ഇതിനകം തന്നെ ഏറെ രാഷ്ടീയ മാനങ്ങള്‍ ആർജിച്ചുകഴിഞ്ഞിരിക്കുന്ന നവമ്പർ 2 ന്റെ ചുംബനോത്സവവുമായി ബന്ധപ്പെട്ട് അവസാനം കേരളത്തിലെ മുഖ്യധാരാ ഇടത് വിപ്ലവ യുവജന സംഘടന അതിന്റെ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നു. എവിടെയും തൊടാതെയും മുക്കിയുംമൂളിയുമാണ് അവർ നിലപാട് പറഞ്ഞിരിക്കുന്നത്. അതിൽ നിന്നും വ്യത്യസ്തമായി ഇതിന്റെ രാഷ്ടീയ മാനങ്ങൾ, എന്തുകൊണ്ട് പുരോഗമന ജനാധിപത്യ ശക്തികൾ ഇതിനെ പിന്തുണക്കണം എന്ന് വ്യക്തമാക്കുന്നു പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായ തുഷാർ നിർമൽ.
നവമ്പർ 2 നു എറണാകുളത്ത് മറൈൻ ഡ്രൈവിൽ നടക്കുന്ന "കിസ്സ് ഓഫ് ലവ് " പരിപാടിയെ കഴിയാവുന്ന എല്ലാ സുഹൃത്തുക്കളും പിന്തുണയ്ക്കുക.
കോഴിക്കോട് റസ്റ്റോരന്റ് അടിച്ചു തകർത്ത യുവമോർച്ചയുടെ നടപടിയോട് ചെറുപ്പക്കാരുടെ പൊടുന്നനെയുള്ള പ്രതിഷേധമായിട്ടാണ് "കിസ്സ് ഓഫ് ലവ് " പരിപാടി സംഘടിപ്പിക്കുന്നത് എന്ന് മനസ്സിലാക്കുന്നു .
യുവമോർച്ച അടക്കമുള്ള സംഘ പരിവാർ സംഘടനകളുടെ സവർണ്ണ ഫാസിസത്തിനെതിരായ പ്രതിഷേധമെന്ന നിലയിൽ "കിസ്സ് ഓഫ് ലവ് " പരിപാടിക്ക് രാഷ്ട്രീയമായി എന്ത് പോരായ്മകളുണ്ടെങ്കിലും ഇന്നത് സവർണ്ണ ഫാസിസത്തിൻറെ ഇടുങ്ങിയ സദാചാര ബോധത്തിനെതിരായ തുറന്ന വെല്ലുവിളിയായി മാറിയിരിക്കുകയാണ് . പരിപാടി തടയുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു കൊണ്ട് സംഘപരിവാർ സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട് . ടി . വി ചാനലിൽ ഇന്റർവ്യൂ നൽകാനെത്തിയ സംഘാടകരെ തടഞ്ഞുകൊണ്ട് കൊണ്ഗ്രസ്സുകാരും പരിപാടി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ . എസ് . യു .വും പരിപാടിയ്ക്ക് അനുമതി നല്കില്ലെന്ന് പ്രഖ്യാപിച്ചു കേരള പോലീസും. ഈ സാഹചര്യത്തിൽ പുരോഗമന ജനാധിപത്യ ശക്തികൾ ഈ പരിപാടിയെ പിന്തുണയ്ക്കേണ്ടതാണെന്ന് ഞങ്ങൾ കരുതുന്നു .
മേൽകീഴ് തട്ടുകളായി വർത്തിക്കുന്ന അസമത്വത്തിന്റെയും മർദ്ദനത്തിന്റെയും ആശയമായ ബ്രാഹ്മണ്യ വാദം നമ്മുടെ സമൂഹത്തിലെ അധീശ പ്രത്യയ ശാസ്ത്രത്തിൻറെ ഉൾക്കാമ്പാണ് . അത് ശരീരത്തെ അധമമായി കാണുന്നു . കായികാധ്വാനത്തെ മ്ലേച്ചമായി കാണുന്നു . സ്ത്രീയെ കേവലം ലൈംഗിക ഉപകരണമായും പാരമ്പര്യത്തിന്റെയും കുടുംബ- കുല -വംശ മഹിമയുടെ വാഹകരായും മാത്രം കാണുന്നു . ഇത് മനുഷ്യരെ മേൽക്കീഴു തട്ടുകളായി തിരിക്കുകയും ദളിതർക്ക്മേൽ ദുസ്സഹവും മനുഷ്യത്വ രഹിതവുമായ സാഹചര്യങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു . വംശീയ വെറിയും ആദിവാസികളോട് വെറുപ്പും മത ന്യൂന പക്ഷങ്ങൾക്ക് നേരെ പ്രത്യേകിച്ചു മുസ്ലീംകൾക്ക് നേരെ വർഗീയ ശത്രുതയും ഉൽപ്പാദിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു . (അക്രമിക്കപ്പെട്ടത് മുസ്ലീം ചെറുപ്പക്കാരുടെ ഉടമസ്ഥതയുടെ ഉടമസ്ഥതയിലുള്ള റസ്റ്റോരന്റ് ആണെന്നത് യാദൃശ്ചികമല്ല ). നമ്മുടെ നാട്ടിലെ സവിശേഷ സാഹചര്യത്തിൽ ഇവിടത്തെ പിന്തിരിപ്പനായ എല്ലാത്തിന്റെയും അകക്കാമ്പാണ് ബ്രാഹ്മണ്യ ലോക വീക്ഷണവും മൂല്യ ബോധവും .നമ്മുടെ സമൂഹത്തിന്റെ യഥാർത്ഥ ജനാധിപത്യ വല്ക്കരണത്തിനും വികാസത്തിനും പുരോഗതിക്കും ഏറ്റവും വലിയ തടസ്സമായി നമ്മെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കുന്ന ചങ്ങല യുവ മോർച്ച ഉൾപ്പടെയുള്ള സവർണ്ണ ഫാസിസ്റ്റുകളുടെ പ്രത്യയശാസ്ത്രം ഈ ബ്രാഹ്മണ്യമാണ് . അവർ പിന്തുടരുന്ന മൂല്യ ബോധത്തെ ചോദ്യം ചെയ്യാനുള്ള ചെറിയ ശ്രമങ്ങൾ പോലും സഹിഷ്ണുതയോടെ കാണാനുള്ള ജനാധിപത്യ ബോധം പോലും അതിനില്ല . അതുകൊണ്ട് തന്നെ തീർത്തും ജനാധിപത്യ വിരുദ്ധമായി ഈ പരിപാടി തടയുമെന്ന് അവർ പ്രഖ്യാപിച്ചു കഴിഞ്ഞു .
കോണ്ഗ്രസ് ഉൾപ്പടെ നമ്മുടെ നാട്ടിലെ എല്ലാ ഭരണവർഗ്ഗ രാഷ്ട്രീയ പാർട്ടികളും പങ്കുവെക്കുന്ന മൂല്യബോധം ബ്രാഹ്മണ്യത്തിന്റെതാണ്.അത് കൊണ്ട് 'സ്നേഹചുംബനം' പരിപാടി സദാചാരവിരുദ്ധമാണെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ അവർക്ക് ഒട്ടും സമയം വേണ്ടി വന്നില്ല.നമ്മുടെ പൈതൃകവും സാംസ്ക്കാരിക മൂല്യങ്ങളും സംരക്ഷിക്കണമെന്ന് കെ.എസ്.യു ആവശ്യപ്പെടുമ്പോൾ സദാചാരമൂല്യങ്ങൾ സംരക്ഷിക്കേണ്ടത് പൗരധർമ്മമാണെന്നു ബി.ജെ.പി ഓർമിപ്പിക്കുന്നു.ഭാഷകളിൽ പോലും അവർക്ക് എന്തൊരു ഐക്യം
.
അപ്പോൾ ഭരണകൂടമോ? നമ്മുടെ പോലീസോ?
ജീവനും സ്വത്തും സംരക്ഷിക്കാൻ കുറ്റകൃത്യങ്ങൾ തടയാൻ വേണ്ടിയാണ് പോലിസ് എന്നാണു പൊതുവിൽ പറയപ്പെടുന്നത്. എന്നാൽ ചൂഷകവർഗ്ഗങ്ങളുടെ ലോകവീക്ഷണത്തിനും മൂല്യബോധത്തിനുമനുസരിച്ച് ജനങ്ങളെ നിയന്ത്രിക്കുന്ന സംവിധാനം കൂടിയാണ് പോലിസ്. കേരള പോലീസും ഇതിനു അപവാദമല്ല. ഭരണവർഗ്ഗങ്ങളുടെ മൂല്യബോധത്തിന്റെയും ലോകവീക്ഷണത്തിന്റെയും അകക്കാമ്പ് ബ്രാഹ്മണ്യമാകുമ്പോൾ പോലിസ് ആ മൂല്യബോധത്തിന്റെ സംരക്ഷകരും നടത്തിപ്പുകാരുമാകുന്നു.
നമ്മുടെ നാട്ടിൽ ഏറ്റവുമധികം രജിസ്റ്റർ ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങൾ ഏതൊക്കെയാണ് ? കളവോ പിടിച്ചുപറിയൊ അല്ല...അക്രമവും കൊലപാതകവുമല്ല...മറിച്ചു പൊതുക്രമത്തിനെതിരായ കുറ്റങ്ങൾ ആണ്.
പൊതുഇടങ്ങളിൽ ശല്യമുണ്ടാക്കൽ,പുകവലി,മദ്യപാനം,അശ്ലീല പ്രദർശനം...എന്താണ് പൊതുസ്ഥലത്ത് അശ്ലീല പ്രദർശനം,ശല്യമുണ്ടാക്കൽ ഇതൊക്കെ തീരുമാനിക്കുന്നതിന്റെ മാനദണ്ഡം എന്താണ്...അത് അധീശ പ്രത്യയശാസ്ത്രത്തിന്റെ മൂല്യബോധമല്ലാതെ മറ്റൊന്നുമല്ല.ഫലത്തിൽ പൊതുക്രമം പാലിക്കുക എന്നാൽ ദരിദ്രരുടെ, മർദ്ദിത സാമൂഹ്യ വിഭാഗങ്ങളുടെ പൊതുഇടങ്ങളിലെ സ്വഭാവവും പെരുമാറ്റവും നിയന്ത്രിക്കുക എന്നതാണ്.ഇങ്ങനെ അധീശ പ്രത്യയശാസ്ത്രത്തിന്റെ മൂല്യങ്ങളെ വിപുലമായ ജനവിഭാഗങ്ങൾക്കിടയിൽ അടിച്ചേൽപ്പിക്കുക എന്ന പണിയാണ് പോലിസ് ചെയ്തുവരുന്നത്. 'ലൗ ജിഹാദ്' എന്ന കെട്ടുകഥ ഉണ്ടാക്കി മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നതിൽ പോലിസിനുള്ള പങ്ക് ഓർക്കുക. രാത്രി ബൈക്കിൽ സുഹൃത്തിനൊപ്പം യാത്ര ചെയ്ത നടിയെ പോലിസ് സ്റ്റേഷനിൽ തടഞ്ഞു വച്ച് ആക്ഷേപിച്ച സംഭവം ഓർക്കുക.
അതെ ഭരണകൂടം ആ പഴഞ്ചൻ സദാചാര സംഹിതയുടെ സംരക്ഷകരാണ് അവരിൽ നിന്ന് നമുക്ക് മറ്റൊന്നും പ്രതീക്ഷിക്കാനില്ല.
നവംബർ 2 നു പോലിസ് ഈ പരിപാടിയെ സവർണ്ണ ഫാസിസ്റ്റുകളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ പോകുന്നില്ല.പകരം അവർ മറ്റൊന്ന് ചെയ്യും.പരിപാടിക്കെത്തുന്നവരെ അറസ്റ്റ് ചെയ്തു നീക്കും.ബദായുൻ സംഭവത്തിൽ സ്ത്രീക്കൂട്ടയ്മ നടത്തിയ പ്രതിഷേധത്തിൽ നമ്മൾ അത് കണ്ടതാണ്.തൃശൂർ റീജിയണൽ തിയേറ്ററിൽ കാശ്മീരി ഹൃസ്വ ചിത്രത്തിനെതിരെ നടന്ന സംഘ പരിവാർ പ്രതിഷേധത്തിൽ നമ്മൾ അത് കണ്ടതാണ്.
ഇതിനിടയിൽ മറ്റൊരു കൂട്ടരുണ്ട്.എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും എന്നാൽ പരിപാടിയെ പോലിസ് നിയന്ത്രിക്കണമെന്നും പറയുന്ന ഇടതു യുവജന സംഘടന എന്ന് അവകാശപ്പെടുന്ന ഡി .വൈ.എഫ്.ഐ.ചില നേതാക്കൾ ഒറ്റപ്പെട്ട പിന്തുണകളുമായി രംഗത്ത് വരുന്നുണ്ടെന്നത് ശരി തന്നെ.പക്ഷെ സംഘടനാപരമായ തീരുമാനം ഒന്നുമില്ല എന്നത് വ്യവസ്ഥാപിത ഇടതുപക്ഷം അകപ്പെട്ടിട്ടുള്ള വിഷമസന്ധിയുടെ, ആശയപാപ്പരത്തത്തെ തുറന്നുകാണിക്കുന്നു.അതെ അവരും ഏറിയും കുറഞ്ഞും അതെ പഴഞ്ചൻ മൂല്യബോധത്തെ പേറുന്നു.ചെങ്ങറ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു നടത്തിയ രാത്രിസമരത്തോട് അവർ സ്വീകരിച്ചനിലപാടിൽ, ചാണക വെള്ളം തളിച്ച് അടിച്ചുവാരി ശുദ്ധി വരുത്തിയ നടപടിയിൽ നാം അത് കണ്ടു കഴിഞ്ഞതാണ്.
പൊടുന്നനെയുള്ള പ്രതികരണമെന്ന നിലയിൽ ആരംഭിച്ചതെങ്കിലും 'കിസ്സ് ഓഫ് ലവ്' നു ഒരു പക്ഷെ അതിന്റെ സംഘാടകർപോലും കാണാത്ത രാഷ്ട്രീയമാനം ഉണ്ടായിട്ടുണ്ട്.സവർണ്ണ ഫാസിസത്തെ അതിന്റെ അടിത്തറയായ ബ്രാഹ്മണ്യമൂല്യബോധത്തെ അത് ചോദ്യം ചെയ്യുകയും ചൊടിപ്പിക്കുകയും ചെയ്തിരിക്കുന്നു. എത്ര ദുർബലമെങ്കിലും ന്യു ജനറേഷൻ കാലത്തെ രാഷ്ട്രീയ സാമൂഹ്യ ഇടപെടൽ എന്ന നിലയിൽ അത് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു.
ഈ പരിപാടിയെ പിന്തുണക്കുക. സ്ത്രീ വിരുദ്ധ മനോഭാവവും മർദ്ദക സാമൂഹ്യബന്ധങ്ങളും നിലനിറുത്തുകയും പുനരുത്പ്പാദിപ്പിക്കുകയും ചെയ്യുന്ന ഈ പഴഞ്ചൻ നാടുവാഴിത്ത ബ്രാഹ്മണ്യ മൂല്യബോധത്തിനോളം അശ്ലീലമായി മറ്റൊന്നുമില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കാൻ ഈ അവസരം ഉപയോഗിക്കുക.
No comments:
Post a Comment