Tuesday, December 27, 2016

എം. എൻ. രാവുണ്ണിയോടുള്ള സിപിഎം ഭയം ഇ എം എസിൽ നിന്ന് തുടങ്ങിയതാണ്

തെരഞ്ഞെടുപ്പ് ബഹിഷ്കരണ പ്രചരണത്തിനുള്ള അവകാശം ഇന്ത്യൻ ഭരണകൂടം പോലും അനുവദിച്ചിട്ടുള്ള ഒന്നാണെങ്കിലും ആ അവകാശം വിനിയോഗിച്ചതിന്റെ പേരിൽ പോരാട്ടം സംഘടനയുടെ ചെയർമാനും മുതിർന്ന വിപ്ലവകാരിയുമായ എം. എൻ. രാവുണ്ണിയെ കമ്മ്യൂണിസ്റ്റ് എന്ന് അവകാശപ്പെടുന്ന സിപിഐ എം സർക്കാർ ഭീകര നിയമമായ യു. എ. പി.എ പ്രകാരം അറസ്റ്റ് ചെയ്‌തു ജയിലിടച്ചിരിക്കുകയാണ്. എഴുപത്തെട്ടുകാരനായ എം. എൻ. രാവുണ്ണിയെ തടവിലടച്ച് ഇന്ത്യൻ 'ജനാധിപത്യത്തെ' സംരക്ഷിക്കാൻ ശ്രമിക്കുന്ന സിപിഎമ്മിന്റെ രാവുണ്ണിയോടും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തോടുമുള്ള ഭയം വാസ്തവത്തിൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സിപിഎമ്മിന്റെ ആരംഭം മുതൽ മരണം വരെ അതിന്റെ നേതാവും സൈദ്ധാന്തികനും എല്ലാമെല്ലാമായ ഇ. എം. ശങ്കരൻ എന്ന കൗശലക്കാരനായ നമ്പൂതിരിപ്പാടിൽ നിന്ന് തന്നെയാണ് അതിന്റെ ആരംഭം. 

പണ്ട് നീണ്ട 13 വർഷത്തെ ഏകാന്ത തടവനുഭവിച്ചശേഷം പരോള്‍ ആവശ്യപ്പെട്ട് എം. എൻ. രാവുണ്ണി  നിരാഹാരസമരം നടത്തിയ ഘട്ടത്തിൽ അത് ന്യായമെന്ന അഭിപ്രായം സാമൂഹ്യ, രാഷ്ട്രീയ, സാംസ്ക്കാരിക പ്രവർത്തകരിലും ജനങ്ങൾക്കിടയിലും ശക്തമായിരുന്നു. അന്ന് സിപിഎമ്മിലുണ്ടായിരുന്ന  എം വി രാഘവന്‍, ചാത്തുണ്ണിമാസ്റ്റര്‍ എന്നിവരും   പരോളനുവദിക്കണമെന്ന ആവശ്യത്തിന്  ശക്തമായ പിന്തുണ നൽകിയിരുന്നു. രാഘവൻ നിരാഹാര സമരം നടത്തുകയായിരുന്ന എം എന്നിനെ ജയിലിൽ ചെന്ന് കാണുകയും എം എന്നിന് അനുകൂലമായ പ്രസ്താവന ഇറക്കുകയും ചെയ്തു. ഇന്ത്യൻ  ഭരണഘടന പോലും അംഗീകരിച്ചിട്ടുള്ള പരോൾ പോലുള്ള പരിമിതമായ അവകാശങ്ങൾ തടവുകാരൻ നക്സലൈറ്റ് ആണെന്നതുകൊണ്ട് മാത്രം നിഷേധിക്കപ്പെടരുത് എന്ന് അദ്ദേഹം നിലപാടെടുത്തു. 

ബൂര്‍ഷ്വാ കോടതിപോലും  രാഷ്ട്രീയത്തടവുകാരായി പരിഗണിച്ച നക്സലൈറ്റുകളെ  പക്ഷെ  ഇ എം എസ് പരിഗണിച്ചത്  സാധാരണ ക്രിമിനലുകളായിട്ടാണ്. അവര്‍ രാഷ്ട്രീയ തടവുകാരല്ലെന്ന് ഇ എം എസ് പറഞ്ഞു. നക്സലൈറ്റുകളുടെ മാര്‍ഗ്ഗത്തെ കൊലപാതകമെന്ന്  മുദ്രകുത്താനായി  ഇ എം എസ് നമ്പൂതിരിപ്പാട്  ലെനിന്റെ സഹോദരന്റെ അനുഭവം നിരത്തി . നരോദ്നികായിരുന്ന അലെക്സാണ്ടറെ തൂക്കിലേറ്റിയ വിവരമറിഞ്ഞപ്പോള്‍ ഇതല്ല നമ്മുടെ വഴി എന്നു ലെനിന്‍ പ്രഖ്യാപിച്ചെന്നുവരെ  നമ്പൂതിരിപ്പാട് പലതവണ തട്ടിവിട്ടു. വാസ്തവത്തിൽ ലെനിൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല ലെനിനെ ഒരു വിപ്ലവകാരിയാക്കി മാറ്റുന്നതിൽ സഹോദരന്റെ മരണം വലിയ പങ്കുവഹിച്ചിരുന്നതായി കാണാം. അലക്‌സാണ്ടർ, മാർക്സിന്റെ 'മൂലധനം വായിക്കുമ്പോൾ ടർജനേവിനെ വായിച്ച ലെനിനെ മാറ്റിമറിക്കുന്നതിൽ അലക്‌സാണ്ടറുടെ മരണം വഹിച്ച പങ്ക് ചെറുതല്ലായിരുന്നു. നരോദ്നിക് നേതാവ് ചെർനിഷെവിസ്കിയുടെ 'എന്ത് ചെയ്യണം' വായിച്ചാണ് ലെനിൻ മാർക്സിസത്തിലേക്ക് കാലെടുത്തുവെക്കുന്നത്. നക്സലൈറ്റുകളെ താഴ്ത്തിക്കെട്ടാൻ ഇത്തരം യാഥാർഥ്യങ്ങളെ അവഗണിച്ച  നമ്പൂതിരിപ്പാട്  ലെനിന്റെ സഹോദരന്‍ സാർ  ചക്രവര്‍ത്തിയെ വധിച്ചതിന് തൂക്കിലേറ്റപ്പെട്ടു എന്ന വങ്കത്തം പലയിടത്തും എഴുന്നുള്ളിച്ചിരുന്നു. 

നീണ്ട 13 വർഷങ്ങൾ ഏകാന്ത തടവ് അനുഭവിച്ച ഒരു വിപ്ലവകാരി മോചനമല്ല, പരോൾ ആവശ്യപ്പെട്ടപ്പോൾ അതിനെപ്പോലും സർവ്വവിധേനയും തടയാൻ ശ്രമിച്ച കുടിലത കാട്ടാൻ നമ്പൂതിരിപ്പാടിനെ പ്രേരിപ്പിച്ചത് തന്റെ പാർട്ടിയുടെ ആശയ പാപ്പരത്തവും വലതുപക്ഷ നിലപാടുകളുമായിരുന്നു. തന്റെ പാർട്ടിയുടെ നിലപാടുകൾ ശരിയെന്ന് സ്ഥാപിക്കാൻ എം. എൻ. രാവുണ്ണിയെപ്പോലുള്ള വിപ്ലവകാരികൾ ജീവിത കാലം മുഴുവൻ ജയിലിൽ കിടക്കണം എന്ന് നമ്പൂതിരിപ്പാട് കരുതിയിരുന്നിരിക്കാം. അത്രമാത്രം ദുർബലമാണ് തന്റെ പാർട്ടിയുടെ രാഷ്ട്രീയം എന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നിരിക്കാം. 

ഇന്ന് വർഷങ്ങൾക്കിപ്പുറം എം. എൻ. ഈ എഴുപത്തെട്ടാം വയസിലും സിപിഎം സർക്കാരിന്റെ ഇരുമ്പഴികൾക്കുള്ളിലാണ്. നിലമ്പൂരിലെ വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ സിപിഎം ബുദ്ധിജീവി കുഞ്ഞിക്കണ്ണന്റെ വാദങ്ങളെ ഖണ്ഡിച്ചു സംസാരിച്ച എം. എൻ ഇന്നും അപകടകാരിയായി തുടരുന്നു എന്ന തിരിച്ചറിവാണ് അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കി ജയിലിടയ്ക്കാൻ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത് എന്ന് വ്യക്തം. 

രാവുണ്ണിയുടെ മോചനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചോദ്യങ്ങൾക്ക് ഇ. എം. എസ് കൊടുത്ത മറുപടികൾ കാണുക 
















Followers