Thursday, January 5, 2012

കപ്പലണ്ടിക്കാരന്റെ ആത്മഗതം



മാധ്യമം ആഴ്ചപതിപ്പ് 

കപ്പലണ്ടിക്കാരന്റെ ആത്മഗതം

സച്ചിദാനന്ദന്‍



ബിനായക്‌സെന്‍ ആരെന്ന്
എനിക്കറിയാം, കണ്ടിട്ടുണ്ട്
സഞ്ചിയും തൂക്കി ഞങ്ങളുടെ
മുളങ്കുടിലിനു മുന്നിലൂടെ പോവുന്നത്
ഇന്നലെ ഞാനും പോയി
പാട്ടും പ്രസംഗവും കേള്‍ക്കാന്‍
മൈതാനം നിറയെ ആളായിരുന്നു
ഇംഗ്ലീഷില്‍ പറഞ്ഞതൊന്നും
മനസ്സിലായില്ല
പാവങ്ങളുടെ
ഡോക്ടര്‍
ജയിലിലാണെന്നു മാത്രം
മനസ്സിലായി.
എന്റെ പപ്പായും ജയിലില്‍തന്നെ
ഞാന്‍ ഝാര്‍ഖണ്ഡില്‍നിന്നാണ്
പപ്പായുടെ പേരും ആരെങ്കിലും
പറയുമെന്ന് കരുതി, അല്ല,
ഇത്ര നല്ലയുടുപ്പിട്ട നല്ല മണമുള്ളവര്‍
എങ്ങനെ കേള്‍ക്കാനാണ്
അക്ഷരമറിയാത്ത പപ്പായുടെ പേര്?
'മാ'യെ അവര്‍ മാനംകെടുത്തി
വെട്ടിക്കൊന്നു, പപ്പായെ ജയിലിലടച്ചു
തിരിച്ചുവരുന്നതെന്നോ!
ഞങ്ങള്‍ക്കറിയാത്ത
വഴികളില്ല കാട്ടില്‍;
മരങ്ങളും മനുഷ്യരുമില്ല
ഏതു കിഴങ്ങിന്
എവിടെ കുഴിക്കണമെന്നറിയാം
വിഷക്കായും വിഷമില്ലാക്കായും
വേര്‍തിരിച്ചറിയാം
എലിയെയും തുരപ്പനെയും
പിടിക്കാനറിയാം
പക്ഷേ, ഖനിത്തുരപ്പന്മാരെ
പിടിക്കാന്‍ തോക്കുതന്നെ
വേണമെന്ന് പപ്പാ പറയും
ആവോ, ഞങ്ങളുടെ ആളുകള്‍
തോറ്റുപോവുമെന്നുതന്നെ തോന്നുന്നു;
കടുവകള്‍ക്കു മുന്നില്‍
മുയലുകള്‍ക്കെന്തു രക്ഷ?
ബിനായക്‌സെന്‍ പുറത്തുവരട്ടെ
പപ്പായുടെ ചതഞ്ഞ ഉടമ്പും
ഒടിഞ്ഞ വാരിയെല്ലും
അങ്ങേര്‍ ശരിയാക്കുമായിരിക്കും
ഏതായാലും കപ്പലണ്ടി ചെലവായി,
കുറെ മെഴുകുതിരിയും കരുതിയിരുന്നു
അതും ചെലവായി, കാണാനും രസം.
കൂടുതല്‍ മെഴുകുതിരി ചെലവായത്
ജന്തര്‍മന്തറിലാണ്, ആ
വെള്ളയുടുപ്പിട്ട കാരണവരുടെ
സത്യഗ്രഹത്തില്‍
അവിടെയും കണ്ടു ഇവരെ:
നല്ലയുടുപ്പിട്ട നല്ല മണമുള്ളവര്‍
അവര്‍ കോടികളെക്കുറിച്ചു
പറയുന്നതു കേട്ടു, ഞാനോ
നൂറുറുപ്പിക തികച്ചുകാണാത്തവന്‍,
ഇരുപതുറുപ്പിക കിട്ടിയാല്‍
അന്ന് അടിച്ചുപൊളിക്കും
ഹുക്കുംസിങ്ങിന്റെ 'ഢാബ'യില്‍നിന്ന്
റൊട്ടിയും ദാലും ചായയും
ചിലപ്പോള്‍ അയാളെനിക്ക്
ഒരു ഗുലാബ്ജാമുനും വെറുതേതരും,
പറയുന്ന ചിലതൊക്കെ
ചെയ്തുകൊടുക്കണമെന്നേയുള്ളൂ.
കോടികള്‍ ആര്‍ക്കുവേണം?
കപ്പലണ്ടിയില്‍ മണ്ണുവീഴാതെ
ഇങ്ങനെയൊക്കെ
കഴിഞ്ഞാല്‍ മതി
കപ്പലണ്ടിയും മെഴുകുതിരിയും
അവിടെയും കുറെ ചെലവായി
ആ തൊപ്പിക്കാരനു നന്ദി,
ഒരാള്‍ അന്നം വേണ്ടെന്നുവെച്ചാല്‍
പത്താള്‍ക്ക് അന്നം കിട്ടുമെന്നു
തെളിയിച്ചതിന്.
എനിക്കും തന്നു ഒരാള്‍
വടിയിലൊട്ടിച്ച ഒരു കടലാസ്
വായിക്കാനെനിക്കറിയില്ല,
അവര്‍ പറയുന്നതു കേട്ടു,
''ഭ്രഷ്ടാചാര്‍ കേ ഖിലാഫ്''*
നല്ലത്, അഴിമതി കുറഞ്ഞാല്‍
നാടുനന്നാവുമായിരിക്കും
അപ്പോഴും ഞാന്‍
ഇവിടെത്തന്നെ കാണും
അപ്പോള്‍ നിങ്ങളൊക്കെ
കൂടുതല്‍ കപ്പലണ്ടി വാങ്ങണേ,
അഴിമതി പുരളാത്ത
കപ്പലണ്ടി തരാം,
കൊച്ചുകുട്ടികളുണ്ടാക്കിയ
നല്ല മെഴുകുതിരിയും.
*അഴിമതിക്കെതിരെ

No comments:

Followers