Friday, January 4, 2013

സ്ത്രീ വിമോചന പോരാട്ടത്തിന്‍റെ ദിശ നിര്‍ണയിച്ച ചരിത്ര സമരം


ജീവന്‍ 

ജനകീയ ഇളകിമറിച്ചിലുകള്‍ക്ക് ഡല്‍ഹി പലതവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ ടീം അണ്ണയുടെ പ്രക്ഷോഭം എന്ന് ഓമനപ്പേരിട്ട് വിളിച്ച പ്രക്ഷോഭം നടന്നിട്ട് അധികം നാളായിട്ടില്ല.ഡല്‍ഹിയിലെ മധ്യവര്‍ഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഇത്തരം ഇളകിമറിച്ചിലുകളില്‍ പലതും പ്രതിലോമ സ്വഭാവം ഉള്ളതായിരുന്നുവെങ്കിലും എല്ലാം അത്തരത്തിലുള്ളതാണ് എന്ന് പറയുവാന്‍ കഴിയില്ല. പലപ്പോഴും ഇവയോട് സ്വീകരിക്കേണ്ട നിലപാടിന്‍റെ കാര്യത്തില്‍ ഇടതു പുരോഗമന പ്രസ്ഥാനങ്ങള്‍ ആശയക്കുഴപ്പത്തില്‍ ചാടാറുമുണ്ട്.

ബാബാ രാംദേവിന്‍റെ രാഷ്ട്രീയം എന്താണെന്ന് എല്ലാവര്‍ക്കും വ്യക്തമായി അറിയാമായിരുന്നിട്ടുപോലും ഡല്‍ഹിയില്‍ അയാള്‍ നിരാഹാരം തുടങ്ങിയപ്പോള്‍ അതിനെ പിന്തുണയ്ക്കണം എന്ന് ആഹ്വാനം ചെയ്ത  സിപി ഐ  മാവോയിസ്റ്റ് നേതാവ് ഇത്തരം ആശയക്കുഴപ്പത്തില്‍പ്പെട്ട് അബദ്ധങ്ങള്‍ കാട്ടുന്നവരില്‍ ഒന്നാമനായി. വങ്കത്തം നിറഞ്ഞ ഈ സമീപനം നിശിതമായ വിമര്‍ശനത്തിന് വിധേയമായിരുന്നു അന്ന്.


ഇപ്പോള്‍ ബസില്‍ യുവതി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ഏറെക്കുറെ കെട്ടടങ്ങിയെങ്കിലും നിരവധി കാരണങ്ങളാല്‍ അതീവ പ്രാധാന്യമുള്ളതായി മാറുന്നു. എന്തെന്നാല്‍,  മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭം വ്യക്തമായും ദളിത്‌ വിരുദ്ധമായിരുന്നെങ്കില്‍, ടീം അണ്ണയുടെ പ്രക്ഷോഭം ഭരണവര്‍ഗങ്ങള്‍ക്കിടയിലുള്ള ചില അസ്വസ്ഥതകളുടെ പ്രതിഫലനം മാത്രമായിരുന്നുവെങ്കില്‍ (അത് വ്യവസ്ഥിതിക്കെതിരെ പുകയുന്ന അസ്വസ്ഥതയുടെ ഒരു പൊട്ടിത്തെറിയാകുമെന്നായിരിക്കാം മേല്‍സൂചിപ്പിച്ച മാവോയിസ്റ്റ് നേതാവ് വ്യാമോഹിച്ചത്) ഇപ്പോഴത്തെ ഇളകിമറിച്ചിലില്‍ ഉള്ളടങ്ങിയിരിക്കുന്നത്, അതില്‍ നിന്ന് വികസിപ്പിക്കാവുന്നത് സ്ത്രീ വിമോചനത്തിന്‍റെ രാഷ്ട്രീയം തന്നെയാണ് എന്നതാണ്. ബഹുഭൂരിപക്ഷം ഉപരിവര്‍ഗ കുടുംബങ്ങളിലെപ്പോലും സ്ത്രീകള്‍ മര്‍ദ്ദിത വിഭാഗത്തില്‍പ്പെട്ടവരാണ് എന്നതുകൂടി കണക്കിലെടുക്കുമ്പോള്‍ ഡല്‍ഹിയിലെ ഇളകിമറിച്ചില്‍ തുറന്നിടുന്ന സ്ത്രീവിമോചനത്തിന്‍റെ സാധ്യതകള്‍ കൂടുതല്‍ തെളിഞ്ഞുവരുന്നു.


തീര്‍ച്ചയായും ഇത്തരത്തിലൊരു പ്രക്ഷോഭം ദിവസങ്ങളോളം  സജീവമായി നിലനിര്‍ത്തിയതില്‍  ഭരണവര്‍ഗങ്ങളുടെ മൂടുതാങ്ങികളായി എക്കാലവും നിലകൊണ്ടിട്ടുള്ള പങ്ക് വളരെ വലുതാണ്‌. മധ്യേന്ത്യ, കാശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈനിക വിഭാഗങ്ങള്‍ നിത്യേന നടത്തുന്ന ലൈംഗികാതിക്രമങ്ങള്‍ പാടെ തമസ്കരിക്കുന്ന മാധ്യമങ്ങള്‍ തന്നെയാണ് ഡല്‍ഹിയിലെ ബാലാത്സംഗവും തുടര്‍ന്ന്  നടന്ന പ്രക്ഷോഭവും  അതീവ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തത്. അരുന്ധതി റോയ് പറഞ്ഞതുപോലെ ബലാത്സംഗത്തിന് ജാതിയും വര്‍ഗവുമുണ്ടെന്ന വസ്തുതയ്ക്ക് അടിവരയിടുന്നതായിരുന്നു ഇത്. അല്ലെങ്കിലും ഇന്ത്യയില്‍ ജാതിയും വര്‍ഗ്ഗവും ഇല്ലാത്തതായി യാതൊന്നുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.


കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാകുമ്പോഴും ഡല്‍ഹിയിലെ പ്രക്ഷോഭംപോലുള്ളവ തുടര്‍ന്നിടുന്ന സാധ്യതകള്‍ പുരോഗമന ജനാതിപത്യ പ്രസ്ഥാനങ്ങള്‍ ഉപയോഗിക്കേണ്ടത് തന്നെയാണ് എന്ന് പറയാതിരിക്കാനാകില്ല. മധ്യവര്‍ഗ, ഉപരിവര്‍ഗ കുടുംബങ്ങളിലെയും ബഹുഭൂരിപക്ഷവും സ്ത്രീകളും മര്‍ദ്ദിത വിഭാഗത്തില്‍പ്പെടുന്നവരും മോചനം ആവശ്യമായിട്ടുള്ളവരും തന്നെയാണ്. ചൂഷണത്തിന്‍റെ തോതില്‍ വ്യത്യാസമുണ്ടെങ്കിലും പുരുഷാധിപത്യം അവരുമായും ശത്രുതയില്‍ തന്നെയാണ്. അടിസ്ഥാനവര്‍ഗങ്ങളിലെയും കീഴ്ജാതികളിലെയും സ്ത്രീകളുടെ യാഥാര്‍ത്ഥ്യമായിരിക്കില്ല അവരുടെതെങ്കിലും അവരും പുരുഷാധിപത്യത്തിന്‍റെ നുകം തകര്‍ത്തെറിയാനാഗ്രഹിക്കുന്നവര്‍ തന്നെയാണ്. അടിസ്ഥാന ജനവിഭാഗങ്ങളിലെയും മര്‍ദ്ദിത ദേശീയതകളിലെയും സ്ത്രീകള്‍ സവിശേഷമായ മറ്റു മര്‍ദ്ദനങ്ങള്‍ കൂടി അനുഭവിക്കേണ്ടതായി വരുന്നു. പുരുഷാധിപത്യ ഇന്ത്യന്‍ ഭരണകൂടം ബലാത്സംഗത്തെ ഒരു രാഷ്ട്രീയ ആയുധമായിത്തന്നെ ഇവരില്‍ പ്രയോഗിച്ചു പോരുന്നു. ഇക്കാരണങ്ങളാല്‍ സ്ത്രീവിമോചനത്തിന്‍റെ രാഷ്ട്രീയം ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍ ഇത്തരം സവിശേഷ പ്രശ്നങ്ങള്‍ ഉയര്‍ന്നു വരിക തന്നെ ചെയ്യും. സ്ത്രീവിമോചനത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല തൊഴിലാളി വര്‍ഗ രാഷ്ട്രീയം പറയുമ്പോഴും ഇന്ത്യയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉയര്ന്നുവരുന്നതായി കാണാന്‍ കഴിയും.

ഡോ. ബി ആര്‍ അംബേദ്‌കര്‍ 'ജാതി നിര്‍മൂലന'ത്തില്‍ ഇപ്രകാരം പറയുന്നു. "ഇന്ത്യയിലെ പാവപ്പെട്ടവരായ തൊഴിലാളിവര്‍ഗം സമ്പന്നരും ദരിദ്രരുമെന്ന ഒരു വ്യത്യാസമല്ലാതെ മറ്റൊരു വ്യത്യാസവും അംഗീകരിക്കുന്നില്ലെന്ന് പറയാന്‍ പറ്റുമോ ഇന്ത്യയിലെ പാവപ്പെട്ടവര്‍ വിശ്വാസത്തിന്‍റെയും ജാതിയുടെയും, അത് ഉയര്‍ന്നതോ താഴ്ന്നതോ ആകട്ടെ, വ്യത്യാസം അനുഭവിക്കുന്നില്ലെന്ന് പറയാന്‍ പറ്റുമോ? അംഗീകരിക്കുന്നു എന്നതാണ് സത്യമെങ്കില്‍ അത്തരമൊരു തൊഴിലാളിവര്‍ഗത്തില്‍ നിന്ന് സമ്പന്നര്‍ക്കെതിരായ നടപടിയില്‍ എന്ത് ഐക്യനിരയാണ് പ്രതീക്ഷിക്കാന്‍ കഴിയുക? തൊഴിലാളി വര്‍ഗത്തിന് ഒരു ഐക്യമുന്നണിയായി സ്വയം അണിചേരാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ വിപ്ലവം എങ്ങനെ നടക്കും" തൊഴിലാളി വര്‍ഗ വിപ്ലവം വിജയിക്കണമെങ്കില്‍ ജാതിവിരുദ്ധ  ആത്മാര്‍ഥതയോടെ ഏറ്റെടുക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് അംബേദ്കറുടെ ഈ വാക്കുകള്‍  ചൂണ്ടുന്നത്. ഇന്ത്യന്‍ സമൂഹത്തിലെ ജാതിയെ ശരിയായി അഭിസംബോധന ചെയ്യാതിരുന്നതാണ് വിപ്ലവപാതയില്‍ മുന്നേറാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് തട സമായതെന്ന വിലയിരുത്തലുകള്‍ ഇന്ന് നിരവധിയാണ്. തൊഴിലാളിവര്‍ഗത്തിനെന്നപോലെ തന്നെ സ്ത്രീകള്‍ക്കും വിമോചനത്തിനായി ഇത്തരത്തിലുള്ള  വേര്‍തിരിവുകളെ ഇല്ലാതാക്കേണ്ടതായിട്ടുണ്ട്. ഇത്തരത്തിലുള്ള വേര്‍തിരിവുകള്‍ ഉണ്ടാക്കിയത് അടിത്തട്ടിലെ സ്ത്രീകളല്ല എന്നിരിക്കെ അവ ഇല്ലാതാക്കാന്‍ മുന്‍കൈയെടുക്കേണ്ടത് മധ്യവര്‍ഗ ഉപരിവര്‍ഗ സ്ത്രീകള്‍ തന്നെയാകുന്നു. കീഴ്ജാതികളിലെയും മര്‍ദ്ദിത ദേശീയതകളിലെയും സ്ത്രീകള്‍  നേരിടുന്ന സവിശേഷമായ മര്‍ദ്ദനങ്ങള്‍ അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങളില്‍ മദ്ധ്യവര്‍ഗ സ്ത്രീകളും സജീവമാകേണ്ടതുണ്ട്. അങ്ങനെവരുമ്പോള്‍ മാത്രമേ സ്ത്രീവിമോചന പോരാട്ടത്തിലും ഒരു ഐക്യനിര കെട്ടിപ്പടുക്കാന്‍ കഴിയൂ. സ്ത്രീയെയും ലൈംഗികതയെയും വില്‍പന ചരക്കാക്കുന്ന മുതലാളിത്ത മൂല്യബോധത്തെ കടന്നാക്രമിക്കുവാനും ഇത്തരത്തിലൊരു ഐക്യനിരയ്ക്കെ കഴിയൂ.


ഇവിടെയാണ്‌ ഡല്‍ഹിയില്‍ നടന്ന ഇളകിമറിച്ചില്‍ പ്രതീക്ഷയുടെ പുതിയ ഇടങ്ങള്‍ തുറന്നിടുന്നത്.ഡല്‍ഹി ബലാത്സംഗത്തിന്‍റെ വാര്‍ത്ത വന്നയുടന്‍ ചത്തീസ്ഗഡില്‍ ഭരണകൂടത്തിന്‍റെ പീഡനത്തിനിരയായി തടവില്‍ കഴിയുന്ന സോണി സോറി എന്ന ആദിവാസി സ്ത്രീയുടെ ചിത്രങ്ങളേന്തി തെരുവിലിറങ്ങിയ  സിപിഐ എം എല്‍ ലിബറേഷന്‍റെ വനിതാ വിഭാഗം ഉള്‍പ്പടെയുള്ള സംഘടനകള്‍ സ്ത്രീ വിമോചന പോരാട്ടത്തിന്‍റെ ഇനിയും വികസിക്കേണ്ടിയിരിക്കുന്ന ദിശ തന്നെയാണ് സൂചിപ്പിച്ചത്. ആദ്യ ദിനം മുതല്‍ പ്രക്ഷോഭ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ലിബറേഷന്‍റെ വനിതാ വിഭാഗം നേതാവ് കവിത കൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ കേവലം ഡല്‍ഹി ബലാത്സംഗത്തെക്കുറിച്ച് മാത്രമല്ല സംസാരിച്ചത്, പിന്നെയോ ഇന്ത്യന്‍ സൈനിക വിഭാഗങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന ബലാത്സംഗത്തെക്കുറിച്ചുംകൂടിയാണ് അവര്‍ പറഞ്ഞത്. പുരുഷാധിപത്യ വ്യവസ്ഥിതിയെ  തകര്‍ക്കാനുള്ള ആഹ്വാനങ്ങളും ഈ സമരത്തിന്‍റെ മുദ്രാ വാക്യങ്ങളായി ഉയര്‍ന്നു. കൊച്ചിയില്‍ ഉള്‍പ്പടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ഐക്യദാര്‍ഡ്യ റാലികളിലും ഇത്തരത്തിലുള്ള പുരോഗമന മുദ്രാവാക്യങ്ങള്‍ മുഴങ്ങി കേട്ടു.ഒരു തുടക്കം മാത്രമെങ്കിലും ഇത്തരത്തില്‍ സ്ത്രീ വിമോചന പോരാട്ടങ്ങള്‍ക്ക് ഒരു ദിശ നിര്‍ണയിക്കാന്‍ കഴിഞ്ഞു എന്നിടത്താണ് ഡല്‍ഹി പ്രക്ഷോഭം ചരിത്രത്തില്‍ ഇടം പിടിക്കുന്നത്.

തീര്‍ച്ചയായും ഭരണവര്‍ഗങ്ങളെ സേവിക്കുന്ന മാധ്യമങ്ങളില്‍ ബഹുഭൂരിപക്ഷവും തല്‍സ്ഥിതിക്ക് കോട്ടം തട്ടാത്ത മുദ്രാവാക്യങ്ങളെ - ബലാത്സംഗത്തിന് വധശിക്ഷ- പോലുള്ള മുദ്രാവാക്യങ്ങളെ ഉയര്‍ത്തികൊണ്ടുവരികയും അവയെ ദേശീയ തലത്തില്‍ ചര്‍ച്ചയാക്കുകയും ചെയ്തു. അതുപോലെ തന്നെ സമരത്തിന്‍റെ നേതൃത്വമായി ഭരണ വര്‍ഗങ്ങള്‍ തന്നെ ജനറല്‍ വി കെ സിങ്ങിനെയും ബാബ രാം ദേവിനെയുംപോലുള്ളവരെ അവരോധിക്കാന്‍ വിഫല  ശ്രമം നടത്തിനോക്കുകയും ചെയ്തു.  ഭൂസമരങ്ങളുടെ നേതാവായി തങ്ങളുടെ പ്രിയങ്കരനായ ഏകതാ പരിഷത്ത് നേതാവ് രാജ ഗോപാലിനെയും  കേരളത്തിലെ മൊത്തം ജനകീയ സമരങ്ങളുടെ നേതാവായി സി ആര്‍ നീലകണ്‌ഠനെയും അവരോധിക്കുന്ന ഭരണ വര്‍ഗ തന്ത്രങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ ശ്രമം. എന്നിരിക്കിലും അവര്‍ക്കൊന്നും ഹൈജാക്ക് ചെയ്യാന്‍ കഴിയാത്തവിധം ഇടതു പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക്‌ ഈ ചരിത്ര സമരത്തിന്‍റെ ദിശ നിര്‍ണയിക്കാന്‍ കഴിയുക തന്നെ ചെയ്തു.


1 comment:

Mia Mossberg78 said...

Hey,

HipHop recording sensation Provy Suflayy released his first single off his upcoming album!!

'A Star Burnin Brite' features New Zealand's " best kept secret" Kiwi artist Rachel Schryvers.

Go buy now on iTunes and other fine online retailers for only $ .99 cents!!

Check out the music video now on youtube!!
http://www.youtube.com/watch?v=X06H7IVEbAY

Followers