(മാർക്സിസത്തിനെതിരെ ഉത്തരാധുനിക ചിന്തകളുടെ പിൻപറ്റി അതിന്റെ എതിരാളികൾ ഉയർത്തിയ വിമർശനങ്ങളുടെ കാറ്റുപോയെങ്കിലും ഇന്ത്യപോലുള്ള ചില സ്ഥലങ്ങളിൽ പ്രത്യേകിച്ച് കേരളത്തിൽ ഇന്നും മാർക്സിസ്റ്റുകൾ പല തവണ കണക്കു തീർത്തുകഴിഞ്ഞ വാദങ്ങൾ ഉയർത്തി മാർക്സിസത്തെ ഇകഴ്ത്തികാട്ടാനുള്ള ശ്രമങ്ങൾ സജീവമാണ്. മാർക്സിസം ഇനിയും പിടികിട്ടാതിരിക്കുകയോ അല്ലെങ്കിൽ പിടികിട്ടിയിട്ടും ബുദ്ധിപരമായ സത്യസന്ധത കാട്ടാതിരിക്കുകയോ ചെയ്യുന്ന പല മാർക്സിസ്റ്റ് വിരുദ്ധ ബുദ്ധിജീവികളും മാർക്സിസ്റ്റ് വിശകലനത്തിന്റെ യുക്തി എന്ന പേരിൽ കേവല യാന്ത്രിക യുക്തിയെ അവതരിപ്പിച്ചുകൊണ്ടാണ് അതിനെതിരെ ഉറഞ്ഞുതുള്ളുന്നത്. മാധ്യമം ആഴ്ചപ്പതിപ്പിൽ (2014 മെയ് 5) സണ്ണി കപിക്കാട് എഴുതിയ 'മാർക്സിസം കീഴാള വിരുദ്ധമാണ് ' എന്ന ലേഖനത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. മാധ്യമത്തിൽ വന്ന ലേഖനത്തിന് റിസ്വാൻ ബാവ എഴുതിയ മറുപടി ''സമയം വൈകിയെന്ന'' കാരണത്താൽ പ്രസിദ്ധീകരിക്കാതിരുന്നതിനാൽ അദ്ദേഹം അത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ SOCIALIST PLATFORM അതിവിടെ പ്രസിദ്ധീകരിക്കുന്നു. സണ്ണിയുടെ ലേഖനം വായിക്കാത്തവർക്കായി പ്രസ്തുത ലേഖനവും ഇവിടെ പോസ്റ്റ് ചെയ്യുന്നു. --Team Socialist Platform )
റിസ്വാൻ ബാവ
മാധ്യമം ആഴ്ചപ്പതിപ്പിൽ (2014 മെയ് 5) സണ്ണി കപിക്കാട് എഴുതിയ 'മാർക്സിസം കീഴാള വിരുദ്ധമാണ് ' എന്ന ലേഖനം ഗൗരവമേറിയ പരിശോധന ആവശ്യപ്പെടുന്നുണ്ട്. കേരളീയ സമൂഹത്തിൽ ജാതി ഇന്നും എങ്ങനെയാണ് നിലനിൽക്കുന്നത് എന്നത് സംബന്ധിച്ച് സണ്ണി നടത്തുന്ന നിരീക്ഷണങ്ങൾ ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതായിരിക്കുമ്പോൾ തന്നെ സാമൂഹിക വികാസത്തെക്കുറിച്ച് മാർക്സിസം മുന്നോട്ട് വെക്കുന്ന സൈദ്ധാന്തിക പരികൽപനകളെക്കുറിച്ച് സണ്ണി നടത്തുന്ന നിരീക്ഷണങ്ങൾ വസ്തുതാവിരുദ്ധവും തീർത്തും നിഷേധാത്മകവുമാണ്. സാമൂഹിക വികാസത്തെക്കുറിച്ച്ചുള്ള മാർക്സിസ്റ്റ് സിദ്ധാന്തത്തെക്കുറിച്ച് സണ്ണി അവതരിപ്പിക്കുന്ന നിരീക്ഷണങ്ങളുടെ പ്രാഥമികമായ ഒരു പരിശോധന മാത്രമാണ് ഈ കുറിപ്പ്.
മാർക്സിസം സ്വാഭാവികമായിത്തന്നെ കീഴാളവിരുദ്ധമാണെന്നും ജാതിപോലുള്ള സങ്കീർണ സാമൂഹികാവസ്ഥകളെ വിശകലനം ചെയ്യാനുള്ള കെല്പ് മാർക്സിസ്റ്റ് വിശകലന സാമഗ്രികൾക്കില്ലെന്നും സ്വകാര്യ സ്വത്തിനെക്കുറിച്ചും ചരിത്രവികാസത്തെക്കുറിച്ച്ചുമുള്ള മാർക്സിസ്റ്റ് സങ്കല്പനങ്ങൾ കേരളീയ സമൂഹത്തിനുണ്ടാക്കിയ അവബോധങ്ങൾ വിചിത്രവും വിനാശകാരിയും കീഴാളവിരുദ്ധവുമാണെന്നും സണ്ണി നിരീക്ഷിക്കുന്നു. കീഴാളവിരുദ്ധത മാർക്സിസത്തിൽ ലീനമായതിനാലാണ് സമൂഹത്തിന്റെ സമഗ്രമായ അഴിച്ചുപണിക്ക് നേതൃത്വം കൊടുക്കാൻ എല്ലാ തരത്തിലും ഗുണത്തിലും പെട്ട മാർക്സിസ്റ്റുകൾ പരാജയപ്പെടുന്നത് എന്നും മാർക്സിസത്തിന്റെ വർഗ വിശകലന യുക്തിയിലാണ് കീഴാള വിരുദ്ധത കുടികൊള്ളുന്നത് എന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
ജാതിയെ അഭിസംബോധന ചെയ്യുന്നതിൽ ഇന്ത്യൻ മാർക്സിസ്റ്റുകൾ വരുത്തിയ ചരിത്രപരമായ വീഴ്ച സംബന്ധിച്ച് സണ്ണി ഉയർത്തുന്ന വിമർശനങ്ങൾ ന്യായമായിരിക്കുമ്പോൾ തന്നെ ആ പരാജയത്തിന്റെ ഉത്തരവാദിത്വം മാർക്സിസ്റ്റ് വിശകലന സാമഗ്രികളിലും മാർക്സിസത്തിൽ തന്നെയുമാണെന്ന നിരീക്ഷണം വസ്തുതാവിരുദ്ധമാണ്. തികഞ്ഞ ആശയവാദമാണ് ഈ നിരീക്ഷണങ്ങളുടെ അടിത്തറ. അതിഭൗതികവാദമാണ് അതിന്റെ രീതിശാസ്ത്രം.
മാർക്സിസ്റ്റ് വിശകലനത്തിന്റെ യുക്തി എന്ന പേരിൽ സണ്ണി അവതരിപ്പിക്കുന്നത് കേവല യാന്ത്രിക യുക്തിയാണ്. എന്നാൽ മാർക്സിസം മുന്നോട്ട് വെക്കുന്ന യുക്തി വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ യുക്തിയാണ്. സാമൂഹിക വികാസത്തെക്കുറിച്ച്ചുള്ള വിശകലനത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദ യുക്തിയുടെ പ്രയോഗമാണ് മാർക്സിസം മുന്നോട്ട് വെക്കുന്ന ചരിത്രപരമായ ഭൗതികവാദം. മാർക്സിസ്റ്റ് സൈദ്ധാന്തിക പരികല്പനകളുടെ അടിസ്ഥാന സങ്കല്പനങ്ങളിൽ ഒന്നാണിത്.
ചരിത്രപരമായ ഭൗതികവാദത്തിന്റെ അടിത്തറ, മാർക്സും എംഗൽസും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത് ജീവിക്കുന്ന മാനവസമൂഹമാണ്. ഇതനുസരിച്ച് മനുഷ്യൻ ഒരു സാമൂഹ്യ ജീവി എന്ന നിലയിൽ നിലനിൽപ്പിനായി നടത്തുന്ന ഉത്പാദനവും, ജീവിതത്തിന്റെ പുനരുത്പാദനവുമാണ് മാനവ ചരിത്രത്തിന്റെ വികാസത്തിലെ നിർണ്ണായക ഘടകം. സാമൂഹ്യജീവിയായ മനുഷ്യൻ സമൂഹത്തിന്റെ ഉത്പാദന പ്രക്രിയയിൽ വഹിക്കുന്ന പങ്കും, അങ്ങനെ നിർമിക്കപ്പെടുന്ന ഉൽപ്പന്നങ്ങൾ സമൂഹത്തിൽ എപ്രകാരമാണ് വിതരണം ചെയ്യപ്പെടുന്നത് എന്നതുമാണ് മനുഷ്യസമൂഹത്തിലെ ഏറ്റവും അടിസ്ഥാനപരമായ പ്രവർത്തനം. മാർക്സ് പറയുന്നു : "മാനവചരിത്രത്തിന്റെ ആദ്യ പരിസരം തീർച്ചയായും, ജീവിക്കുന്ന മനുഷ്യന്റെ നിലനിൽപ്പാണ്. അതുകൊണ്ട് ആദ്യം സ്ഥാപിക്കപ്പെടേണ്ട വസ്തുത മനുഷ്യരുടെ ഭൗതിക സംഘാടനവും അതിന്റെ ഫലമായി ശേഷിക്കുന്ന പ്രകൃതിയുമായി അതിനുള്ള ബന്ധവുമാണ്."1. ഇവിടെ മാർക്സ് ചൂണ്ടിക്കാണിക്കുന്നത് ചരിത്രത്തിന്റെ അടിസ്ഥാനം നിലനിൽക്കുന്ന സമൂഹത്തിലെ സാമൂഹിക സംഘടന എങ്ങനെയെന്നതിനെ ആശ്രയിച്ചാണ് എന്നതാണ്. മാർക്സിനെ സംബന്ധിച്ചിടത്തോളം ഈ സംഘാടനം കേവലമായ ഒന്നല്ല.അദ്ദേഹം തുടരുന്നു. " അവർ അവരുടെ നിലനിൽപ്പിന്റെ ഉപാധികൾ നിർമിക്കാൻ തുടങ്ങുന്നതോടെ, അവരുടെ ഭൗതികമായ സംഘാടനത്തിന്റെ ഉപാധികൽക്കനുസരിച്ച്ചുള്ള ചുവടാണിത്, മൃഗങ്ങളിൽ നിന്നും സ്വയം വേർതിരിച്ചു കാണാൻ തുടങ്ങുന്നു.നിലനിൽപ്പിന്റെ ഉപാധികൾ നിർമ്മിക്കുന്നതോടെ മനുഷ്യർ യഥാർത്ഥത്തിൽ അവരുടെ യഥാർത്ഥ ഭൗതിക ജീവിതമാണ് നിർമ്മിക്കുന്നത്."2.
മാർക്സിനെ സംബന്ധിച്ചിടത്തോളം ഉത്പാദന പ്രക്രിയ കേവലമായ ഒന്നായിരുന്നില്ല എന്നാണ് ഇത് കാണിക്കുന്നത് . മറിച്ച് ജീവിതത്തിന്റെ ആവിഷ്ക്കരണം തന്നെയാണ് . "മനുഷ്യൻ എങ്ങനെയാണോ ജീവിതം ആവിഷ്ക്കരിക്കുന്നത് അത് പോലെയാണവർ . അതുകൊണ്ട് അവരെന്താണെന്നത് അവരുടെ ഉല്പാദനവുമായി , എന്തുകൊണ്ടാണ് ഉത്പാദിപ്പിക്കുന്നത് എങ്ങനെയാണ് ഉത്പാദിപ്പിക്കുന്നത് എന്നത് രണ്ടും, ഏകീഭവിച്ചിരിക്കുന്നു "3.
മാർക്സ് വർഗ്ഗത്തെ കേവലമായി കണ്ടെത്തുകയല്ല . മറിച്ച് ചരിത്രത്തെ സംബന്ധിച്ചു യാഥാർത്യ ബോധത്തോടെയുള്ള പരിശോധനയിൽ നിന്നാണ് വർഗ്ഗത്തെ സ്ഥാപിച്ചെടുക്കുന്നത് എന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു . സാമൂഹിക സംഘാടനത്തിന് സോപാധികമായിട്ടാണ് മനുഷ്യൻ നിലനിൽപ്പിനുള്ള ഉപാധികൾ നിർമ്മിക്കുന്നത് എന്നും അപ്രകാരം സോപാധികമായി നടക്കുന്ന ഉത്പാദനം മനുഷ്യന്റെ യഥാർഥ ഭൗതിക ജീവിതത്തിന്റെ ആവിഷ്ക്കാരമാണെന്നുമുള്ള മാർക്സിന്റെ നിരീക്ഷണം ജാതി ഉൾപ്പടെയുള്ള ഏതൊരു സാമൂഹ്യ സാഹചര്യങ്ങളുടെയും വിശകലനത്തിൽ പ്രസക്തമാണ് . അങ്ങനെ പരിശോധിക്കുമ്പോൾ ജാതി പ്രശ്നം സവിശേഷ സാമൂഹ്യ സാഹചര്യമായിരിക്കുമ്പോൾ തന്നെ അടിസ്ഥാനപരമായി ഒരു വർഗ്ഗ പ്രശ്നമാണെന്ന് കാണാൻ കഴിയും.
എന്നാൽ അത്തരത്തിൽ ഒരു പരിശോധന നടത്തുന്നതിനു പകരം ജാതിയെ പൂർണ്ണമായും അവഗണിക്കുന്ന വികലമായ ഒരു വർഗ്ഗ വീക്ഷണം മുന്നോട്ടുവയ്ക്കുകയാണ് തുടക്കം മുതൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ചെയ്തത് . അതാകട്ടെ ചരിത്രപരമായി തന്നെ വളരെ ഗുരുതരമായ ഒരു വീഴ്ചയുമായിരുന്നു . സാമ്പത്തിക പ്രവർത്തനമാണ് മനുഷ്യ ചരിത്രത്തിന്റെ ഏറ്റവും നിർണ്ണായകമായ ഘടകമെന്ന മാർക്സിന്റെ നിരീക്ഷണത്തെ വളരെ യാന്ത്രികമായി പ്രയോഗിച്ചതു കൊണ്ടാണ് ഈ ഗുരുതരമായ തെറ്റിലേക്ക് ഇന്ത്യൻ കമ്മുണിസ്റ്റുകൾ എത്തിപ്പെട്ടത് . പക്ഷെ സാമ്പത്തിക പ്രവർത്തനങ്ങൾ (നിലനിൽപ്പിനുള്ള ഉപാധികളുടെ നിർമ്മാണവും ഉത്പന്നങ്ങളുടെ വിതരണവും ) അടിസ്ഥാനപരമായിരിക്കുമ്പോൾ തന്നെ അത് മാത്രമാണ് മാനവചരിത്രത്തിന്റെ അടിസ്ഥാനം എന്ന കാഴ്ച്ചപ്പാട് ഒരിക്കലും മാർക്സിസം മുന്നോട്ടു വച്ചിട്ടില്ല . മാത്രവുമല്ല അത്തരം കാഴ്ച്ചപാടിനെ എംഗൽസ് ശക്തമായി വിമർശിക്കുന്നുമുണ്ട്. അദ്ദേഹം പറയുന്നു "ചരിത്രത്തിന്റെ ഭൗതികവാദ സങ്കൽപ്പനത്തെ സംബന്ധിച്ചിടത്തോളം ഉത്പാദനവും യഥാർഥ ജീവിതത്തിന്റെ പുനരുത്പാദനവുമാണ് ആത്യന്തികമായി ചരിത്രത്തിലെ നിർണായക ഘടകം . ഞാനോ മാർക്സോ ഇതല്ലാതെ മറ്റൊന്നും സ്ഥാപിക്കാൻ ശ്രമിച്ചിട്ടില്ല . അതുകൊണ്ട് ആരെങ്കിലും ഇതിനെ സാമ്പത്തിക ഘടകം മാത്രമാണ് നിർണ്ണായകം എന്ന് വളച്ചൊടിക്കുന്നെങ്കിൽ അയാൾ ആ നിലപാടിനെ അർത്ഥമില്ലാത്ത , അമൂർത്തമായ അയുക്തമായ വാക്യമായി പരിവർത്തനപ്പെടുത്തുകയുമാണ് ചെയ്യുന്നത് "4
ഇവിടെ എംഗൽസ് ചൂണ്ടിക്കാണിക്കുന്നത് പോലെ സാമ്പത്തിക ഘടകത്തെ അയുക്തമായി മനസ്സിലാക്കി പ്രയോഗിക്കുകയാണ് ഇന്ത്യയിലെ ആദ്യകാല കമ്മ്യുണിസ്സ്റ്റുകൾ ചെയ്തത് .സാമ്പത്തിക അടിത്തറയെ അടിസ്ഥാനപ്പെടുത്തികൊണ്ട് വികസിപ്പിച്ചെടുത്ത വികലമായ വർഗ്ഗവിശകലന യുക്തി മൂലമാണ് കമ്മ്യുണിസ്സ്റ്റുകൾക്ക് ആരംഭത്തിൽ അത് കഴിയാതെ പോയതെങ്കിൽ വലതുപക്ഷത്ത് നിലയുറപ്പിച്ച് തിരുത്തൽവാദത്തിലേക്ക് മുതലക്കൂപ്പ് കുത്തിയതിനാൽ ഇപ്പോഴത്തെ വ്യവസ്ഥാപിത ഇടതുപക്ഷത്തിൽ ആ തെറ്റ് രൂഡമൂലമാവുകയും ചെയ്തു . അത് കൊണ്ട് തന്നെ ജാതിയെ സാമ്പത്തിക അടിത്തട്ടിലല്ല ഒരു സാംസ്കാരിക രൂപമെന്ന നിലയിൽ മേൽത്തട്ടിലാണ് അവർ പ്രതിഷ്ഠിച്ചത്. എന്നാൽ സാമ്പത്തിക അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങിയ ജാതീയതയുടെ കരാളതയെ കാണാൻ അവർക്ക് കഴിഞ്ഞില്ല . ഇ.എം.എസ്സിന്റെ ജാതി-ജന്മി-നാടുവാഴിത്തം എന്ന വിശകലനത്തിൽ ഈ വികല യുക്തിയുടെ അവതരണം കാണാവുന്നതാണ്.
വിശദമായി പരിശോധിച്ചാൽ മാർക്സിസത്തിന്റെ അന്തസത്തയായ വൈരുദ്ധ്യാത്മകതയെ ശരിയായ അർത്ഥത്തിൽ സ്വാംശീകരിക്കുന്നതിനും പ്രയോഗിക്കുന്നതിനും വന്ന വീഴ്ചയാണ് ആദ്യകാല കമ്മ്യുണിസ്സ്റ്റുകൾക്ക് ജാതിയെ അവഗണിക്കുന്നതിലേക്ക് നയിച്ച വീക്ഷണ വൈകല്യത്തിന് കാരണമായത് എന്ന് കാണാൻ കഴിയും . ജാതിപ്രശ്നത്തിൽ ഉണ്ടായത് പോലെ ഗുരുതരമായ വീഴ്ച്ചകൾ കമ്മ്യുണിസ്സ്റ്റുകൾ മറ്റു പല വിഷയങ്ങളിലും വരുത്തിയതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട് . സ്വാതന്ത്ര്യത്തിനു മുൻപ് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സിനോടും ഗാന്ധിയൻ ചിന്തയോടുമുള്ള സമീപനത്തിലും , രണ്ടാം ലോകമഹായുദ്ധം , ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം , സ്വാതന്ത്ര്യ ലബ്ധി തുടങ്ങിയ പല പ്രശ്നങ്ങളിലും ആദ്യകാല കമ്മ്യുണിസ്സ്റ്റുകളും, സ്വാതന്ത്ര്യാനന്തരം ഇതിന്റെ തുടർച്ചയായി പാർലമേന്റിനോടുള്ള സമീപനം , മർദ്ദിത ദേശീയതകളുടെ വിമോചനത്തിന്റെ പ്രശ്നം , ഇന്ത്യാ - ചൈന യുദ്ധം , അടിയന്തിരാവസ്ഥ തുടങ്ങിയവയോടും വ്യവസ്ഥാപിത കമ്മ്യുണിസ്സ്റ്റു പാർട്ടികളും സ്വീകരിച്ച നിലപാടുകളിൽ ഉണ്ടായ പിഴവുകൾ എന്നിവയുടെയെല്ലാം അടിസ്ഥാനം ഇതേ യാന്ത്രികമായ പ്രയോഗവും മറുവശത്ത് തിരുത്തൽവാദത്തിന്റെ സ്വാധീനവുമാണ് . മാർക്സിസം കീഴാള വിരുദ്ധമാണെന്ന് സണ്ണി വിലയിരുത്തുമ്പോൾ അതിനു ആശയ പരിസരമാകുന്നത് ഇതേ തിരുത്തൽവാദവും യാന്ത്രികമായ പ്രയോഗമാണ് . അല്ലാതെ യഥാർഥ മാർക്സിസമല്ല . ഇന്ത്യയിലെ സി . പി . എം . , സി . പി . ഐ . അടക്കമുള്ള വ്യവസ്ഥാപിത കമ്മ്യുണിസ്സ്റ്റു പാർട്ടികൾ ഇന്നും ഇതേ വീക്ഷണ വൈകല്യം വർഗ്ഗവിശകലനത്തിൽ ഉൾപ്പടെ തുടരുന്നുണ്ട് . അതുകൊണ്ടാണ് കേരളത്തിലെ കമ്മ്യുണിസ്സ്റ്റു പ്രസ്ഥാനത്തിന്റെ എക്കാലത്തെയും ഗുണഭോക്താക്കളായ മദ്ധ്യവർഗ്ഗത്തിന്റെ അസഹിഷ്ണുതയെക്കുറിച്ചു സണ്ണിയ്ക്ക് പറയേണ്ടിവരുന്നത് . ഒരു കമ്മ്യുണിസ്സ്റ്റു പാർട്ടി എങ്ങനെയാണ് മദ്ധ്യവർഗ്ഗത്തിന്റെ രാഷ്ട്രീയ പ്രതിനിധാനമായി മാറി എന്നത് പക്ഷെ സണ്ണിയുടെ ആലോചനാവിഷയമാകുന്നില്ല.
എന്നാൽ ഈ വ്യവസ്ഥാപിത ധാരക്കപ്പുറത്ത് പ്രവർത്തിക്കുന്ന പല കമ്മ്യുണിസ്സ്റ്റു പ്രസ്ഥാനങ്ങളും ഇന്ന് ജാതി പ്രശ്നത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുന്നോട്ടുവന്നിട്ടുണ്ട് . പക്ഷെ സണ്ണി അവയെക്കുറിച്ചു മൗനം പാലിക്കുകയാണ് ചെയ്യുന്നത് . തുടക്കത്തിലെ കമ്മ്യുണിസ്സ്റ്റു പ്രസ്ഥാനത്തിനകത്ത് നിലനിന്ന പിഴവുകളെ ക്രമേണ തിരിച്ചറിഞ്ഞും മറികടന്നുമാണ് അവ ജാതിയെ അഭി സംബോധന ചെയ്യുന്ന തലത്തിലേക്ക് ഉയർന്നിട്ടുള്ളത് .
പ്രയോഗമാണ് അറിവിന്റെ അടിസ്ഥാനം എന്നാണ് മാർക്സിസം നിരീക്ഷിക്കുന്നത് . അറിവ് പ്രയോഗത്തിൽ നിന്ന് ആവിർഭവിക്കുകയും തിരിച്ചു പ്രയോഗത്തെ സേവിക്കുകയും ചെയ്യും എന്നതാണ് അറിവും പ്രയോഗവും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധം. ഈ വൈരുദ്ധ്യാത്മക ബന്ധത്തെ ശരിവെക്കുന്നതാണ് ജാതിയെ അഭിസംബോധന ചെയ്യാൻ തയ്യാറായിട്ടുള്ള കമ്മ്യുണിസ്സ്റ്റു പ്രസ്ഥാനങ്ങളുടെ ചരിത്രം . ഉപരിപ്ളവമായതിൽ നിന്ന് ആഴത്തിലേക്ക് എന്നതാണ് അറിവിന്റെ വികാസ നിയമം . ഇന്ത്യൻ കമ്മ്യുണിസ്സ്റ്റു പ്രസ്ഥാനത്തിന്റെ ആരംഭത്തിൽ ഇന്ത്യൻ സമൂഹത്തെക്കുറിച്ചും , മാർക്സിസത്തെക്കുറിച്ചു തന്നെയുമുള്ള അതിന്റെ ധാരണകൾ ശുഷ്ക്കമായിരുന്നു . അതുകൊണ്ടാണ് ജാതിയെ അവഗണിക്കൽ ഉൾപ്പടെയുള്ള വീഴ്ച്ചകൾ അത് വരുത്തിയത് . പക്ഷെ തുടർച്ചയായതും കൂടുതൽ തീക്ഷ്ണവുമായ വിപ്ളവപ്രയോഗത്തിലൂടെ ശുഷ്ക്കമായ അറിവ് ആഴത്തിലാവുകയും ജാതി പ്രശ്നത്തിൽ വരുത്തിയ വീഴ്ച്ച ഇന്ന് തിരിച്ചറിയാൻ തുടങ്ങുകയും ചെയ്തിരിക്കുന്നു . അതുകൊണ്ട് തന്നെ 'ബ്രാഹ്മണ്യം ഇന്ത്യൻ ഭരണകൂടത്തിന്റെ ലോക വീക്ഷണത്തിന്റെയും മൂല്യബോധത്തിന്റെയും ഉൾക്കാമ്പാണെന്ന്' 5 വിലയിരുത്താൻ കഴിയുന്ന കമ്മ്യുണിസ്സ്റ്റു പാർട്ടികൾ ഇന്ന് നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്നുണ്ട് . തീർച്ചയായും അവ ഈ നിലപാടിലേക്കെത്തിയത് അവയുടെ നേതൃത്വത്തിന്റെ മികവു കൊണ്ടല്ല മറിച്ചു് കഴിഞ്ഞ കാലത്തെ വിപ്ളവ പ്രയോഗങ്ങളുടെ തെറ്റുകളിൽ നിന്നും പാഠങ്ങൾ പഠിച്ചുകൊണ്ട് ക്രമേണയുണ്ടായ വികാസമാണത് . എന്നാൽ കമ്മ്യുണിസ്സ്റ്റു വിരുദ്ധത മൂലം ഈ വികാസത്തെ അടയാളപ്പെടുത്താൻ സണ്ണി തയ്യാറാവുന്നില്ല . മറിച്ചു് തന്റെ അതിഭൗതികവാദ വീക്ഷണത്തിനനുയോജ്യമായവണ്ണം എല്ലാ തരത്തിലും ഗുണത്തിലുംപെട്ട മാർക്സിസ്റ്റുകൾ കേരളീയ സമൂഹത്തിന്റെ സമഗ്രമായ അഴിച്ചുപണിക്ക് നേതൃത്വം കൊടുക്കാൻ പരാജയപ്പെടുന്നത് മാർക്സിസത്തിൽ കീഴാള വിരുദ്ധത ലീനമായിരിക്കുന്നതിനാലാണ് എന്ന് പ്രസ്താവിച്ചു കൊണ്ട് വിപ്ളവ കമ്മ്യുണിസ്സ്റ്റു പക്ഷത്തെ തന്റെ കുറിപ്പിന്റെ പരിധിയിൽ നിന്നും നിഷ്ക്കാസനം ചെയ്യുന്നു . ദളിതരുടെ വിമോചനത്തിനും മുന്നേറ്റത്തിനും ഏറ്റവും അടുത്ത സഖ്യകക്ഷിയെ , പ്രത്യയ ശാസ്ത്രത്തെയാണ് സണ്ണി ഇതിലൂടെ തമസ്ക്കരിക്കുന്നത് എന്നതിനാൽ സണ്ണിയുടെ കുറിപ്പ് കറകളഞ്ഞ ആശയവാദവും ചരിത്രനിഷേധവും അതുകൊണ്ട് തന്നെ പിന്തിരിപ്പനുമാണെന്ന് പറയാതിരിക്കാൻ കഴിയില്ല .
റഫറൻസ്:
1. A Critique of The German Ideology, Karl Marx, Progress Publishers,1968
2.ibid.
3.ibid.
4.Letter dated 21.09.1890 from Frederic Engels to J.Bloch
5.ബ്രാഹ്മണ്യവിരുദ്ധ പോരാട്ടവും പ്രസക്തിയും, കനൽ പ്രസിദ്ധീകരണ കേന്ദ്രം, തൃശൂർ
സണ്ണിയുടെ ലേഖനം
മാര്‍ക്സിസം കീഴാളവിരുദ്ധമാണ്
സണ്ണി എം. കപിക്കാട്
മാര്‍ക്സിസത്തെ ഒരു സിദ്ധാന്തമെന്ന നിലയില്‍ സംരക്ഷിച്ചുനിര്‍ത്താന്‍ പരിശ്രമിക്കുന്ന ബുദ്ധിജീവിവൃന്ദവും മാര്‍ക്സിസ്റ്റ് പ്രസ്ഥാനത്തിന്‍െറ എക്കാലത്തെയും ഗുണഭോക്താക്കളായ മധ്യവര്‍ഗവും പ്രബലമായിരിക്കുന്ന കേരളത്തില്‍ മാര്‍ക്സിസത്തോടുള്ള വിമര്‍ശം കടുത്ത അസഹിഷ്ണുതയെ ക്ഷണിച്ചുവരുത്താനിടയുണ്ട്. എങ്കിലും, ഈ വിമര്‍ശം ഇനി നീട്ടിവെക്കാനാവില്ല. കാരണം, ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഉദയംചെയ്ത ‘സോഷ്യലിസ്റ്റ് ഭരണകൂടങ്ങള്‍’ നടത്തിയ ദയാരഹിതമായ ഹിംസകള്‍ തെല്ലും അലോസരപ്പെടുത്താത്ത ഒരു സമൂഹമാണ് നമ്മുടേത് എന്നുമാത്രമല്ല, ഇപ്പോഴും ‘മാര്‍ക്സിസം അജയ്യമാണ്’ എന്ന് ചുവരെഴുത്ത് നടത്തുന്നവര്‍ കൂടിയാണ് നാം. ചിന്താശൂന്യമായ അവകാശവാദങ്ങള്‍ക്കപ്പുറം മാര്‍ക്സിസം ‘പ്രയോഗക്ഷമമായ ഒരു തത്ത്വശാസ്ത്ര’മെന്ന നിലയില്‍ കേരള ചരിത്രത്തില്‍ നിര്‍വഹിച്ച പങ്ക് എന്ത് എന്ന അന്വേഷണമാണ് പ്രസക്തം.
ആധുനിക കേരളത്തില്‍ നടന്ന ദേശീയ-ഇടതുപക്ഷ വിപ്ളവ മുന്നേറ്റങ്ങള്‍ക്കുശേഷം ഇന്ന് നാം കണക്കെടുക്കുമ്പോള്‍, ആധുനികതയുടെ വരവിനുമുമ്പ് അടിമജാതികളായിരുന്ന സമൂഹങ്ങളും ആദിവാസികളും ഏറ്റവും ദരിദ്രരും ബഹിഷ്കൃതരുമായി തുടരുന്ന കാഴ്ചയാണ് നമ്മുടെ മുന്നിലുള്ളത്. ആധുനികതക്കു മുമ്പ് സ്വത്തും അധികാരവും പദവിയും ഉണ്ടായിരുന്ന വിഭാഗങ്ങള്‍തന്നെയാണ് ഇപ്പോഴും അവ കൈവശംവെച്ചിരിക്കുന്നത്. കേരളീയ സമൂഹത്തില്‍ ഒരു മാറ്റവും നടന്നിട്ടില്ളെന്നല്ല പറയുന്നത്. മറിച്ച്, വിപുലവും അടിസ്ഥാനപരവുമായ മാറ്റമുണ്ടാക്കുന്നതില്‍ മുമ്പ് സൂചിപ്പിച്ച ദേശീയ-ഇടതുപക്ഷ മുന്നേറ്റങ്ങള്‍ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന ചോദ്യമാണുന്നയിക്കുന്നത്.
ഗാന്ധിയന്‍ ദേശീയ പ്രസ്ഥാനത്തിന് സമൂഹത്തിലെ അധികാരബന്ധങ്ങളെ പൊളിച്ചെഴുതാനുള്ള ഒരു അജണ്ട ഉണ്ടായിരുന്നില്ല. ഇല്ളെന്ന് മാത്രമല്ല, ഈ അധികാരബന്ധങ്ങളെ പവിത്രമായി കരുതി, അതിനുള്ളില്‍നിന്നുകൊണ്ടുള്ള നീക്കുപോക്കുകളെക്കുറിച്ചാണ് ഗാന്ധി സംസാരിച്ചുകൊണ്ടിരുന്നത്. എന്നാല്‍, ഇടതുപക്ഷത്തിന്‍െറ കാര്യം അതായിരുന്നില്ല. മാര്‍ക്സിസം വിഭാവനംചെയ്യുന്ന സോഷ്യലിസ്റ്റ് സമൂഹസൃഷ്ടിയായിരുന്നു അവരുടെ ലക്ഷ്യം. കേരളീയ സമൂഹത്തെ പുനര്‍സൃഷ്ടിക്കാനായുള്ള നീക്കങ്ങളില്‍ ആയിരങ്ങളുടെ ജീവനും ജീവിതവുമാണ് സമര്‍പ്പിക്കപ്പെട്ടത്. ഇങ്ങനെ ഒരു തലമുറ മുഴുവനും ക്ളേശിച്ചിട്ടും കേരളീയ സമൂഹത്തിന്‍െറ ശ്രേണീവ്യവസ്ഥ (social hirearchy) അടിസ്ഥാനപരമായി ഉലയാതെനിന്നതെന്തുകൊണ്ടാണ്?
ഇവരുടെ ആത്മാര്‍ഥതയെ ഒട്ടും സംശയിക്കാതെ തന്നെ, ആത്മാര്‍ഥതയും അര്‍പ്പണബോധവും ചരിത്രപരവും ദാര്‍ശനികവുമായ ഉള്‍ക്കാഴ്ചകള്‍ക്ക് പകരംവെക്കാവുന്നവയല്ളെന്നുപറയാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. കേരളീയ സമൂഹത്തെ മനസ്സിലാക്കുന്നതില്‍ മാര്‍ക്സിസ്റ്റുകള്‍ക്ക് സംഭവിച്ച പിഴവുകള്‍തന്നെയാണ് സമഗ്രമായ ഒരു പരിവര്‍ത്തനത്തിന് നേതൃത്വംകൊടുക്കാന്‍ അവരെ അപ്രാപ്തരാക്കിയത്. ഇവിടെയാണ് മാര്‍ക്സിസത്തിന്‍െറ വിശകലന സാമഗ്രികളെ സംബന്ധിച്ച ആലോചന പ്രസക്തമാകുന്നത്. മാര്‍ക്സിസ്റ്റ് വിശകലനവിദ്യയിലൂടെ ഇടതുപക്ഷം കേരളീയ സമൂഹത്തെക്കുറിച്ച് സൃഷ്ടിച്ച സങ്കല്‍പങ്ങള്‍ ഉപരിപ്ളവവും സമൂഹത്തിന്‍െറ ആന്തരിക ബലതന്ത്രത്തെ മനസ്സിലാക്കുന്നതില്‍ പരാജയവുമായിരുന്നു.
ലോകത്തിന്‍െറ ചരിത്രം വര്‍ഗസമരത്തിന്‍െറ ചരിത്രമാണെന്ന് പ്രഖ്യാപിക്കുന്ന മാര്‍ക്സിസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സങ്കല്‍പനമാണ് വര്‍ഗം. ‘‘ഇന്ന് ബൂര്‍ഷ്വാസിക്ക് അഭിമുഖമായി നില്‍ക്കുന്ന എല്ലാ വര്‍ഗങ്ങളിലുംവെച്ച് യഥാര്‍ഥത്തില്‍ വിപ്ളവകാരിയായ വര്‍ഗം തൊഴിലാളിവര്‍ഗമാണ്. ആധുനികവ്യവസായത്തിന്‍െറ മുന്നില്‍ മറ്റു വര്‍ഗങ്ങളെല്ലാം ക്ഷയിക്കുകയും ഒടുവില്‍ തിരോഭവിക്കുകയും ചെയ്യുന്നു. തൊഴിലാളിവര്‍ഗമാണ് അതിന്‍െറ സവിശേഷവും സാരവത്തുമായ ഉല്‍പന്നം’’ (കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ). സോഷ്യലിസ്റ്റ് സമൂഹ നിര്‍മാണമേറ്റെടുക്കാന്‍ ചരിത്രപരമായ ശേഷി കൈവരിച്ചിരിക്കുന്ന ഒരേ ഒരു വര്‍ഗം ആധുനിക തൊഴിലാളിവര്‍ഗം മാത്രമാണെന്നും മാര്‍ക്സ് അടിവരയിട്ട് പറയുന്നുണ്ട്.
അതായത്, അനിവാര്യമായൊരു ചരിത്രദൗത്യം -സോഷ്യലിസ്റ്റ് നിര്‍മാണം- നിറവേറ്റാന്‍ശേഷിയുള്ള ഒരേ ഒരു വര്‍ഗം എന്ന നിലയിലാണ് മാര്‍ക്സിസത്തിലേക്ക് ‘തൊഴിലാളികള്‍’ കടന്നുവരുന്നത്. അല്ലാതെ, കാല്‍പനികന്മാര്‍ പ്രചരിപ്പിക്കുന്നപോലെ പാവപ്പെട്ടവരെ രക്ഷിക്കാനൊരു സിദ്ധാന്തം ചമക്കുകയായിരുന്നില്ല മാര്‍ക്സ്. മറ്റു വര്‍ഗങ്ങളെക്കുറിച്ച് മാര്‍ക്സ് പറയുന്നത് ശ്രദ്ധിച്ചാല്‍ ഇത് കൂടുതല്‍ ബോധ്യപ്പെടും.
‘‘ഇടത്തരവര്‍ഗത്തിന്‍െറ വിഭാഗങ്ങളെന്നനിലക്കുള്ള തങ്ങളുടെ നിലനില്‍പിനെ നാശത്തില്‍നിന്ന് രക്ഷിക്കാന്‍വേണ്ടി താഴെക്കിടയിലുള്ള ഇടത്തരം വ്യവസായികള്‍, ഷോപ്പുടമകള്‍, കൈവേലക്കാര്‍, കൃഷിക്കാര്‍ തുടങ്ങിയവരെല്ലാംതന്നെ ബൂര്‍ഷ്വാസിക്കെതിരായി പോരാടുന്നു. അതുകൊണ്ട് അവര്‍ വിപ്ളവകാരികളല്ല, യാഥാസ്ഥികന്മാരാണ്, പോരാ, പിന്തിരിപ്പന്മാരാണ്. കാരണം, അവര്‍ ചരിത്രത്തിന്‍െറ ചക്രം പിറകോട്ട് തിരിക്കാനാണ് ശ്രമിക്കുന്നത്. ഇനി സംഗതിവശാല്‍ അവര്‍ വിപ്ളവകാരികളാണെങ്കില്‍ അതിനുള്ള കാരണം അവര്‍ താമസിയാതെ തൊഴിലാളിവര്‍ഗത്തിലേക്ക് മാറുമെന്ന വസ്തുതമാത്രമാണ്.’’ ഒരു പടികൂടി കടന്ന് മാനിഫെസ്റ്റോ പ്രഖ്യാപിക്കുന്നത് ‘‘ആ ആപല്‍ക്കാരിയായ വര്‍ഗത്തെ, സമൂഹത്തിലെ ചെറ്റകളെ, പഴയ സമൂഹത്തിന്‍െറ അടിത്തട്ടില്‍നിന്ന് എടുത്തെറിയപ്പെട്ടവരും നിഷ്ക്രിയമായി നശിച്ചുകൊണ്ടിരിക്കുന്നവരുമായ കൂട്ടത്തെ, തൊഴിലാളിവിപ്ളവം അവിടവിടെ പ്രസ്ഥാനത്തിലേക്ക് അടിച്ചുകൊണ്ടുവന്നു എന്നുവരാം’’ (മാനിഫെസ്റ്റോ).
ഇത്തരമൊരു അടിച്ചുകൊണ്ടുവരവ് കേരളത്തിന്‍െറ ചരിത്രത്തിലും സംഭവിച്ചിട്ടുണ്ട്. അതെ, പഴയ സമൂഹത്തിന്‍െറ ഏറ്റവും അടിത്തട്ടില്‍നിന്ന് എടുത്തെറിയപ്പെട്ടവരായ ദലിതരും ആദിവാസികളുമാണത്. എന്നാല്‍, കമ്യൂണിസ്റ്റ് പാര്‍ട്ടിക്കൊരിക്കലും ഈ ജനതയെ ദലിതരായും ആദിവാസികളായും സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല. കാരണം, വര്‍ഗവിശകലനത്തിന്‍െറ യുക്തി അതിനനുവദിക്കുന്നില്ല. പകരം, കേരളത്തിന്‍െറ സമ്പദ്ഘടനയില്‍ ഈ വിഭാഗത്തിന്‍െറ പങ്കാണ് അന്വേഷിക്കപ്പെട്ടത്. ഇവിടെ ദലിതരും ആദിവാസികളും പ്രത്യക്ഷപ്പെടുന്നത് കാര്‍ഷികമേഖലയിലെ തൊഴില്‍കൂട്ടങ്ങളായാണ്. അങ്ങനെയാണ് കേരളത്തിന്‍െറ ചരിത്രത്തില്‍ ‘കര്‍ഷകത്തൊഴിലാളി’ എന്ന പുതിയൊരു വര്‍ഗം രൂപമെടുക്കുന്നത്. കാര്‍ഷികമുതലാളിത്തം കേട്ടുകേള്‍വിപോലുമില്ലാത്ത കേരളത്തില്‍ കര്‍ഷകത്തൊഴിലാളി ഉണ്ടായതെങ്ങനെയെന്നാരും ചോദിച്ചില്ല. ഈ പുതിയ വര്‍ഗപദവി സൃഷ്ടിച്ച അഗാധമായ പ്രതിസന്ധികളെക്കുറിച്ച് ഗൗരവമായ ആലോചനകള്‍ നടക്കേണ്ടതുണ്ട്.
കാര്‍ഷികമേഖലയിലെ തൊഴിലാളികളായി നിര്‍വചിക്കപ്പെട്ടതോടെ കൃഷിഭൂമിയുടെ അവകാശത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ സ്വയം നിര്‍ബന്ധിക്കപ്പെട്ടു എന്നതാണ് ദലിതരും ആദിവാസികളും നേരിട്ട ദുരന്തം. ഈ ജനതയുടെ ഭൂരാഹിത്യം ദീര്‍ഘകാലത്തേക്ക് ഉയര്‍ന്നുവരാതിരുന്നതിനുപിന്നില്‍ അധ്യാരോപിക്കപ്പെട്ട ഈ ‘വര്‍ഗപദവി’ ഒരു പ്രധാന കാരണമാണ്. ഇതിനെക്കാള്‍ ഭീകരമായിരുന്നു ഇതിന്‍െറ സാമൂഹികഫലങ്ങള്‍. അടിമകളും അയിത്തജാതികളുമെന്നനിലയില്‍ ദലിതര്‍ നേരിട്ടിരുന്ന അനുഭവസങ്കീര്‍ണതകള്‍ ഒറ്റയടിക്ക് മറച്ചുകളയുകയും അവരുടെ പ്രശ്നം കൂലി കൂടുതലിന്‍െറയും ജോലിസമയത്തിന്‍േറതുമായി ചുരുക്കിക്കളയുകയും ചെയ്തു. ഒരു ജനതയെന്നനിലയില്‍ ആദിവാസികളുടെ സവിശേഷാസ്തിത്വത്തെ തള്ളിക്കളയുന്നതായിരുന്നു അവര്‍ക്ക് കൈവന്ന കര്‍ഷകത്തൊഴിലാളി എന്ന വര്‍ഗപദവി. അവിടെയും ആദിവാസി ജീവിതത്തിന്‍െറ സങ്കീര്‍ണതകളെല്ലാം അപ്രത്യക്ഷമാവുകയും കൂലികൂടുതല്‍ പ്രധാന പ്രശ്നമായി മാറുകയും ചെയ്തു.
സ്വന്തം ജീവിതാനുഭവങ്ങള്‍ മറച്ചുവെക്കേണ്ടിവരുന്ന ജനത അനുഭവിക്കുന്ന സ്വത്വനഷ്ടം അഗാധമാണ്. അതായത്, ഒരു അയിത്തജാതിക്കാരനെന്നനിലയിലുള്ള തന്‍െറ നിലനില്‍പിന്‍െറ സങ്കീര്‍ണതകളെ വിശദീകരിക്കാനുള്ള എല്ലാ സാധ്യതകളും പുതിയ വര്‍ഗപദവിയോടെ ഇല്ലാതാവുകയായിരുന്നു. മാത്രവുമല്ല, അത്തരം വിശദീകരണങ്ങള്‍ പാവനമായ വര്‍ഗ ഐക്യത്തെ ദുര്‍ബലപ്പെടുത്തും എന്നതിനാല്‍ കുറ്റാരോപിതന്‍െറ സ്ഥാനമാണ് പുതിയ വര്‍ഗപദവി ഈ ജനതക്ക് നല്‍കിയത്. ആദിവാസിമേഖലയിലാകട്ടെ അവരുടെ അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ ഒരിക്കല്‍ പോലും അഭിസംബോധനചെയ്യപ്പെട്ടില്ല. അത് ചര്‍ച്ചചെയ്യാനുള്ള ഇടങ്ങളായിരുന്നില്ല വര്‍ഗപ്രസ്ഥാനങ്ങള്‍. വര്‍ഗസമരത്തിന്‍െറ ആരവങ്ങളില്‍ അദൃശ്യമാക്കപ്പെട്ട സ്വത്വനഷ്ടം ദലിതരെയും ആദിവാസികളെയും ആത്മാവില്ലാത്ത ആള്‍ക്കൂട്ടമായി കമ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പമൊഴുകാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ഈ അവസ്ഥയെയാണ് ഭൂമി നേടാനായില്ളെങ്കിലും വര്‍ഗബോധം കൈവരിക്കാനായത് വലിയൊരു നേട്ടമായി ഇ.എം.എസ് വിലയിരുത്തിയത്.
കേരളത്തിലെ കീഴാളസമൂഹങ്ങളില്‍ സംഭവിച്ച ഈ ദുരന്തത്തിന്‍െറ കാരണം മാര്‍ക്സിസ്റ്റ് നേതാക്കളെല്ലാം സവര്‍ണരായതുകൊണ്ടു മാത്രമല്ല. അങ്ങനെയൊരു ആരോപണമാണ് പൊതുവില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. എന്നാല്‍, വര്‍ഗവിശകലനത്തെ പിന്തുടരുന്ന ഏതൊരാളും എത്തിച്ചേരുന്ന സ്വാഭാവിക നിഗമനങ്ങളാണിവയെന്നു നാം മനസ്സിലാക്കണം. അതായത്, ആദിവാസികളുടെ നേതൃത്വത്തില്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടായാലും സമാന ഫലങ്ങള്‍തന്നെയായിരിക്കും ഉണ്ടാവുക. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ദലിതരെ ബലംപ്രയോഗിച്ചും കൂട്ടക്കൊലചെയ്തും ഭൂമിയുടെ അവകാശത്തില്‍നിന്ന് മാറ്റിനിര്‍ത്തിയപ്പോള്‍ കേരളത്തില്‍ ഒരു സിദ്ധാന്ത രൂപവത്കരണത്തിലൂടെ ദലിതരെ മാറ്റിനിര്‍ത്താന്‍ കഴിഞ്ഞു എന്ന വസ്തുതയാണ്. ഇതിനവരെ സഹായിച്ചത് വര്‍ഗവിശകലനമല്ലാതെ മറ്റൊന്നുമല്ല. ഇങ്ങനെയാണ് മാര്‍ക്സിസം സവര്‍ണാധിപത്യത്തിനുള്ള ഉപാധിയായി പരിണമിക്കുന്നത്. അതായത്, സവര്‍ണര്‍ മാര്‍ക്സിസത്തെ തെറ്റായി ഉപയോഗിക്കുകയല്ല, മാര്‍ക്സിസത്തിന്‍െറ സിദ്ധാന്തസാമഗ്രികള്‍ അവര്‍ക്ക് സുരക്ഷിത ഇടം നിര്‍മിച്ചുനല്‍കുകയാണ് ചെയ്യുന്നത്്.
ഇന്ത്യന്‍ സാമൂഹികജീവിതത്തില്‍ സക്രിയമായിരിക്കുന്ന ജാതിവ്യവസ്ഥയെ ആധുനികപൂര്‍വമായ സാമൂഹികസംവിധാനമായാണ് മാര്‍ക്സിസ്റ്റുകള്‍ മനസ്സിലാക്കിയത്. ജാതിയുടെ സാമ്പത്തികാടിത്തറയായ നാടുവാഴിത്തം തകരുന്നതോടെ സ്വാഭാവികമായും കൊഴിഞ്ഞുപോകുന്ന ഒന്നാണ് ജാതി എന്നവര്‍ കരുതി. ജാതിയെ സംബന്ധിച്ച ഈ നിഗമനം മാര്‍ക്സിസത്തിന്‍െറ വഴികളിലൂടെ സഞ്ചരിച്ചുതന്നെയാണത്തെിയതെന്നു കാണാം. നമ്മുടെ കാലത്തെ പ്രധാനപ്പെട്ട സാമൂഹിക സംവര്‍ഗം ജാതിയല്ല, വര്‍ഗമാണെന്നു പറയുക മാത്രമാണ് കമ്യൂണിസ്റ്റുകള്‍ ചെയ്തത്. ഫലമോ, സമൂഹത്തില്‍ ജാതിവ്യവസ്ഥ പുലര്‍ത്തുന്ന വ്യത്യസ്തമാനങ്ങളിലുള്ള സ്വാധീനം മാര്‍ക്സിസ്റ്റുകള്‍ക്ക് എന്നും അജ്ഞാതമായി തുടര്‍ന്നു. ജാതിക്ക് സ്വത്തുടമസ്ഥതയോടുള്ള ബന്ധവും സാമൂഹിക- സാംസ്കാരിക വ്യവഹാരങ്ങളില്‍ ഒരു മൂലധനമെന്നനിലയിലുള്ള ജാതിയുടെ സ്ഥാനവും വിസ്മൃതിയിലാഴ്ത്തപ്പെട്ടു. സിദ്ധാന്തവത്കരിക്കപ്പെട്ട സംഘടിതമായ ഈ വിസ്മൃതിയാണ് കമ്യൂണിസ്റ്റുകള്‍ക്ക് ജാതിയില്ളെന്നുള്ള തോന്നലുളവാക്കിയത്. സമൂഹം മുഴുവന്‍ ജാതിയില്‍ മുങ്ങിനില്‍ക്കുമ്പോള്‍ ജാതിരഹിത പുരോഗമന പൗരന്മാരായി അരങ്ങടക്കിവാഴാന്‍ ഇവരെ സഹായിച്ചത് മാര്‍ക്സിസത്തിന്‍െറ വര്‍ഗവിശകലന യുക്തിതന്നെയാണ്.
ജാതിയും സ്വത്തുടമസ്ഥതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റുകളുടെ ‘സൈദ്ധാന്തിക അജ്ഞത’യാണ്, കീഴാളരെ സംബന്ധിച്ചിടത്തോളം വിനാശകാരിയായിരുന്ന ഭൂപരിഷ്കരണം ലോകത്തിനുതന്നെ മാതൃകയാണെന്ന് പ്രചരിപ്പിക്കാന്‍ ഇവരെ പ്രാപ്തരാക്കിയത്. മാത്രവുമല്ല, ഈ ‘അജ്ഞത’ അനുഗ്രഹമായത് സവര്‍ണവിഭാഗങ്ങള്‍ക്കാണെന്നതാണ് ശ്രദ്ധേയം. അവര്‍ക്ക് ഒരേസമയം ജാതിരഹിത പൗരന്മാരായി തുടരാനും ജാതിയെന്ന മൂലധനവിനിമയത്തില്‍ വിജയികളായ പങ്കാളിയാകാനും ഇതവസരമൊരുക്കി. കാരണം, സവര്‍ണരെ സംബന്ധിച്ചിടത്തോളം ജാതിയെന്നത് ധനാത്മകമായൊരു മൂലധനമാണ്. എന്നാല്‍, കീഴാളരെ സംബന്ധിച്ചിടത്തോളം ഈ ‘അജ്ഞത’ വിനാശകരമായിരുന്നു. അവര്‍ക്ക് ജാതി ഒരു ഋണാത്മക മൂലധനമായിരുന്നതുകൊണ്ട് ജാതിയെന്ന മൂലധനവിനിമയത്തില്‍ നഷ്ടവും അപമാനവുമായിരുന്നു ഫലം. ഈ ദാരുണസ്ഥിതി തുറന്നു ചര്‍ച്ചചെയ്യാനുള്ള സാധ്യതയും ഇല്ലാതാകുന്നതോടെ, ഇവരുടെ പതനം പൂര്‍ണമാകുകയായിരുന്നു. ജാതിയെന്നത് ശ്രേണീബദ്ധമായ അസമത്വ വ്യവസ്ഥയാണെന്നും അത് മുകളിലേക്ക് പോകുന്തോറും ആഢ്യത്വവും താഴേക്ക് വരുന്തോറും മ്ളേച്ഛത്വവും അടിച്ചേല്‍പിക്കുന്ന വ്യവസ്ഥയാണെന്നുമുള്ള അംബേദ്കറുടെ തിരിച്ചറിവില്‍നിന്ന് ആലോചിക്കുമ്പോഴാണ് കമ്യൂണിസ്റ്റുകള്‍ ജാതിയെക്കുറിച്ച് പുലര്‍ത്തിയ ‘അജ്ഞത’ സ്വാഭാവികമായിതന്നെ കീഴാളവിരുദ്ധമാണെന്ന് കൂടുതല്‍ ബോധ്യപ്പെടുന്നത്. ഇത്തരം സങ്കീര്‍ണമായ സാമൂഹികാവസ്ഥകളെ വിശകലനം ചെയ്യുന്നതിന് ഉപയുക്തമായ വിശകലനോപാധിയല്ല മാര്‍ക്സിസത്തിന്‍േറത് എന്നുതന്നെയാണ് ഈ അനുഭവം വെളിപ്പെടുത്തുന്നത്.
സ്വകാര്യ സ്വത്തിനെക്കുറിച്ചും ചരിത്ര വികാസ നിയമങ്ങളെക്കുറിച്ചുമുള്ള മാര്‍ക്സിസ്റ്റ് സങ്കല്‍പനങ്ങള്‍ കേരളീയ സമൂഹത്തിലുണ്ടാക്കിയ അവബോധങ്ങള്‍ വിചിത്രവും വിനാശകാരിയും സര്‍വോപരി കീഴാളവിരുദ്ധവുമാണ്. വര്‍ഗശക്തികളുടെ ചരിത്രപരമായ മുന്‍കൈ ഒരു മാര്‍ക്സിസ്റ്റിനും നിഷേധിക്കാനാവില്ല. ഈ യുക്തിയെ പിന്തുടര്‍ന്ന മാര്‍ക്സിസ്റ്റുകള്‍ക്ക് കേരളത്തില്‍ നടന്ന നവോത്ഥാന മുന്നേറ്റങ്ങളെല്ലാം താഴ്ന്നപടിയിലുള്ള ബൂര്‍ഷ്വാ പരിഷ്കരണ പ്രസ്ഥാനങ്ങളാവുക സ്വാഭാവികം മാത്രമാണ്. ഈ വിശകലന വിദ്യയിലാണ് ശ്രീനാരായണഗുരുവിന്‍െറയും അയ്യങ്കാളിയുടെയും പ്രസ്ഥാനം താഴ്ന്ന നിലവാരത്തിലുള്ള നവോത്ഥാന പ്രസ്ഥാനങ്ങളും ചത്തെുതൊഴിലാളിയൂനിയനും കര്‍ഷകത്തൊഴിലാളി യൂനിയനും വര്‍ഗ പ്രസ്ഥാനങ്ങളായും ചരിത്രത്തില്‍ അവതരിക്കുന്നത്. ശ്രീനാരായണ ഗുരുവിനെ ചത്തെുതൊഴിലാളി പ്രസ്ഥാനത്തിന്‍െറ പിന്നില്‍കെട്ടുന്ന ഈ വിചിത്ര യുക്തി വാര്‍ന്നുവീഴുന്നത് മാര്‍ക്സിസത്തിലെ ചരിത്ര വികാസനിയമങ്ങളില്‍നിന്നുതന്നെയാണ്. അയ്യങ്കാളി ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ കര്‍ഷകത്തൊഴിലാളി യൂനിയന്‍െറ നേതാവാകുമായിരുന്നു എന്ന ഭ്രമകല്‍പനയാണിവര്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. വര്‍ഗപ്രസ്ഥാനങ്ങള്‍ സാമുദായിക നവോത്ഥാന പ്രസ്ഥാനങ്ങളെ കാലഹരണപ്പെടുത്തിയെന്ന വാദം യഥാര്‍ഥത്തില്‍ കീഴാള പ്രതിനിധാനങ്ങളെ ചരിത്രത്തില്‍നിന്ന് തുടച്ചുനീക്കുകയായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇ.എം.എസിന് അജ്ഞാതനായിരുന്ന അയ്യങ്കാളി കേരളത്തിന്‍െറ ചരിത്രത്തിലേക്ക് തിരിച്ചുവരുന്നത് ദലിത് ജനതയുടെ പ്രതിനിധാന ശ്രമങ്ങളില്‍നിന്നാണെന്ന കാര്യം ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.
കാള്‍ മാര്‍ക്സ് പ്രഖ്യാപിച്ചതുപോലെ കമ്യൂണിസമെന്ന ഭൂതം യൂറോപ്പിനെ പിടികൂടിയില്ളെങ്കിലും ചരിത്രത്തില്‍നിന്ന് അപ്രത്യക്ഷമാകും എന്ന് അദ്ദേഹം നിരീക്ഷിച്ച വിഭാഗങ്ങള്‍ മഹത്തായ തിരിച്ചുവരവ് നടത്തുന്നു എന്നതാണ് സമകാലികലോകത്തെ ദീപ്തവും പ്രതീക്ഷാനിര്‍ഭരവുമാക്കുന്നത്. കീഴാളരുടെ ശബ്ദത്തോടും സംഘടിതമായ മുന്നേറ്റങ്ങളോടും മാര്‍ക്സിസ്റ്റുകള്‍ പുലര്‍ത്തുന്ന അസഹിഷ്ണുതയുടെ വേരുകള്‍ മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തില്‍ തന്നെയാണുള്ളത്. കേരളത്തിലെ ദലിതരും ആദിവാസികളും നടത്തിയ ഭൂ സമരങ്ങളോട് ഇടതുപക്ഷം പുലര്‍ത്തിയ ശത്രുതയില്‍ ആശ്ചര്യപ്പെടാനൊന്നുംതന്നെയില്ല. മറിച്ച്, കീഴാള വിരുദ്ധത മാര്‍ക്സിസത്തില്‍ തന്നെ ലീനമാണെന്ന യാഥാര്‍ഥ്യം മാത്രമാണത് വെളിപ്പെടുത്തുന്നത്. അതുകൊണ്ടാണ് കേരളീയ സമൂഹത്തിന്‍െറ സമഗ്രമായ ഒരു അഴിച്ചുപണിക്ക് നേതൃത്വം കൊടുക്കുന്നതില്‍ എല്ലാ തരത്തിലും ഗുണത്തിലും പെട്ട മാര്‍ക്സിസ്റ്റുകള്‍ പരാജയപ്പെട്ടത്.