Thursday, July 2, 2015

ബംഗാൾ തുറിച്ചുനോക്കുമ്പോൾ സിപിഎം എന്ത് ചെയ്യും?

നിരീക്ഷകൻ

അഴിമതിയിൽ മുങ്ങിക്കുളിച്ച ഉമ്മൻ ചാണ്ടി സർക്കാരിന് ഷോക്ക് ട്രീറ്റ്മെന്റ് ആകുമെന്ന് കരുത്തപ്പെട്ട അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷം ഷോക്കടിച്ചുനില്ക്കുന്ന ചിത്രമാണ് തെളിഞ്ഞുവന്നിരിക്കുന്നത്. ബിജെപിയുടെ കടന്നുകയറ്റം ഇരുമുന്നണികൾക്കും ഭീഷണിതന്നെയെങ്കിലും കേരളവും ബംഗാളിന്റെ വഴിയേതന്നെയോ എന്നതായിരിക്കും മുഖ്യധാരാ ഇടതിന്റെ ഉറക്കം കെടുത്തുന്ന ചോദ്യം. കേരളം ഇന്നേവരെ കാണാത്തതരത്തിൽ അഴിമതിയിൽ മുങ്ങിയ ഒരു സർക്കാരിന്റെ മുഖ്യമന്ത്രി ഇത് ഭരണത്തിന്റെ വിലയിരുത്തലാണെന്ന് പറയുമ്പോൾ അന്തംവിട്ടുനിൽക്കാനേ സിപിഎം നയിക്കുന്ന ഇടതുപക്ഷത്തിന് കഴിയുന്നുള്ളൂ. കേവലം ഒരു ഉപതെരഞ്ഞെടുപ്പ് പരാജയം എന്നതിലപ്പുറം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അവരുടെ നിലനിൽപ്പ്‌ തന്നെയാണ് അപകടത്തിലായിരിക്കുന്നത്. ബംഗാളിൽ അടുത്തകാലത്തൊന്നും ഒരു തിരിച്ചുവരവ് സ്വപ്നംപോലും കാണാൻ കഴിയാത്ത സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കേരളത്തിലും തിരിച്ചടിയേൽക്കുന്നതോടെ ഇന്ത്യയിൽ നിന്ന് തന്നെ തുടച്ചുനീക്കപ്പെടുമെന്ന സ്ഥിതിവിശേഷമാണ് സംജാതമാകുന്നത്.




ഇലക്ഷൻ പരാജയത്തിനുശേഷം സിപിഎമ്മിന്റെ വിലയിരുത്തൽ അരുവിക്കരയിൽ യു ഡി എഫ് നേടിയത് അധികാരവും പണവും മദ്യവും ഉപയോഗിച്ച് നേടിയ വിജയമെന്നാണ്. ഭരണവിരുദ്ധവികാര വോട്ടുകൾ ബിജെപി ഭിന്നിപ്പിച്ചു എന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സർക്കാരിന്റെ ന്യൂനപക്ഷപ്രീണനംകൊണ്ട് ബിജെപി നേട്ടമുണ്ടാക്കിയെന്നും അതാണ്‌ എൽ ഡി എഫിന്റെ പരാജയത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് അച്ചുതാനന്ദനും വിലയിരുത്തുമ്പോൾ സിപിഎം ഒരു പാഠവും പഠിക്കാൻ തയ്യാറല്ല എന്നതാണ് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്. കോടിയേരിയുടെ വിലയിരുത്തലിൽ പറയുന്നതുപോലെ തങ്ങൾക്ക് കിട്ടേണ്ടിയിരുന്ന വോട്ടുകളാണ് ബിജെപി നേടിയതെങ്കിൽ അത് തീർച്ചയായും സിപിഎമ്മിന് അപായ സൂചനയാണ് നൽകുന്നത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് കാലത്തും മോഡി പ്രഭാവം തുടരുമെന്നതിനാൽ ബിജെപിയുടെ വോട്ട് ശതമാനം ഉയർന്നുനിൽക്കാൻ തന്നെയാണ് സാധ്യത. ബിജെപി നേടുന്ന വോട്ടുകൾ തങ്ങളുടെ അക്കൗണ്ടിൽ നിന്നാണ് പോകുന്നതെന്ന് സിപിഎം നേതാവ് പറയുമ്പോൾ അത് ആ പാർട്ടിയെക്കുറിച്ച് ചില സംശയങ്ങൾ ഉയർത്താം. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വോട്ടർമാർക്ക് അത്ര പെട്ടെന്ന് തീവ്രവലതുപക്ഷ, ഹിന്ദുത്വ പാർട്ടിയുടെ വോട്ടർമാരായി മാറുവാൻ കഴിയുമോ?ഇവിടെ സിപിഎമ്മിന്റെ മതേതര, കമ്മ്യൂണിസ്റ്റ് പൊയ്മുഖങ്ങൾ അഴിഞ്ഞുവീഴുന്ന കാഴ്ച നാം കാണുന്നു. ഏറെക്കാലമായി സിപിഎം പുലർത്തിപോരുന്ന മൃദുഹിന്ദുത്വ നിലപാടുകൾ പരസ്യമാണ്. മലപ്പുറത്ത് എന്തുകൊണ്ടാണ് റിസൾട്ട് കൂടുന്നതെന്ന അച്ചുതാനന്ദന്റെ സംശയങ്ങളും കർക്കിടകമാസത്തിൽ പാർട്ടി ചടങ്ങുകളിൽ രാമായണ പാരായണം നടത്തുന്നതുമെല്ലാം ഈ മൃദു ഹിന്ദുത്വ നിലപാടിന്റെ ഭാഗം തന്നെയാണ്. ഇലക്ഷൻ റിസൾട്ട് വന്നതിനുശേഷം വി എസ് പറഞ്ഞതും സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനമാണ് ബിജെപിക്ക് വോട്ട് കൂടാൻ കാരണമെന്നാണ്. ഇപ്രകാരം ഹൈന്ദവവൽക്കരിക്കപ്പെട്ട പാർട്ടിയിൽ നിന്നാണ് അണികളും വോട്ടർമാരും യഥാർത്ഥ ഹിന്ദുത്വം തേടിപോകുന്നത്. ഒറിജിനൽ ഉള്ളപ്പോൾ വ്യാജനെന്തിന്?

വികസനരംഗത്തേക്ക് വരുമ്പോഴും സിപിഎം ഒരു വലതുപക്ഷ പാർട്ടിയായി മാറുന്ന കാഴ്ച നാട്ടുകാർ കാണുന്നു.ഫൈനാൻസ് മൂലധനത്തിന്റെ തലസ്ഥാനമാക്കി, റിയൽ എസ്റ്റെയ്റ്റ് ഹബ്ബാക്കി കേരളത്തെ മാറ്റാൻ ശ്രമിക്കുന്ന വലതുപക്ഷത്തോട് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി മത്സരിക്കുന്ന ദയനീയാവസ്ഥയാണ് ഇന്ന് കേരളത്തിൽ മെട്രോ റയിലും സ്മാർട്ട് സിറ്റികളുമാണ് മുന്നോട്ടുള്ള വഴിയെന്ന് വലതുപക്ഷം പറയുമ്പോൾ സിപിഎമ്മിന് മറുത്തൊന്നും പറയാനില്ല. ജനങ്ങളെ തൊഴിൽ അഭയാർഥികളാക്കിയും ഗ്രാമങ്ങളെ പാപ്പരീകരിച്ച് നഗരവല്ക്കരണം നടത്തിയും വികസനം മുന്നേറുമ്പോൾ സൃഷ്ടിക്കപ്പെടുന്ന ഗതാഗത പ്രശ്നത്തിന് റിയൽ എസ്റ്റേറ്റ് നിക്ഷേപപദ്ധതിയായ മെട്രോ റയിൽ പരിഹാരമായി നിർദ്ദേശിക്കപ്പെടുമ്പോൾ മെട്രോ റയിൽ പദ്ധതി കൂടുതൽ വേഗത്തിലാക്കുന്നതിനും അത് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും മനുഷ്യചങ്ങല സംഘടിപ്പിക്കുകയാണ് സിപിഎം. തലതിരിഞ്ഞ ഈ വികസന നയങ്ങളെ ചോദ്യം ചെയ്യാനോ സവിശേഷമായ കമ്മ്യൂണിസ്റ്റ് ബദലുകൾ ജനങ്ങൾക്കുമുന്പാകെ അവതരിപ്പിച്ച് അതിനായി പോരാട്ട രംഗത്തിറങ്ങാനോ കെൽപ്പില്ലാത്ത പാർട്ടിയായി മാറിയിരിക്കുന്നു ഇന്ന് സിപിഎം.



സാമൂഹ്യ മാറ്റത്തിനായി പോരാടുന്ന ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പാർലമെന്ററി പാതയിൽ, വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ, നിന്നുകൊണ്ട്  പ്രവർത്തിക്കാൻ കഴിയുമോ എന്നതാണ് ഇവിടെ ഉയർന്നുവരുന്ന ചോദ്യം.ഇല്ല എന്ന് ഉത്തരം പറയാൻ സിപിഎം തന്നെ സാഖ്യം. ജാതി നശീകരണത്തിനും യഥാർത്ഥ മതേതരത്വം സാധ്യമാക്കുവാനുമെല്ലാംതന്നെ കടുത്ത സാമൂഹ്യ സംഘർഷങ്ങളിലൂടെ സമൂഹം കടന്നുപോകേണ്ടതായിവരും. അത്തരം സംഘർഷങ്ങളിൽ ശരിയായ രീതിയിൽ ഇടപെടാൻ വോട്ട് ബാങ്കിൽ കണ്ണുനട്ടിരിക്കുന്നവർക്ക് കഴിയാതെവരും. വികസനകാര്യത്തിലാവട്ടെ ലോകമെമ്പാടും തീവ്ര വലതുപക്ഷത്തിന്റെ തേരോട്ടം നടക്കുമ്പോൾ ഏതെങ്കിലുമൊരു തുരുത്തിൽ വലതുപക്ഷ ചട്ടക്കൂടിൽ നിൽക്കുന്നവർക്ക് സവിശേഷമായൊരു കമ്മ്യൂണിസ്റ്റ് അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെവരും. നിലവിലുള്ള വ്യവസ്ഥിതിയുടെ നയങ്ങൾ ഏറിവന്നാൽ ചില ഇടതുപക്ഷ പ്രതീതികൾ സൃഷ്ടിച്ച് നടപ്പാക്കലല്ലാതെ അവർക്കുമുന്നിൽ വേറെ വഴിയുണ്ടാകില്ല. അതല്ലെങ്കിൽ ഇന്ത്യയിലെ വിപ്ലവ ഇടതുപക്ഷം ചെയ്യുന്നതുപോലെ  പോരാട്ടപാതയിലിറങ്ങുകയും  വിപ്ലവശ്രമങ്ങളിൽ ഏർപ്പെടുകയും ഇന്ത്യയെന്ന വിശാല രാജ്യത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി അതിനെ ലോകവിപ്ലവത്തിന്റെ നങ്കൂരമാക്കുകയും ചെയ്യുക എന്നതാണ്  ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ചെയ്യാവുന്നത്.

ഇവിടെ സിപിഎം അഭിമുഖീകരിക്കുന്ന പ്രതിസന്ധി കടുത്തതാണ്. സവർണ വലതുപക്ഷവൽക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ ആശയാഭിലാഷങ്ങളെ തൃപ്തിപ്പെടുത്താൻ സിപിഎം മത്സരിക്കുമ്പോൾ യഥാർത്ഥ ബിജെപിയും യഥാർത്ഥ കോണ്‍ഗ്രസ്സുമുള്ളപ്പോൾ ഡൂപ്പ്ലിക്കെറ്റ് ബിജെപിയും ഡൂപ്പ്ലിക്കെറ്റ് കോണ്‍ഗ്രസ്സും എന്നതിന് എന്നതായിരിക്കും ജനം ചിന്തിക്കുക.































No comments:

Followers