Tuesday, December 27, 2016

എം. എൻ. രാവുണ്ണിയോടുള്ള സിപിഎം ഭയം ഇ എം എസിൽ നിന്ന് തുടങ്ങിയതാണ്

തെരഞ്ഞെടുപ്പ് ബഹിഷ്കരണ പ്രചരണത്തിനുള്ള അവകാശം ഇന്ത്യൻ ഭരണകൂടം പോലും അനുവദിച്ചിട്ടുള്ള ഒന്നാണെങ്കിലും ആ അവകാശം വിനിയോഗിച്ചതിന്റെ പേരിൽ പോരാട്ടം സംഘടനയുടെ ചെയർമാനും മുതിർന്ന വിപ്ലവകാരിയുമായ എം. എൻ. രാവുണ്ണിയെ കമ്മ്യൂണിസ്റ്റ് എന്ന് അവകാശപ്പെടുന്ന സിപിഐ എം സർക്കാർ ഭീകര നിയമമായ യു. എ. പി.എ പ്രകാരം അറസ്റ്റ് ചെയ്‌തു ജയിലിടച്ചിരിക്കുകയാണ്. എഴുപത്തെട്ടുകാരനായ എം. എൻ. രാവുണ്ണിയെ തടവിലടച്ച് ഇന്ത്യൻ 'ജനാധിപത്യത്തെ' സംരക്ഷിക്കാൻ ശ്രമിക്കുന്ന സിപിഎമ്മിന്റെ രാവുണ്ണിയോടും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തോടുമുള്ള ഭയം വാസ്തവത്തിൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സിപിഎമ്മിന്റെ ആരംഭം മുതൽ മരണം വരെ അതിന്റെ നേതാവും സൈദ്ധാന്തികനും എല്ലാമെല്ലാമായ ഇ. എം. ശങ്കരൻ എന്ന കൗശലക്കാരനായ നമ്പൂതിരിപ്പാടിൽ നിന്ന് തന്നെയാണ് അതിന്റെ ആരംഭം. 

പണ്ട് നീണ്ട 13 വർഷത്തെ ഏകാന്ത തടവനുഭവിച്ചശേഷം പരോള്‍ ആവശ്യപ്പെട്ട് എം. എൻ. രാവുണ്ണി  നിരാഹാരസമരം നടത്തിയ ഘട്ടത്തിൽ അത് ന്യായമെന്ന അഭിപ്രായം സാമൂഹ്യ, രാഷ്ട്രീയ, സാംസ്ക്കാരിക പ്രവർത്തകരിലും ജനങ്ങൾക്കിടയിലും ശക്തമായിരുന്നു. അന്ന് സിപിഎമ്മിലുണ്ടായിരുന്ന  എം വി രാഘവന്‍, ചാത്തുണ്ണിമാസ്റ്റര്‍ എന്നിവരും   പരോളനുവദിക്കണമെന്ന ആവശ്യത്തിന്  ശക്തമായ പിന്തുണ നൽകിയിരുന്നു. രാഘവൻ നിരാഹാര സമരം നടത്തുകയായിരുന്ന എം എന്നിനെ ജയിലിൽ ചെന്ന് കാണുകയും എം എന്നിന് അനുകൂലമായ പ്രസ്താവന ഇറക്കുകയും ചെയ്തു. ഇന്ത്യൻ  ഭരണഘടന പോലും അംഗീകരിച്ചിട്ടുള്ള പരോൾ പോലുള്ള പരിമിതമായ അവകാശങ്ങൾ തടവുകാരൻ നക്സലൈറ്റ് ആണെന്നതുകൊണ്ട് മാത്രം നിഷേധിക്കപ്പെടരുത് എന്ന് അദ്ദേഹം നിലപാടെടുത്തു. 

ബൂര്‍ഷ്വാ കോടതിപോലും  രാഷ്ട്രീയത്തടവുകാരായി പരിഗണിച്ച നക്സലൈറ്റുകളെ  പക്ഷെ  ഇ എം എസ് പരിഗണിച്ചത്  സാധാരണ ക്രിമിനലുകളായിട്ടാണ്. അവര്‍ രാഷ്ട്രീയ തടവുകാരല്ലെന്ന് ഇ എം എസ് പറഞ്ഞു. നക്സലൈറ്റുകളുടെ മാര്‍ഗ്ഗത്തെ കൊലപാതകമെന്ന്  മുദ്രകുത്താനായി  ഇ എം എസ് നമ്പൂതിരിപ്പാട്  ലെനിന്റെ സഹോദരന്റെ അനുഭവം നിരത്തി . നരോദ്നികായിരുന്ന അലെക്സാണ്ടറെ തൂക്കിലേറ്റിയ വിവരമറിഞ്ഞപ്പോള്‍ ഇതല്ല നമ്മുടെ വഴി എന്നു ലെനിന്‍ പ്രഖ്യാപിച്ചെന്നുവരെ  നമ്പൂതിരിപ്പാട് പലതവണ തട്ടിവിട്ടു. വാസ്തവത്തിൽ ലെനിൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല ലെനിനെ ഒരു വിപ്ലവകാരിയാക്കി മാറ്റുന്നതിൽ സഹോദരന്റെ മരണം വലിയ പങ്കുവഹിച്ചിരുന്നതായി കാണാം. അലക്‌സാണ്ടർ, മാർക്സിന്റെ 'മൂലധനം വായിക്കുമ്പോൾ ടർജനേവിനെ വായിച്ച ലെനിനെ മാറ്റിമറിക്കുന്നതിൽ അലക്‌സാണ്ടറുടെ മരണം വഹിച്ച പങ്ക് ചെറുതല്ലായിരുന്നു. നരോദ്നിക് നേതാവ് ചെർനിഷെവിസ്കിയുടെ 'എന്ത് ചെയ്യണം' വായിച്ചാണ് ലെനിൻ മാർക്സിസത്തിലേക്ക് കാലെടുത്തുവെക്കുന്നത്. നക്സലൈറ്റുകളെ താഴ്ത്തിക്കെട്ടാൻ ഇത്തരം യാഥാർഥ്യങ്ങളെ അവഗണിച്ച  നമ്പൂതിരിപ്പാട്  ലെനിന്റെ സഹോദരന്‍ സാർ  ചക്രവര്‍ത്തിയെ വധിച്ചതിന് തൂക്കിലേറ്റപ്പെട്ടു എന്ന വങ്കത്തം പലയിടത്തും എഴുന്നുള്ളിച്ചിരുന്നു. 

നീണ്ട 13 വർഷങ്ങൾ ഏകാന്ത തടവ് അനുഭവിച്ച ഒരു വിപ്ലവകാരി മോചനമല്ല, പരോൾ ആവശ്യപ്പെട്ടപ്പോൾ അതിനെപ്പോലും സർവ്വവിധേനയും തടയാൻ ശ്രമിച്ച കുടിലത കാട്ടാൻ നമ്പൂതിരിപ്പാടിനെ പ്രേരിപ്പിച്ചത് തന്റെ പാർട്ടിയുടെ ആശയ പാപ്പരത്തവും വലതുപക്ഷ നിലപാടുകളുമായിരുന്നു. തന്റെ പാർട്ടിയുടെ നിലപാടുകൾ ശരിയെന്ന് സ്ഥാപിക്കാൻ എം. എൻ. രാവുണ്ണിയെപ്പോലുള്ള വിപ്ലവകാരികൾ ജീവിത കാലം മുഴുവൻ ജയിലിൽ കിടക്കണം എന്ന് നമ്പൂതിരിപ്പാട് കരുതിയിരുന്നിരിക്കാം. അത്രമാത്രം ദുർബലമാണ് തന്റെ പാർട്ടിയുടെ രാഷ്ട്രീയം എന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നിരിക്കാം. 

ഇന്ന് വർഷങ്ങൾക്കിപ്പുറം എം. എൻ. ഈ എഴുപത്തെട്ടാം വയസിലും സിപിഎം സർക്കാരിന്റെ ഇരുമ്പഴികൾക്കുള്ളിലാണ്. നിലമ്പൂരിലെ വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ സിപിഎം ബുദ്ധിജീവി കുഞ്ഞിക്കണ്ണന്റെ വാദങ്ങളെ ഖണ്ഡിച്ചു സംസാരിച്ച എം. എൻ ഇന്നും അപകടകാരിയായി തുടരുന്നു എന്ന തിരിച്ചറിവാണ് അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കി ജയിലിടയ്ക്കാൻ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത് എന്ന് വ്യക്തം. 

രാവുണ്ണിയുടെ മോചനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചോദ്യങ്ങൾക്ക് ഇ. എം. എസ് കൊടുത്ത മറുപടികൾ കാണുക 
















Saturday, May 21, 2016

മരം വരം തന്നെ. വൈദ്യുതിയും വെള്ളവും അമൂല്യവുമാണ്. എങ്കിലും പാവങ്ങളുടെ മരം നടീലുകൾക്കും ഒരു ബൾബ് ഒരു മണിക്കൂർ നേരം അണയ്ക്കലിനും അപ്പുറമാണല്ലോ സഖാവേ കാര്യങ്ങൾ




                                                                                                       ജെയ്സൻ കൂപ്പർ 
ഇന്നാട്ടിലെ ദരിദ്രരും സാധാരണക്കാരുമായവരുടെ കയ്യിലിരുപ്പ് കൊണ്ടാണ് കാര്യങ്ങളൊക്കെ ഇവ്വിധമായതെന്നും അവർ നന്നായാൽ ഇതിനൊക്കെ പരിഹാരമാകും എന്നും ഭരണവർഗങ്ങളും അവരെ പിന്തുണയ്ക്കുന്ന മതങ്ങളും മാദ്ധ്യമങ്ങളും നിരന്തരം പറഞ്ഞുപോരുന്നതാണ്. ഭൂമിയുടെ നിലനിൽപ്പിനെതന്നെ അപകടത്തിലാക്കിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി നാശത്തിനും ഊർജ്ജ പ്രതിസന്ധിക്കും വിഭവശോഷണത്തിനും മറ്റും കാരണക്കാർ ജനങ്ങളാണത്രെ. എങ്കിലും സാരമില്ല, ഇതിനൊക്കെ പരിഹാരങ്ങളും അവർ നിർദ്ദേശിക്കുന്നുണ്ട്. മരം ഒരു വരമാണെന്നും അതുകൊണ്ട് ജനങ്ങൾ മരങ്ങൾ നട്ടുപിടിപ്പിക്കണമെന്നും ഉപദേശിക്കപ്പെടുന്നു. പരിസ്ഥിതി ദിനത്തിനും ഭൗമ ദിനത്തിനും കുട്ടികളെക്കൊണ്ട് പൊരിവെയിലത്ത് മരം ഒരു വരം മുദ്രാവാക്യം വിളിപ്പിച്ച് ജാഥ നടത്തിയും ഒരു വീട്ടിലെ ഒരു ബൾബ് ഒരു മണിക്കൂർ അണച്ചും പരിസ്ഥിതി സംരക്ഷണത്തിന്റെ പുതിയ പാഠങ്ങൾ അവർ പ്രചരിപ്പിക്കുന്നുണ്ട്
എങ്കിലും ഇത്തരത്തിലുള്ള പൊടിക്കൈകളും ഗിമ്മിക്കുകളും പരിഹരിക്കാൻ കഴിയുന്നതാണോ പ്രശ്നങ്ങൾ? അല്ല എന്നത് വ്യക്തമാണ്. ഇവിടെ ചോദ്യങ്ങൾ ഉയരുന്നുണ്ട്. ആരാണ് ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണക്കാർ? കുറ്റാരോപണത്തിന്റെ ചൂണ്ടുവിരൽ തിരിയുന്നത് ഈ ഭൂമിയുടെ നിലനിൽപ്പിനെത്തന്നെ അപകടത്തിലാക്കിക്കൊണ്ടിരിക്കുന്ന സാമ്രാജ്യത്വ ശക്തികൾക്കും അവരുടെ ദല്ലാളുകൾക്കും ജന്മിത്വത്തിന്റെ പുതിയ അവതാരങ്ങൾക്കും നേരെ തന്നെയായിരിക്കും. ലാഭം മാത്രം ലക്ഷ്യമിട്ട് വിവേചനരഹിതമായി പ്രകൃതിയെ ചൂഷണം ചെയ്ത ചൂഷക ശക്തികൾ തന്നെയാണ് കാര്യങ്ങളെ ഇവിടംവരെ കൊണ്ടെത്തിച്ചിരിക്കുന്നത്. ലോകമെമ്പാടും മുതലാളിത്ത ശക്തികൾ നടത്തുന്ന അനിയന്ത്രിതമായ ചൂഷണത്തിന്റെ ഭാഗമായിത്തന്നെയാണ് പ്രകൃതിചൂഷണങ്ങളും വിഭവകൊള്ളകളും അരങ്ങേറുന്നത്.
തീക്ഷ്ണമായ വർഗ സമരം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പറയാൻ ചൂഷകവർഗങ്ങളെത്തന്നെ നിർബന്ധിതരാക്കിയിട്ടുണ്ടെങ്കിലും അതിനായി സ്ഥാപിതമായ ആഗോളവേദികളിലും ഇതിന്റെയെല്ലാം ഉത്തരവാദിത്തം ദരിദ്രരാജ്യങ്ങളുടെയും ദരിദ്രരുടെയും മേൽ കെട്ടിവെയ്ക്കാനാണ് സാമ്രാജ്യത്വ ശക്തികൾ പരിശ്രമിച്ചുപോരുന്നത്. ലാഭത്തിൽ നിന്ന് കണ്ണെടുക്കാൻ അവർക്ക് കഴിയില്ലല്ലോ. പരിസ്ഥിതി നാശത്തെയും മറ്റ് ഏതൊരു പ്രതിസന്ധിയെയും മൂലധന സമാഹരണത്തിന്റെ പുതിയ പുതിയസാധ്യതകളാക്കി മാറ്റുവാനാണ് ഇപ്പോഴും അവരുടെ ശ്രമങ്ങൾ
ലോകമെമ്പാടും ചൂഷകശക്തികൾ ചൂഷിതരിലേക്ക് പകർന്നു നൽകുന്ന ബോധം തന്നെയാണ് അവരുടെ പ്രാദേശിക ശക്തികൾ ഇങ്ങ് കേരളത്തിലും പകർന്നു നൽകിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ നിലനിൽപ്പിന് തന്നെ നിർണായകമായ പശ്ചിമഘട്ടത്തിന്റെ കാര്യം തന്നെയെടുക്കാം. കാടിന്റെ മക്കളായ ആദിവാസികളെ അടിമകളാക്കിയ ജന്മിത്വവും അവരെ ആവാസ ഇടങ്ങളിൽ നിന്നും ആട്ടിപ്പായിച്ച സാമ്രാജ്യത്വത്തിന്റെ തോട്ടവൽക്കരണങ്ങളും വ്യാപകമായ കുടിയേറ്റങ്ങളും ക്വാറി ഖനന മാഫിയകളുമെല്ലാം ചേർന്ന് തകർത്ത് തരിപ്പണമാക്കിയ പശ്ചിമഘട്ടത്തിന്റെ സംരക്ഷണ കാര്യം വരുമ്പോൾ അതിനെ അട്ടിമറിക്കാൻ ഇവിടെ ഇടത് വലത് മുന്നണികളും മതമേലധ്യക്ഷന്മാരും മാധ്യമപുംഗവന്മാരും ഒന്നിച്ചണിനിരക്കുന്ന കാഴ്ച കേരളം കണ്ടിട്ടുള്ളതാണ്.തീർച്ചയായും ഗാഡ്ഗിൽ റിപ്പോർട്ട് കുറ്റമറ്റതോ അപ്പാടെ നടപ്പാക്കാവുന്നതോ ആണെന്ന് പറയാൻ കഴിയില്ല. പക്ഷെ പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാര്യത്തിൽ ഗൗരവപൂർവമായ സമീപനം ആവശ്യമാണെന്നത് വ്യക്തമാണ്. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ഒരേ സമയം ആദിവാസി, ദളിത്‌ ജനവിഭാഗങ്ങളുടെ ഭൂമിയുടെ രാഷ്ട്രീയവും പരിസ്ഥിതിയുടെ രാഷ്ട്രീയവും ആണ് ഉയർത്തുന്നത്. അത് ഇവിടെ നിലനിൽക്കുന്ന തലതിരിഞ്ഞ റിയൽ എസ്റ്റെയ്റ്റ് വികസന സങ്കൽപ്പങ്ങളെ തുറന്നുകാണിക്കുന്നതും അതിനെ പ്രതിസന്ധിയിലാക്കുന്നതുമാണ്. വലതുപക്ഷത്തിന്റെ കപടഭൂപരിഷ്കരണനയം വഞ്ചനാപരമായി നടപ്പാക്കി മണ്ണിന്റെ അവകാശികളായ ദളിത്‌ ജനവിഭാഗങ്ങളെ ലക്ഷം വീട് കോളനികളിലേക്കും റോഡ്‌ തോട് പുറമ്പോക്കുകളിലേക്കും ഒതുക്കിയ കപട ഇടതുപക്ഷം ഇന്ന് പരിസ്ഥിതി സംരക്ഷണത്തിന് നാട്ടുകാരെക്കൊണ്ട് മരം നടീക്കാനും ഭക്ഷ്യ സുരക്ഷയ്ക്കായി പ്ലാവ് നട്ടുപിടിപ്പിക്കാനും മുന്നിട്ടിറങ്ങുമ്പോൾ മരിച്ചവരെ അടക്കം ചെയ്യാൻ അടുക്കള പൊളിക്കേണ്ടിവരുന്നവർക്ക് അത് എങ്ങനെ കഴിയുമെന്ന ചോദ്യം ഉയരാം.
കേരളത്തിൽ നടന്നിട്ടുള്ള പ്രമുഖമായ പരിസ്ഥിതി സമരങ്ങളോട് എന്ത് സമീപനമാണ് സിപിഎം ഉൾപ്പടെയുള്ള മുഖ്യധാര ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ളത് എന്നത് മറക്കാൻ പാടില്ലാത്ത സംഗതിയാണ്. ഏറ്റവും ഒടുവിൽ നടന്ന കാതിക്കുടം സമരവും പെരിയാർ മലിനീകരണ വിരുദ്ധ സമരവും തൊഴിലാളികളുടെ പേര് പറഞ്ഞു അട്ടിമറിക്കാൻ ശ്രമിക്കുകയാണ് ഇവർ ചെയ്തിട്ടുള്ളത്.
ഇത്രയും കുറിച്ചത് നിയുക്ത ധനമന്ത്രിയും ധനതത്വ ശാസ്ത്രഞനുമായ തോമസ്‌ ഐസക്കിന്റെ വൈറൽ ആയി മാറിയ മരം നടൽ ചിത്രങ്ങൾ കണ്ടതുകൊണ്ടാണ്. തോമസ്‌ ഐസക്ക് വെറുമൊരു മന്ത്രിയല്ല, പിന്നെയോ ഇന്ത്യയിൽ ജനകീയ ജനാധിപത്യ വിപ്ലവം ലക്ഷ്യമിടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേന്ദ്ര കമ്മിറ്റി അംഗമായ നേതാവാണ്‌. വർഗ സമരത്തെ തീക്ഷ്ണമാക്കി അതിനെ മുന്നിൽ നിന്ന് നയിക്കേണ്ട മുന്നണിപ്പട പാർട്ടിയുടെ നേതാവ്. തൊഴിലാളികളിലും മർദ്ദിത ജനവിഭാഗങ്ങളിലും വർഗ ബോധത്തെ (ഇവിടെ വർഗ ന്യൂനീകരണമല്ല ഉദ്ദേശിക്കുന്നത്, വിശാലാർത്ഥത്തിൽ പ്രയോഗിച്ചിരിക്കുന്നു എന്ന് മാത്രം) ഊട്ടിയുറപ്പിച്ച് വിപ്ലവത്തെ മുന്നോട്ട് നയിക്കാൻ ബാധ്യസ്തമായ പാർട്ടിയുടെ നേതാവ് ആണ് അദ്ദേഹം. അങ്ങനെയുള്ള തോമസ്‌ ഐസക്ക് അത്തരം ഉത്തരവാദിത്വങ്ങൾ കൈയൊഴിഞ്ഞ് പരിസ്ഥിതി സംരക്ഷണത്തിന് വൃക്ഷം നടുന്നതിന്റെയും ഭക്ഷ്യ സുരക്ഷയ്ക്കായി പ്ലാവ് നടുന്നതിന്റെയും ചിത്രങ്ങൾ പ്രചരിപ്പിക്കുമ്പോൾ വെറും മുതലാളിത്ത യുക്തികളുടെ പ്രചാരകൻ മാത്രമായി ചുരുങ്ങുകയാണ് ചെയ്യുന്നത്. മൂലധനസേവയിലേക്കും വോട്ട് ബാങ്ക് രാഷ്ട്രീയത്തിലേക്കും പണ്ടേ തലകുത്തിവീണ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിത്രങ്ങൾ മാത്രമാണ് അത്

Followers