(കെ ജി ശങ്കരപ്പിള്ള)
എന്‍റെ മുണ്ടിന്‍റെ കരയുടെ നിറം ഇളകുമായിരുന്നു.
ഓരോ തവണയും ഡോബി പറഞ്ഞു:
ഓരോ തവണ അലക്കുമ്പോഴും
ഈ ചുവപ്പ് ഇളകി വരുന്നു.
ഇതിനുംമാത്രം ചുവപ്പിതിനുള്ളിലെവിടിരിക്കുന്നു!
ഇത്തരം ചിലത് ഇതിനുമുമ്പും ഞാന്‍ കണ്ടിട്ടുണ്ട്;
നിഷേധികള്‍. അനുസരണംകെട്ടവ.
ഒടുവിലൊടുവില്‍ ഡോബിക്ക് വാശിയേറി:
നാശം
ഈ ചുവപ്പിളക്കമൊന്നു നിറുത്താമോന്നുനോക്കട്ടെ.
എന്ന് പറഞ്ഞിട്ട് പോയി
അടുത്ത തവണ ഡോബി വളരെ വൈകി വന്നു
വിധി പറയാന്‍ ജഡ്ജി ഫയല്‍ തുറക്കുന്ന ഗൗരവത്തില്‍
ഒന്നും മിണ്ടാതെ
മേശപ്പുറത്ത് വെച്ച് മുണ്ടുകെട്ടഴിച്ചു.
ആ മുണ്ട് അസാധാരണമാംവിധം വെളുത്ത്
ഒരു നാഗരികനെപ്പോലെ സുന്ദരനായിരുന്നു.
എടുത്തു നിവര്‍ക്കുമ്പോള്‍
ആകെ കീറിപറിഞ്ഞിരുന്നു
രക്തചുവപ്പിന്‍റെ വേലിയേറ്റമുണ്ടായിരുന്ന ഓരോ ഞരമ്പും
കരിമ്പാറയിലെ അടിയും തൊഴിയുമേറ്റ്
വിളറി വെളുത്തുപോയിരുന്നു
പക്ഷേ, അപ്പോഴേക്കും
കൂട്ടത്തിലുള്ളവ മുഴുവന്‍ ചുവന്നുകഴിഞ്ഞിരുന്നു
പുഴകളും തടാകങ്ങളും മുഴുവന്‍
ചുവന്നുകഴിഞ്ഞിരുന്നു
(നിഷ്ഠൂരമായ അടിച്ചമര്‍ത്തലുകള്‍ക്കിടയിലും മാവോയിസ്റ്റ് പ്രസ്ഥാനം കാട്ടുതീ പോലെ പടരുന്നതായി ഭരണകൂടവിലയിരുത്തലുകള്‍. ഇന്ത്യയില്‍ ഇന്നേ വരെ ചെങ്കൊടി കണ്ടിട്ടില്ലാത്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വരെ ജനകീയ യുദ്ധത്തിനു തുടക്കം കുറിക്കാന്‍ തക്ക വളര്‍ച്ച പ്രസ്ഥാനം നേടിക്കഴിഞ്ഞിരുക്കുന്നു. ആസാമില്‍ നിന്നും മറ്റും മാവോയിസ്റ്റുകളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ വാര്‍ത്തകള്‍ വന്നു തുടങ്ങുന്നു. ചിത്രത്തില്‍ കാണുന്നത് ആസാമിലെ ഒരു മാവോയിസ്റ്റ് വനിതാ ഗറില്ലപോരാളി )
No comments:
Post a Comment