Monday, August 25, 2014

രാജ്യദ്രോഹത്തിന്റെ രാഷ്ട്രീയം

കൊളോണിയൽ നിയമങ്ങൾ ഇന്നത്തെ നവ ലിബറൽ ഭരണകൂടത്തിൻറെ കൈകളിലെ ഭദ്രമായ ആയുധങ്ങളായി പരിണമിക്കുന്ന കാഴ്ച്ചയാണ് സൽമാൻ കേസ്സിലൂടെ നാം കാണുന്നത്


മൗലികാവകാശങ്ങളുടെ മേൽ യുക്തിസഹമായ നിയന്ത്രണം ഏർപ്പെടുത്താനുള്ള ഭരണകൂടാധികാരം ഇവിടെ ജനങ്ങളെ അവരുടെ ശരീര ചലനങ്ങൾ മുതൽ രാഷ്ട്രീയാഭിമുഖ്യത്തെ വരെ നിയന്ത്രിക്കുന്ന പരമാധികാരമായി മാറുകയാണ് ചെയ്യുന്നത്.യുക്തിസഹമായ നിയന്ത്രണമെന്നത് ഭരണകൂടത്തിന്റെ, വ്യവസ്ഥയുടെ യുക്തിക്ക് അനുയോജ്യമായ നിയന്ത്രണമായി മാറുമ്പോൾ സംഘടിക്കാനും ആശയപ്രചരണത്തിനും,സഞ്ചരിക്കുന്നതിനും മറ്റുമുള്ള എല്ലാ മൗലികാവകാശങ്ങളും വലിയ തോതിൽ നിയന്ത്രിക്കപ്പെടുകയും മോണിടർ ചെയ്യപ്പെടുകയും ചെയ്യുന്നു.ഭരണകൂടം ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾക്ക് അകത്താണ് മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടുക എന്ന നവലിബറൽ യുക്തിയെ അത് സ്ഥാപിച്ചെടുക്കുന്നു.മൗലികാവകാശങ്ങൾ ഭരണകൂടത്തിന്റെ ഔദാര്യമായി മാറുന്നതിലേക്കാണ് ഇത് നമ്മെ കൊണ്ടുചെന്നെത്തിക്കുക.

തുഷാർ നിർമൽ സാരഥി 

ദേശീയഗാനത്തേയും ദേശീയ പതാകയേയും ദേശീയതയെയും അപമാനിച്ചു എന്നാരോപിച്ച് തമ്പാനൂർ പൊലീസ് സൽമാനും സുഹൃത്ത് ദീപക്കിന
ുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ്സെടുത്തിരിക്കുകയാണ്.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 A,ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ 66(എ),പ്രിവെൻഷൻ ഓഫ് ഇൻസൽറ്റ് ടു നാഷണൽ ഹോണർ ആക്ടിലെ 2,3 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്സെടുത്തിരിക്കുന്നത്.ഇതിൽ 124 എ (രാജ്യദ്രോഹം) ഒഴിച്ചുള്ള മറ്റു വകുപ്പുകൾ എല്ലാം ജാമ്യം ലഭിക്കാവുന്നവയാണ്. 


ഇന്ത്യൻ ശിക്ഷ നിയമത്തിലെ ആറാം അധ്യായത്തിൽ സ്റ്റേറ്റിനെതിരായ കുറ്റകൃത്യങ്ങൾ എന്ന തലക്കെട്ടിനു കീഴിലാണ് 124എ ഉൾപ്പെടുത്തിയിരിക്കുന്നത്.ബ്രിട്ടിഷ് ഭരണത്തിൽ 1837- 1839 കാലത്ത് അവതരിപ്പിക്കപ്പെട്ട ഡ്രാഫ്റ്റ് പീനൽ കോഡിൽ 113 ആം വകുപ്പായാണ് രാജ്യദ്രോഹകുറ്റം ഉൾപ്പെടുത്തിയിരുന്നത്.പക്ഷെ 1860-ൽ നിയമമാക്കപ്പെട്ടപ്പോൾ രാജ്യദ്രോഹകുറ്റം അതിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു.എന്നാൽ 1870ൽ 27ആം ഭേദഗതി നിയമപ്രകാരം രാജ്യദ്രോഹകുറ്റം ഇന്ത്യൻ ശിക്ഷാ നിയമത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു.അന്നുമുതൽ ഇന്ത്യൻ ശിക്ഷ നിയമത്തിലെ രാഷ്ട്രീയ കുറ്റകൃത്യങ്ങളിൽ പ്രധാനപ്പെട്ട ഒരു വകുപ്പായി അത് തുടരുന്നു.

കൊളോണിയൽ ഭരണകൂടം തങ്ങളുടെ അധികാരം ഉറപ്പിക്കുന്നതിനാണ് രാജ്യദ്രോഹകുറ്റം ഇന്ത്യൻ നിയമ സംഹിതയിൽ ഉൾപ്പെടുത്തിയത്. തങ്ങൾക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താൻ അവർ 124 എ ഉപയോഗിച്ചു.124a ക്കെതിരെ ഈ കാലഘട്ടത്തിൽ തന്നെ നിയമപോരാട്ടങ്ങളും ഉയർന്നിരുന്നു.'ബങ്കൊഭാസി കേസ്',ബാലഗംഗാധര തിലകനെതിരയ കേസ്സ് എന്നിവയായിരുന്നു അവയിൽ പ്രധാനപ്പെട്ടത്.ഈ രണ്ടു കേസ്സിലും പ്രതികളെ ശിക്ഷിക്കുകയായിരുന്നു.124 എ യിലെ 'രാജ്യത്തോട് കൂറില്ലായ്മ കാണിക്കുക' എന്ന നിർവ്വചനത്തെ തീർത്തും സങ്കുചിതമായി വ്യാഖ്യാനിച്ചാണ് ഈ രണ്ടു കേസ്സിലും വിധിയുണ്ടായത്.

സ്വാതന്ത്ര്യാനന്തരം കൊളോണിയൽ പാരമ്പര്യത്തിലൂന്നിയ മറ്റു നിയമങ്ങളോടൊപ്പം രാജ്യദ്രോഹകുറ്റവും നമ്മുടെ നിയമ പുസ്തകങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടുന്നതാണ് കണ്ടത്.കോണ്‍ഗ്രെസ്സ് ഭരണകാലത്ത് കമ്മ്യുണിസ്റ്റുകൾക്കും ദേശീയ വിമോചന പോരാളികൾക്കും എതിരെ രാജ്യദ്രോഹകുറ്റം ഉപയോഗിക്കപ്പെട്ടു.കമ്മ്യുണിസ്റ്റ് പാർടി അധികാരത്തിലിരുന്ന സംസ്ഥാനങ്ങളിൽ നക്സലൈറ്റ്കളെ നേരിടാനും 124a വകുപ്പ് ഉപയോഗിക്കപ്പെട്ടു.അധികാരത്തിലിരിക്കുന്നവരുടെ രാഷ്ട്രീയ എതിരാളികൾക്കെതിരെ നിരന്തരം പ്രയോഗിക്കപ്പെട്ട ഒരു വകുപ്പാണ് 124a എന്ന് കാണിക്കാൻ വേണ്ടിയാണ് ഇത്രയും പറഞ്ഞത്.

1962ൽ കേദാർ നാഥ് എന്നയാൾ സുപ്രീം കോടതിയിൽ 124a ക്കെതിരെ നൽകിയ കേസ്സിൽ ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് രാജ്യദ്രോഹകുറ്റം എന്ന വാദം ഉയർത്തപ്പെട്ടു കേദാർ നാഥിന്റെ കേസ്സിനോപ്പം സമാനമായ നിയമപ്രശ്നങ്ങൾ ഉന്നയിച്ച ഉത്തർപ്രദേശിൽ നിന്നുമുള്ള മൂന്നു കേസ്സുകൾ കൂടി സുപ്രീം കോടതി പരിഗണിക്കുകയുണ്ടായി.


ഭരണഘടനയുടെ ഒന്നാം ഭേദഗതി അനുസരിച്ച് പൗരന്മാരുടെ മൗലികാവകാശങ്ങൾക്ക് മേൽ 'യുക്തിപൂർണമായ നിയന്ത്രണങ്ങൾ' ഏർപ്പെടുത്താൻ ഭരണകൂടത്തിനു അധികാരമുണ്ടെന്ന് കണ്ട സുപ്രീംകോടതി 124a യുടെ ഭരണഘടനാ സാധുത അംഗീകരിച്ചു. അതെ സമയം കൊളോണിയൽ കാലഘട്ടത്തിൽ നിന്നും വ്യത്യസ്തമായി പൊതു ക്രമത്തിനു ഭംഗം വരുത്തുന്നതോ അക്രമത്തിനു പ്രേരകമാകുന്നതോ അല്ലെങ്കിൽ അത്തരം പ്രവണതകൾ ഉള്ളതോ ആയ കൃത്യങ്ങൾക്കായി മാത്രം 124a യുടെ പ്രയോഗം ചുരുക്കി നിശ്ചയിച്ചു.ഇന്ന് നമ്മുടെ നാട്ടിലെ രാജ്യദ്രോഹകുടറ്റത്തിന്റെ പ്രയോഗം ഈ വിധിന്യായത്തിലെ വ്യവസ്ഥകൾക്കനുസരിച്ച് മാത്രമാണ്.ഇതനുസരിച്ച് സൽമാൻറെ പരാമര്ശങ്ങളും പ്രവർത്തിയും പൊതു ക്രമത്തിന് ഭംഗം വരുത്തുകയോ അക്രമത്തിനുള്ള ആഹ്വാനമാവുകയോ ചെയ്‌താൽ മാത്രമേ 124a പ്രകാരമുള്ള കുറ്റാരോപണം നിലനിൽക്കുകയുള്ളൂ എന്നിരിക്കെ തമ്പാനൂർ പോലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസ്സ് അമിതാധികാര പ്രയോഗവും മനുഷ്യാവകാശ ധ്വംസനവും അത്യന്തം അപലപനീയവുമാണ്.ഇന്ത്യൻ ദേശീയത ഒന്ന് കൂവി വിളിക്കുമ്പോഴേക്കും അല്ലെങ്കിൽ ഒരു തെറി വാക്കിലും വ്രണപ്പെടുന്നതാണോ? എന്നിട്ടും എന്ത് കൊണ്ടാണ് സൽമാനെതിരെ രാജ്യദ്രോഹകുറ്റം ആരോപിക്കപ്പെട്ടത് ?

കൊളോണിയൽ നിയമങ്ങൾ ഇന്നത്തെ നവ ലിബറൽ ഭരണകൂടത്തിൻറെ കൈകളിലെ ഭദ്രമായ ആയുധങ്ങളായി പരിണമിക്കുന്ന കാഴ്ച്ചയാണ് സൽമാൻ കേസ്സിലൂടെ നാം കാണുന്നത്. രണ്ടു തരത്തിലാണ് ഇത് സംഭവിക്കുന്നത്.124a പോലുള്ള ഇന്ത്യൻ നിയമ സംവിധാനത്തിൽ നിലനിർത്തപ്പെട്ട നിയമങ്ങളുടെ പ്രയോഗമാണ് ഒന്നാമത്.രണ്ടാമതായി കൊളോണിയൽ കാലഘട്ടത്തിൽ നിലനിന്നിരുന്ന പിന്നീട് പിൻവലിക്കപ്പെട്ടതുമായ നിയമങ്ങൾ തിരികെ കൊണ്ട് വരുന്നു.1919ൽ നടപ്പാക്കപ്പെട്ട രൗലറ്റ് ആക്റ്റ് ടാഡയുടെയും പോട്ടയുടെയും ഇപ്പോൾ യു.എ.പിഎ യുടെയും രൂപത്തിൽ തിരിച്ചു വന്നത് ഇതിന്റെ ഉദാഹരണമാണ്.മൗലികാവകാശങ്ങളുടെ മേൽ യുക്തിസഹമായ നിയന്ത്രണം ഏർപ്പെടുത്താനുള്ള ഭരണകൂടാധികാരം ഇവിടെ ജനങ്ങളെ അവരുടെ ശരീര ചലനങ്ങൾ മുതൽ രാഷ്ട്രീയാഭിമുഖ്യത്തെ വരെ നിയന്ത്രിക്കുന്ന പരമാധികാരമായി മാറുകയാണ് ചെയ്യുന്നത്.യുക്തിസഹമായ നിയന്ത്രണമെന്നത് ഭരണകൂടത്തിന്റെ, വ്യവസ്ഥയുടെ യുക്തിക്ക് അനുയോജ്യമായ നിയന്ത്രണമായി മാറുമ്പോൾ സംഘടിക്കാനും ആശയപ്രചരണത്തിനും,സഞ്ചരിക്കുന്നതിനും മറ്റുമുള്ള എല്ലാ മൗലികാവകാശങ്ങളും വലിയ തോതിൽ നിയന്ത്രിക്കപ്പെടുകയും മോണിടർ ചെയ്യപ്പെടുകയും ചെയ്യുന്നു.ഭരണകൂടം ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾക്ക് അകത്താണ് മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടുക എന്ന നവലിബറൽ യുക്തിയെ അത് സ്ഥാപിച്ചെടുക്കുന്നു.മൗലികാവകാശങ്ങൾ ഭരണകൂടത്തിന്റെ ഔദാര്യമായി മാറുന്നതിലേക്കാണ് ഇത് നമ്മെ കൊണ്ടുചെന്നെത്തിക്കുക. അധീശ സമൂഹത്തിന്റെ ആശയമണ്ഡലത്തെ സ്ഥാപിച്ചെടുക്കുന്നതിൽ ഇത്തരം കേസുകളും അവ സംബന്ധിച്ച ചർച്ചകളും വലിയ പങ്കു വഹിക്കുന്നുണ്ട്.

വ്യത്യസ്തതകളും,വിയോജിപ്പും എതിർപ്പുകളുമില്ലാത്ത സമൂഹമാണ് സുരക്ഷിത സമൂഹം എന്ന അധീശ സമൂഹത്തിന്റെ യുക്തിയാണ് സൽമാൻ കേസ്സിന് അടിത്തറ പാകുന്നത്.രാഷ്ട്രീയമായ എതിർപ്പുകളെ,വ്യത്യസ്തതകളെ,വിയോജിപ്പുകളെ ക്രിമിനൽവല്ക്കരിക്കുക എന്ന തന്ത്രം തന്നെയാണ് ഇവിടെയും ആവർത്തിക്കുന്നത്. ഇത്തരം ഒരു കേസ്സിൽ പ്രതിയാക്കപ്പെടുന്ന സൽമാനെ പോലുള്ള സാധാരണ മനുഷ്യരെ അന്താരാഷ്‌ട്ര ഭീകരനാക്കാനും ഭരണകൂടത്തിന്റെ അപരിമിതമായ ശക്തി അയാൾക്കെതിരെ ഉപയോഗിക്കാനും ഈ ശക്തി പ്രകടനത്തിലൂടെ ജനങ്ങളെ ഭയപ്പെടുത്തി നിശബ്ദരാക്കാനും ഭരണകൂടത്തിനു കഴിയും.അതിനുള്ള ഒരവസരവും ഭരണകൂടം പാഴാക്കില്ല എന്നത് കൊണ്ട് കൂടിയാണ് എല്ലാ അധികാരബന്ധങ്ങളോടും കലഹിക്കുന്ന സൽമാൻ രാജ്യദ്രോഹിയാകുന്നത്.

No comments:

Followers