .
തല്സ്ഥിതി നിലനിറുത്തുന്ന തെരഞ്ഞെടുപ്പുകൾക്കപ്പുറത്തേക്ക് കടക്കുകയും കമ്മ്യുണിസ്റ്റ് വിപ്ളവ മൂല്യങ്ങളിലേക്കു തിരിച്ചു പോവുകയും വിമോചാനാത്മകമായ രാഷ്ട്രീയത്തെ ഉയർത്തിപിടിക്കുകയും ചെയ്യുക എന്നത് മാത്രമാണ് വ്യവസ്ഥാപിത ഇടതുപക്ഷത്തിന് മുന്നിലുള്ള വഴി.അല്ലാത്തപക്ഷം പാർലമെന്ററി രാഷ്ട്രീയത്തിന്റെ അരകല്ലിൽ കിടന്നരഞ്ഞ് ഇല്ലാതാവുകയാവും ഇടതുപക്ഷത്തെ കാത്തിരിക്കുന്ന അനിവാര്യമായ വിധി.
No comments:
Post a Comment