Friday, July 31, 2015

ആഭ്യന്തരമന്ത്രിക്ക് സ്നേഹപൂര്‍വം


മാവോവാദി തടവുകാരായ രൂപേഷിന്‍െറയും ഷൈനയുടെയും മകള്‍ ആമി എഴുതുന്ന തുറന്ന കത്ത് - 

ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി,

രണ്ടു മക്കളുടെ അച്ഛന്‍ എന്നനിലയില്‍, മാതാപിതാക്കളുടെ സാമീപ്യമില്ലാതെ വളര്‍ന്ന ഞങ്ങളോട് സഹതപിച്ചുകൊണ്ടുള്ള അങ്ങയുടെ തുറന്ന കത്ത് വായിക്കുകയുണ്ടായി. ഞങ്ങള്‍ക്കുവേണ്ടി ഒരു കത്തെഴുതാന്‍ അങ്ങ് കാണിച്ച സന്മനസ്സിന് നന്ദിപറയുന്നു. എങ്കിലും അങ്ങയുടെ കത്തിലെ ആത്മാര്‍ഥതയില്ലായ്മയും പൊരുത്തക്കേടുകളും യാഥാര്‍ഥ്യത്തിന് നിരക്കാത്ത കാര്യങ്ങളും തുറന്ന് സൂചിപ്പിക്കണമെന്ന് കരുതുന്നു. 
മാതാപിതാക്കളുടെ സ്നേഹമില്ലാതെ വളര്‍ന്നവരാണ് ഞാനും എന്‍െറ അനുജത്തി സവേരയുമെന്നത് വാസ്തവവിരുദ്ധമാണ്. മറ്റേതൊരു കുട്ടിയേക്കാള്‍ കൂടുതല്‍ മാതാപിതാക്കളുടെ സ്നേഹം കിട്ടിയ കുട്ടികള്‍ തന്നെയാണ് ഞങ്ങളും. എന്‍െറ കുട്ടിക്കാലത്ത് അവര്‍ പോകുന്നയിടങ്ങളിലെല്ലാം എന്നെ കൊണ്ടുപോകുമായിരുന്നു. കഴിഞ്ഞ ജനുവരി ഒന്നിന് അങ്ങ് വയനാട്ടില്‍ സന്ദര്‍ശനം നടത്തിയ ആദിവാസി കോളനിയില്‍ എന്‍െറ മാതാപിതാക്കളോടൊപ്പം എനിക്ക് അഞ്ചുവയസ്സുള്ളപ്പോള്‍തന്നെ പോയി നിന്നിട്ടുള്ളതാണ്. കൊല്‍ക്കത്തയിലും റാഞ്ചിയിലും മുംബൈയിലും ബംഗളൂരുവിലുമൊക്കെ പോകാനും വിവിധ സംസ്കാരങ്ങളും ജനങ്ങളും അവരുടെ പ്രശ്നങ്ങളുമൊക്കെ അറിയാനും കഴിഞ്ഞതും എന്‍െറ കാഴ്ചപ്പാടുകളെ വികസിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇതിന് മാറ്റമുണ്ടായത് അങ്ങയുടെ മുന്‍ഗാമികളുടെ പൊലീസ് നയങ്ങള്‍ മൂലമായിരുന്നു. എനിക്ക് 10 വയസ്സുള്ളപ്പോഴാണ് എന്‍െറ മാതാവ് ഷൈനയെയും നാലുവയസ്സുള്ള അനുജത്തി സവേരയെയും ഉള്‍പ്പെടെ അനാവശ്യമായി പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ച്ചയായ പൊലീസ് പീഡനങ്ങള്‍ മൂലം എന്‍െറ മാതാവ് ഹൈകോടതിയിലെ ജോലി രാജിവെച്ച് മുഴുവന്‍സമയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുകയായിരുന്നു (മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് തുറന്ന കത്തെഴുതിയാണ് എന്‍െറ മാതാവ് ഇത്തരം തീരുമാനമെടുത്തത്) എന്ന് അങ്ങയെ വിനയപൂര്‍വം ഓര്‍മിച്ചുകൊള്ളുന്നു. അങ്ങ് പ്രതിനിധാനം ചെയ്യുന്ന പൊലീസ് തന്നെയാണ് ഞങ്ങളെ അരക്ഷിതരാക്കിയത്. 

അങ്ങയുടെ കത്തില്‍ മറ്റാളുകള്‍ ഞങ്ങളെ തെറ്റായ വഴിയിലൂടെ നയിക്കാന്‍ സാധ്യതയുണ്ട്, അതുകൊണ്ട് ജാഗ്രത കാണിക്കണമെന്ന് എഴുതിയിട്ടുണ്ട്. യാഥാര്‍ഥ്യം മറ്റൊന്നാണ്. ഞങ്ങളുടെ വീടിന്‍െറ മുന്‍വശത്തെ വാതില്‍ ചവിട്ടിപ്പൊളിച്ച് ഒരു വാറന്‍റുമില്ലാതെ വീട് റെയ്ഡ് ചെയ്യുകയും വലിയൊരു സംഘം പൊലീസുകാര്‍ എന്നെ അപമാനിക്കുകയും ചെയ്തു. അഞ്ചുവയസ്സായ എന്‍െറ അനുജത്തിയോട് രൂപേഷിനെ കിട്ടിയാല്‍ വലിയ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലുമെന്ന് പറഞ്ഞു. തീര്‍ന്നില്ല, ഒരു സാംസ്കാരിക സംഘടനയുടെ യോഗത്തിനുപോയ എന്നെയും അനുജത്തിയെയും മാവോവാദികളാണെന്ന് പറഞ്ഞ് മഹിളാമന്ദിരത്തിലടച്ചു. അന്നും എന്‍െറ ചാരിത്ര്യശുദ്ധിയെക്കുറിച്ചായിരുന്നു അങ്ങയുടെ പൊലീസിന്‍െറ വിചാരണ. ഞാന്‍ കന്യകയാണോ, കന്യാചര്‍മം പൊട്ടിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളായിരുന്നു പൊലീസിന്‍േറത്. ഫേസ്ബുക്കിന്‍െറ പാസ്വേഡ് ചോദിച്ച പൊലീസുകാരനോട് ഉന്നത ഉദ്യോഗസ്ഥന്‍െറ മുന്നില്‍ മാത്രമേ തുറന്നുകാണിച്ചുതരാന്‍ സാധിക്കൂ എന്നുപറഞ്ഞ എന്നോട് അടുത്തകാലത്തൊന്നും പുറംലോകം കാണിക്കില്ളെന്നായിരുന്നു പൊലീസ് ഭാഷ്യം. മഹിളാമന്ദിരത്തില്‍ രാത്രിമുഴുവന്‍ കരഞ്ഞു കഴിച്ചുകൂട്ടിയ അനുജത്തിയോട് അങ്ങേക്ക് എന്താണ് പറയാനുള്ളത്? ഞങ്ങള്‍ പങ്കെടുത്ത യോഗം സംഘടിപ്പിച്ചവര്‍ക്ക് ഞങ്ങളെ തട്ടിക്കൊണ്ടുവന്നു എന്നുപറഞ്ഞ് കേസ് ചുമത്തപ്പെട്ടു. യു.എ.പി.എ പോലുള്ള ജനവിരുദ്ധ നിയമങ്ങളും തുടര്‍ച്ചയായ പൊലീസ് വേട്ടയും അവരുടെ ജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയാണിന്ന്. ഞങ്ങളെ തട്ടിക്കൊണ്ടുവന്നതല്ളെന്ന് ആവര്‍ത്തിച്ച് ഞങ്ങള്‍ പറഞ്ഞിട്ടും ഇന്നും അവരുടെ പേരിലെ പ്രധാന കേസ് തട്ടിക്കൊണ്ടുവന്നു എന്നതാണ്. ഇങ്ങനെ തുടര്‍ച്ചയായ പീഡനങ്ങളിലൂടെ നിലവിലുള്ള ജനാധിപത്യത്തിന്‍െറ പൊള്ളത്തരങ്ങളെക്കുറിച്ച് ഞങ്ങളെ മനസ്സിലാക്കിത്തന്നത് അങ്ങയുടെ പൊലീസാണ്. പൊലീസിന്‍െറ ഈ ജനാധിപത്യവിരുദ്ധ നയങ്ങളാണ് ഞങ്ങളുടെ മാതാപിതാക്കള്‍ ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍ ശരിയാണെന്ന് ഞങ്ങളെ ചിന്തിപ്പിച്ചത്. 
കുട്ടികള്‍ രക്ഷിതാക്കളുടെ കരുതലില്ലാതെ വളരുന്നതില്‍ ഉത്കണ്ഠപ്പെടുന്ന അങ്ങേക്ക്, അട്ടപ്പാടിയില്‍ പിറന്നുവീഴുമ്പോള്‍തന്നെ മരിച്ച 150ഓളം കുട്ടികളുടെ മരണത്തിന്‍െറ ഉത്തരവാദിത്തത്തില്‍നിന്ന് മാറിനില്‍ക്കാനാവുമോ? മണ്ണും വെള്ളവും വായുവും വിഷമയമാക്കുന്ന കാതിക്കുടത്തെ നീറ്റാ ജലാറ്റിന്‍ കോര്‍പറേറ്റ് കമ്പനിക്കെതിരെ സമരംചെയ്ത 10 വയസ്സുകാരനെപ്പോലും തല്ലിച്ചതച്ച പൊലീസുകാരല്ളേ അങ്ങയുടേത്? എന്‍ഡോസള്‍ഫാനും പ്ളാച്ചിമടയും അരിപ്പയും ചെങ്ങറയും കാതിക്കുടവുമടക്കം അനവധി ഭൂസമരങ്ങളും മാലിന്യത്തിനെതിരായ സമരങ്ങളുമടക്കം അനവധി ജനകീയസമരങ്ങള്‍ നടക്കുന്ന നാടായി മാറിയിരിക്കുകയാണ് കേരളം. ഇവിടെയും അനവധി കുട്ടികള്‍ ജനിക്കുന്നുണ്ട്. എന്തുകൊണ്ട് അങ്ങ് ഇവരെയൊന്നും കാണുന്നില്ല? പാര്‍ശ്വവത്കൃത വിഭാഗത്തില്‍നിന്ന് പ്രൈമറി സ്കൂളില്‍ ചേരുന്ന പകുതിയോളം കുട്ടികള്‍ അപ്പര്‍ പ്രൈമറിയിലും മുക്കാല്‍ഭാഗത്തോളം കുട്ടികള്‍ ഹൈസ്കൂളിലും എത്താത്തതിന്‍െറ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയുമോ? വിദ്യാഭ്യാസമേഖല വാണിജ്യവത്കരിക്കപ്പെടുന്നതിന്‍െറ ഭാഗമായി പതിനായിരക്കണക്കിലധികം ആളുകള്‍ വിദ്യാഭ്യാസ ലോണിന്‍െറ പേരില്‍ കടക്കെണിയില്‍പെടുന്നതും ആത്മഹത്യകള്‍ പെരുകുന്നതും കണ്ടില്ളെന്ന് നടിക്കാനാകുമോ?
നശീകരണമല്ല, നിര്‍മാണമാണ് നടത്തേണ്ടതെന്ന് അങ്ങയുടെ കത്തില്‍ ഉണ്ടായിരുന്നതാണ്. ഭൂമിയും പട്ടയവും ഇല്ലാത്തതിനാല്‍ കഷ്ടപ്പെടുന്ന ആദിവാസികളെക്കുറിച്ചും കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് വില ലഭിക്കാത്തതിനാല്‍ അവര്‍ നരകിക്കുന്നതിനെക്കുറിച്ചും ഒക്കെയുള്ള ഒരു തുറന്നകത്ത് കഴിഞ്ഞ ഡിസംബറില്‍ എന്‍െറ പിതാവ് രൂപേഷ് അങ്ങേക്കെഴുതിയിരുന്നത് ഞാന്‍ വായിച്ചു. അങ്ങ് പ്രതിനിധാനം ചെയ്യുന്ന സര്‍ക്കാര്‍ നയങ്ങളില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന ആദിവാസികളും തോട്ടംതൊഴിലാളികളും കര്‍ഷകരും അനുഭവിക്കുന്ന ദുരിതങ്ങളാണ് ആ തുറന്നകത്തില്‍ ഞാന്‍ വായിച്ചത്. എന്നാല്‍, ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അങ്ങ് ഒരു മുന്‍കൈയെടുത്തുമില്ല. ഹൈവേ സ്വകാര്യവത്കരണം, കാതിക്കുടം പോലുള്ള മലിനീകരണം, കുടിയൊഴിപ്പിക്കലുകള്‍ എന്നിങ്ങനെ നിരവധി ജനവിരുദ്ധ നയങ്ങളിലൂടെ ജനജീവിതം നശിപ്പിക്കുകയാണ് അങ്ങും അങ്ങ് പ്രതിനിധാനംചെയ്യുന്ന സര്‍ക്കാറും ചെയ്യുന്നതെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. 

അങ്ങ് ഞങ്ങളുടെ മാതാപിതാക്കളെ അക്രമികളെന്ന് വിളിച്ചേക്കും. അങ്ങേക്കും അങ്ങയുടെ പൂര്‍വപിതാക്കള്‍ക്കും അത് അക്രമംതന്നെയാണ്. ഭഗത്സിങ്ങും സുഭാഷ് ചന്ദ്ര ബോസും മാത്രമല്ല, കൊളോണിയലിസത്തിനെതിരെ നിന്നവരെല്ലാം അന്നത്തെ അധികാരികള്‍ക്ക് അക്രമികളായിരുന്നു. ജനവിരുദ്ധ നിയമങ്ങളും കാലാപാനികള്‍പോലുള്ള തടവറകളുമൊക്കെയാണ് അവരെ നേരിട്ടത്. ഇന്ന് അങ്ങും എന്‍െറ മാതാപിതാക്കളടക്കമുള്ളവരെ അതേ രീതിയില്‍തന്നെയാണല്ളോ നേരിടുന്നത്. എന്നാല്‍, നമ്മുടെ നാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍, ദരിദ്രരായ ജനങ്ങള്‍ എന്‍െറ മാതാപിതാക്കളെ അക്രമികളായി കരുതുന്നില്ല. അവരുടെ ആശയങ്ങള്‍ക്ക് മുമ്പിലാത്തവിധം കേരളത്തില്‍ ഇന്ന് സ്വീകാര്യത ലഭിക്കുന്നത് അതുകൊണ്ടാണ്. സ്വന്തം ഭാവിയും സ്ഥാനമാനങ്ങളും സമ്പാദ്യങ്ങളും ഉണ്ടാക്കാനായല്ല എന്‍െറ മാതാപിതാക്കള്‍ ഇറങ്ങിത്തിരിച്ചത്; അവര്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ക്കുവേണ്ടിയായിരുന്നു; ഇന്ത്യയിലെയും കേരളത്തിലെയും ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കുവേണ്ടിയായിരുന്നു; എനിക്കും എന്‍െറ അനുജത്തിക്കും വേണ്ടിയായിരുന്നു. തടവറകള്‍ അവരുടെ പോരാട്ടം തടയുകയാണ്. യു.എ.പി.എ-എന്‍.എസ്.എ കൊണ്ട് നിങ്ങള്‍ അവരെ വീണ്ടും വീണ്ടും ചങ്ങലക്കിടുന്നു. അതുകൊണ്ടാണ്, അവരുടെ മക്കളായതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞത്. 
വ്യക്തിപരമായി എനിക്കെന്തും തുറന്നുപറയാനും പങ്കുവെക്കാനും എന്‍െറ മാതാപിതാക്കളോട് കഴിഞ്ഞിരുന്നു. എന്‍െറ സ്വകാര്യങ്ങള്‍പോലും. നല്ല സുഹൃത്തുക്കളായാണ് അവര്‍ ഞങ്ങളെ വഴിനടത്തിയത്, ദൂരെയാണെങ്കിലും. ഈയടുപ്പം അങ്ങേക്ക് മനസ്സിലാകില്ല. വിദ്യാര്‍ഥികാലം മുതലേ സാമൂഹികപ്രവര്‍ത്തകനാണെന്ന് അവകാശപ്പെടുന്ന അങ്ങ് എന്തുകൊണ്ടാണ് അങ്ങയുടെ മക്കളെ ആ വഴിയില്‍ നടത്താത്തത്? എന്തുകൊണ്ടാണ് അവരെ കരിയറിസ്റ്റുകളാക്കുന്നത്? സാമൂഹികപ്രവര്‍ത്തകരായ എന്‍െറ മാതാപിതാക്കള്‍ ഞങ്ങളും ആ വഴി തെരഞ്ഞെടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അവരുടെ വഴിയെക്കുറിച്ച് ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് അവര്‍ അങ്ങനെ ആലോചിക്കുന്നത്. ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടായിരിക്കുമല്ളേ അങ്ങ് ഇതാഗ്രഹിക്കാതിരുന്നത്....


ഇങ്ങനൊരു കത്തെഴുതിയതില്‍ ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷമുണ്ട്. ഞങ്ങള്‍ക്കായി അങ്ങയുടെ വിലപ്പെട്ട സമയം മാറ്റിവെച്ചതില്‍ സന്തോഷമുണ്ട്.

ബഹുമാനപൂര്‍വം,
ആമി


Source  മാധ്യമം  

Thursday, July 2, 2015

ബംഗാൾ തുറിച്ചുനോക്കുമ്പോൾ സിപിഎം എന്ത് ചെയ്യും?

നിരീക്ഷകൻ

അഴിമതിയിൽ മുങ്ങിക്കുളിച്ച ഉമ്മൻ ചാണ്ടി സർക്കാരിന് ഷോക്ക് ട്രീറ്റ്മെന്റ് ആകുമെന്ന് കരുത്തപ്പെട്ട അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷം ഷോക്കടിച്ചുനില്ക്കുന്ന ചിത്രമാണ് തെളിഞ്ഞുവന്നിരിക്കുന്നത്. ബിജെപിയുടെ കടന്നുകയറ്റം ഇരുമുന്നണികൾക്കും ഭീഷണിതന്നെയെങ്കിലും കേരളവും ബംഗാളിന്റെ വഴിയേതന്നെയോ എന്നതായിരിക്കും മുഖ്യധാരാ ഇടതിന്റെ ഉറക്കം കെടുത്തുന്ന ചോദ്യം. കേരളം ഇന്നേവരെ കാണാത്തതരത്തിൽ അഴിമതിയിൽ മുങ്ങിയ ഒരു സർക്കാരിന്റെ മുഖ്യമന്ത്രി ഇത് ഭരണത്തിന്റെ വിലയിരുത്തലാണെന്ന് പറയുമ്പോൾ അന്തംവിട്ടുനിൽക്കാനേ സിപിഎം നയിക്കുന്ന ഇടതുപക്ഷത്തിന് കഴിയുന്നുള്ളൂ. കേവലം ഒരു ഉപതെരഞ്ഞെടുപ്പ് പരാജയം എന്നതിലപ്പുറം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അവരുടെ നിലനിൽപ്പ്‌ തന്നെയാണ് അപകടത്തിലായിരിക്കുന്നത്. ബംഗാളിൽ അടുത്തകാലത്തൊന്നും ഒരു തിരിച്ചുവരവ് സ്വപ്നംപോലും കാണാൻ കഴിയാത്ത സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കേരളത്തിലും തിരിച്ചടിയേൽക്കുന്നതോടെ ഇന്ത്യയിൽ നിന്ന് തന്നെ തുടച്ചുനീക്കപ്പെടുമെന്ന സ്ഥിതിവിശേഷമാണ് സംജാതമാകുന്നത്.
ഇലക്ഷൻ പരാജയത്തിനുശേഷം സിപിഎമ്മിന്റെ വിലയിരുത്തൽ അരുവിക്കരയിൽ യു ഡി എഫ് നേടിയത് അധികാരവും പണവും മദ്യവും ഉപയോഗിച്ച് നേടിയ വിജയമെന്നാണ്. ഭരണവിരുദ്ധവികാര വോട്ടുകൾ ബിജെപി ഭിന്നിപ്പിച്ചു എന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സർക്കാരിന്റെ ന്യൂനപക്ഷപ്രീണനംകൊണ്ട് ബിജെപി നേട്ടമുണ്ടാക്കിയെന്നും അതാണ്‌ എൽ ഡി എഫിന്റെ പരാജയത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് അച്ചുതാനന്ദനും വിലയിരുത്തുമ്പോൾ സിപിഎം ഒരു പാഠവും പഠിക്കാൻ തയ്യാറല്ല എന്നതാണ് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്. കോടിയേരിയുടെ വിലയിരുത്തലിൽ പറയുന്നതുപോലെ തങ്ങൾക്ക് കിട്ടേണ്ടിയിരുന്ന വോട്ടുകളാണ് ബിജെപി നേടിയതെങ്കിൽ അത് തീർച്ചയായും സിപിഎമ്മിന് അപായ സൂചനയാണ് നൽകുന്നത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് കാലത്തും മോഡി പ്രഭാവം തുടരുമെന്നതിനാൽ ബിജെപിയുടെ വോട്ട് ശതമാനം ഉയർന്നുനിൽക്കാൻ തന്നെയാണ് സാധ്യത. ബിജെപി നേടുന്ന വോട്ടുകൾ തങ്ങളുടെ അക്കൗണ്ടിൽ നിന്നാണ് പോകുന്നതെന്ന് സിപിഎം നേതാവ് പറയുമ്പോൾ അത് ആ പാർട്ടിയെക്കുറിച്ച് ചില സംശയങ്ങൾ ഉയർത്താം. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വോട്ടർമാർക്ക് അത്ര പെട്ടെന്ന് തീവ്രവലതുപക്ഷ, ഹിന്ദുത്വ പാർട്ടിയുടെ വോട്ടർമാരായി മാറുവാൻ കഴിയുമോ?ഇവിടെ സിപിഎമ്മിന്റെ മതേതര, കമ്മ്യൂണിസ്റ്റ് പൊയ്മുഖങ്ങൾ അഴിഞ്ഞുവീഴുന്ന കാഴ്ച നാം കാണുന്നു. ഏറെക്കാലമായി സിപിഎം പുലർത്തിപോരുന്ന മൃദുഹിന്ദുത്വ നിലപാടുകൾ പരസ്യമാണ്. മലപ്പുറത്ത് എന്തുകൊണ്ടാണ് റിസൾട്ട് കൂടുന്നതെന്ന അച്ചുതാനന്ദന്റെ സംശയങ്ങളും കർക്കിടകമാസത്തിൽ പാർട്ടി ചടങ്ങുകളിൽ രാമായണ പാരായണം നടത്തുന്നതുമെല്ലാം ഈ മൃദു ഹിന്ദുത്വ നിലപാടിന്റെ ഭാഗം തന്നെയാണ്. ഇലക്ഷൻ റിസൾട്ട് വന്നതിനുശേഷം വി എസ് പറഞ്ഞതും സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനമാണ് ബിജെപിക്ക് വോട്ട് കൂടാൻ കാരണമെന്നാണ്. ഇപ്രകാരം ഹൈന്ദവവൽക്കരിക്കപ്പെട്ട പാർട്ടിയിൽ നിന്നാണ് അണികളും വോട്ടർമാരും യഥാർത്ഥ ഹിന്ദുത്വം തേടിപോകുന്നത്. ഒറിജിനൽ ഉള്ളപ്പോൾ വ്യാജനെന്തിന്?

വികസനരംഗത്തേക്ക് വരുമ്പോഴും സിപിഎം ഒരു വലതുപക്ഷ പാർട്ടിയായി മാറുന്ന കാഴ്ച നാട്ടുകാർ കാണുന്നു.ഫൈനാൻസ് മൂലധനത്തിന്റെ തലസ്ഥാനമാക്കി, റിയൽ എസ്റ്റെയ്റ്റ് ഹബ്ബാക്കി കേരളത്തെ മാറ്റാൻ ശ്രമിക്കുന്ന വലതുപക്ഷത്തോട് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി മത്സരിക്കുന്ന ദയനീയാവസ്ഥയാണ് ഇന്ന് കേരളത്തിൽ മെട്രോ റയിലും സ്മാർട്ട് സിറ്റികളുമാണ് മുന്നോട്ടുള്ള വഴിയെന്ന് വലതുപക്ഷം പറയുമ്പോൾ സിപിഎമ്മിന് മറുത്തൊന്നും പറയാനില്ല. ജനങ്ങളെ തൊഴിൽ അഭയാർഥികളാക്കിയും ഗ്രാമങ്ങളെ പാപ്പരീകരിച്ച് നഗരവല്ക്കരണം നടത്തിയും വികസനം മുന്നേറുമ്പോൾ സൃഷ്ടിക്കപ്പെടുന്ന ഗതാഗത പ്രശ്നത്തിന് റിയൽ എസ്റ്റേറ്റ് നിക്ഷേപപദ്ധതിയായ മെട്രോ റയിൽ പരിഹാരമായി നിർദ്ദേശിക്കപ്പെടുമ്പോൾ മെട്രോ റയിൽ പദ്ധതി കൂടുതൽ വേഗത്തിലാക്കുന്നതിനും അത് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും മനുഷ്യചങ്ങല സംഘടിപ്പിക്കുകയാണ് സിപിഎം. തലതിരിഞ്ഞ ഈ വികസന നയങ്ങളെ ചോദ്യം ചെയ്യാനോ സവിശേഷമായ കമ്മ്യൂണിസ്റ്റ് ബദലുകൾ ജനങ്ങൾക്കുമുന്പാകെ അവതരിപ്പിച്ച് അതിനായി പോരാട്ട രംഗത്തിറങ്ങാനോ കെൽപ്പില്ലാത്ത പാർട്ടിയായി മാറിയിരിക്കുന്നു ഇന്ന് സിപിഎം.സാമൂഹ്യ മാറ്റത്തിനായി പോരാടുന്ന ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പാർലമെന്ററി പാതയിൽ, വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ, നിന്നുകൊണ്ട്  പ്രവർത്തിക്കാൻ കഴിയുമോ എന്നതാണ് ഇവിടെ ഉയർന്നുവരുന്ന ചോദ്യം.ഇല്ല എന്ന് ഉത്തരം പറയാൻ സിപിഎം തന്നെ സാഖ്യം. ജാതി നശീകരണത്തിനും യഥാർത്ഥ മതേതരത്വം സാധ്യമാക്കുവാനുമെല്ലാംതന്നെ കടുത്ത സാമൂഹ്യ സംഘർഷങ്ങളിലൂടെ സമൂഹം കടന്നുപോകേണ്ടതായിവരും. അത്തരം സംഘർഷങ്ങളിൽ ശരിയായ രീതിയിൽ ഇടപെടാൻ വോട്ട് ബാങ്കിൽ കണ്ണുനട്ടിരിക്കുന്നവർക്ക് കഴിയാതെവരും. വികസനകാര്യത്തിലാവട്ടെ ലോകമെമ്പാടും തീവ്ര വലതുപക്ഷത്തിന്റെ തേരോട്ടം നടക്കുമ്പോൾ ഏതെങ്കിലുമൊരു തുരുത്തിൽ വലതുപക്ഷ ചട്ടക്കൂടിൽ നിൽക്കുന്നവർക്ക് സവിശേഷമായൊരു കമ്മ്യൂണിസ്റ്റ് അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെവരും. നിലവിലുള്ള വ്യവസ്ഥിതിയുടെ നയങ്ങൾ ഏറിവന്നാൽ ചില ഇടതുപക്ഷ പ്രതീതികൾ സൃഷ്ടിച്ച് നടപ്പാക്കലല്ലാതെ അവർക്കുമുന്നിൽ വേറെ വഴിയുണ്ടാകില്ല. അതല്ലെങ്കിൽ ഇന്ത്യയിലെ വിപ്ലവ ഇടതുപക്ഷം ചെയ്യുന്നതുപോലെ  പോരാട്ടപാതയിലിറങ്ങുകയും  വിപ്ലവശ്രമങ്ങളിൽ ഏർപ്പെടുകയും ഇന്ത്യയെന്ന വിശാല രാജ്യത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി അതിനെ ലോകവിപ്ലവത്തിന്റെ നങ്കൂരമാക്കുകയും ചെയ്യുക എന്നതാണ്  ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ചെയ്യാവുന്നത്.

ഇവിടെ സിപിഎം അഭിമുഖീകരിക്കുന്ന പ്രതിസന്ധി കടുത്തതാണ്. സവർണ വലതുപക്ഷവൽക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ ആശയാഭിലാഷങ്ങളെ തൃപ്തിപ്പെടുത്താൻ സിപിഎം മത്സരിക്കുമ്പോൾ യഥാർത്ഥ ബിജെപിയും യഥാർത്ഥ കോണ്‍ഗ്രസ്സുമുള്ളപ്പോൾ ഡൂപ്പ്ലിക്കെറ്റ് ബിജെപിയും ഡൂപ്പ്ലിക്കെറ്റ് കോണ്‍ഗ്രസ്സും എന്നതിന് എന്നതായിരിക്കും ജനം ചിന്തിക്കുക.Followers