Thursday, February 21, 2013

"ഭരണകൂടം ക്രിമിനലുകളാക്കുമ്പോള്‍ "



തുഷാര്‍ നിര്‍മല്‍ സാരഥി 

മാവോവാദി ആക്രമണ ഭീഷണിയുടെ പേരില്‍ കേരളത്തില്‍ സര്‍ക്കാര്‍  നക്സലൈറ്റ് വേട്ടക്കു തുടക്കം കുറിച്ചിരിക്കുന്നു.വയനാട്ടില്‍ നിന്നും അറസ്റ്റുകളുടെ വാര്‍ത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.പോരാട്ടത്തിന്‍റെ മുന്‍ സംസ്ഥാന കമ്മറ്റി അംഗം സി.കെ.ഗോപാലനെ ഫെബ്രുവരി 15 നാണ് പുല്‍പള്ളി പോലിസ് അറസ്റ്റ് ചെയ്തത്.60 വയസ് പ്രായമുള്ള സി.കെ.ഗോപാലന്‍ ആരോഗ്യപ്രശ്നങ്ങള്‍ മൂലം പോരാട്ടത്തില്‍ നിന്നും സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആളാണ്‌. ..ജനങ്ങളെ ഒന്നടങ്കം ഭീതിയുടെ മുള്‍മുനയില്‍ നിറുത്തികൊണ്ട് സര്‍ക്കാര്‍ അഴിച്ചു വിട്ട മാവോവാദി ആക്രമണ ഭീഷണി എന്ന മാസ് ഹിസ്റ്റീരിയ നാടകത്തിനിടക്കു വച്ചാണ് സി.കെ.ഗോപാലനെ അറസ്റ്റ് ചെയ്യുന്നത്. 15 നു ഉച്ചക്ക് കടയില്‍ ഇരിക്കുമ്പോഴാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുന്നത്.മാവോയിസ്റ്റുകളെ അനുകൂലിച്ചുകൊണ്ട്,സായുധ സമരത്തിനു ആഹ്വാനം ചെയ്യുന്ന ലഘുലേഖ വിതരണം ചെയ്തു,പോസ്റ്റര്‍ ഒട്ടിച്ചു എന്നിവയാണ് അദ്ദേഹത്തിനു മേല്‍ ആരോപിതമായ കുറ്റം.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153(ബി ) വകുപ്പാണ് അദ്ദേഹത്തിനു മേല്‍ ചുമത്തിയിട്ടുള്ളത്.ജനങ്ങള്‍ക്കിടയില്‍ മതത്തിന്‍റെയോ ജാതിയുടെയോ ഭാഷയുടെയൊ പ്രാദേശികതയുടെയോ പേരില്‍ സ്പര്‍ധയുണ്ടാക്കി രാജ്യത്തിന്‍റെ അഖണ്ടതക്കു ഭംഗം വരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത് കുറ്റകരമാണെന്നാണ് ഈ വകുപ്പ് പറയുന്നത്.എന്നാല്‍   ഗോപാലന്‍ വിതരണം ചെയ്യ്തതായി  പോലിസ് പറയുന്ന ലഘുലേഖ വാസ്തവത്തില്‍ പോരാട്ടം സംഘടന അടിച്ചിറക്കിയ നോട്ടീസ് ആണ്.നോട്ടിസിലും പൊസ്റ്ററിലും ഉള്ള മുദ്രാവാക്യങ്ങള്‍ ഇവയാണ്.
1) പുതിയ ജനാധിപത്യ ഇന്ത്യക്കായി പോരാടുന്ന മാവോയിസ്റ്റ് വിപ്ലവശക്തികളെ പിന്തുണക്കുക 
2)വിലക്കയറ്റവും ദാരിദ്ര്യവും അടിച്ചേല്‍പ്പിക്കുന്ന അധികാര വ്യവസ്ഥക്കെതിരെ പോരാടുക 
ഈ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പോരാട്ടം ഫെബ്രുവരി 18നു മാനന്തവാടി ഗ്രാമ പഞ്ചായത്തിന്‍റെ വക ഗാന്ധി പാര്‍ക്കില്‍ നടത്താനിരുന്ന സ.വര്‍ഗ്ഗിസ് അനുസ്മരണ സമ്മേളനത്തിന്‍റെതായിരുന്നു നോട്ടിസും പൊസ്റ്ററും.എന്തായാലും സി.കെ.ഗോപാലന്‍ ഇപ്പോള്‍ വൈത്തിരി സബ് ജയിലില്‍ റിമാണ്ട് തടവുകാരനാണ്.നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരോധന നിയമം( യു.എ പി.എ ) പ്രകാരമുള്ള കുറ്റകൃത്യങ്ങളും അദ്ദേഹത്തിന്‍റെ പേരില്‍ ചുമത്താന്‍ ശ്രമമുള്ളതായും അറിയുന്നു.








പോരാട്ടം സംഘടന എല്ലാ വര്‍ഷവും ഫെബ്രുവരി 18 നു സ.വര്‍ഗ്ഗിസ് രക്തസാക്ഷി ദിന അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ ഗോപാലന്‍റെ അറെസ്റ്റും മാവോവാദി ആക്രമണ സാധ്യത എന്ന മാസ്സ്ഹിസ്റ്റീരിയ നാടകവും കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമായതിനാല്‍ കാലേക്കൂട്ടി വാങ്ങിച്ചു വച്ചിരുന്ന മൈക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതി ഫെബ്രുവരി 16നു പിന്‍വലിച്ചതായി പോലീസ് പ്രഖ്യാപിച്ചു . നിരോധന ഉത്തരവ് മാനന്തവാടി ഡി. വൈ . എസ് . പി . ഓഫീസില്‍ ചെന്ന് കൈപ്പറ്റുവാന്‍ പോരാട്ടം ജില്ലാ കണ്‍വീനര്‍ ആയ ഷാന്‍ടോ ലാലിനോട് ആവശ്യപ്പെട്ടു ഫെബ്രുവരി 17നു മാനന്തവാടി എസ് . ഐ . യുടെ നിര്‍ദ്ദേശപ്രകാരം പോരാട്ടത്തിനു പൊതുയോഗം നടത്തുന്നതിന് ഗാന്ധി പാര്‍ക്ക് അനുവദിച്ച തീരുമാനം റദ്ദാക്കിയതായി അറിയിച്ചു കൊണ്ട് മാനന്തവാടി ഗ്രാമ പഞ്ചായത്ത് ഷാന്‍ടോ ലാലിന് നോട്ടീസ് വീട്ടിലെത്തിച്ചു കൊടുത്തു . പൊതുപരിപാടിക്ക് അനുമതി നിഷേധിച്ച നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് പോരാട്ടത്തിന്‍റെ വടക്കന്‍ മേഖല കൌണ്‍സില്‍ കണ്‍വീനര്‍ എസ് . ഉസ്മാന്‍ , ഷാന്‍ടോ ലാല്‍ , വി . എസ് . വിനോദ് എന്നിവര്‍ 18 നു പൊതുയോഗം നടത്താന്‍ തീരുമാനിച്ചിരുന്ന വേദിയില്‍ ബാനര്‍ കെട്ടുകയും നോട്ടീസ് വിതരണം ചെയ്യുകയും ചെയ്തു.

ആശയപ്രചാരണ സ്വാതന്ത്ര്യം ജന്മാവകാശമാണ് ഭരണകൂട ഔദാര്യമല്ല.രക്തസാക്ഷി അനുസ്മരണ സമ്മേളനം തടഞ്ഞത് ഭരണകൂട ഫാസിസമാണ്‌ എന്നിവയായിരുന്നു ബാനറിലെ മുദ്രാവാക്യങ്ങള്‍.. നോട്ടീസില്‍ ഈ രണ്ടു മുദ്രാവാക്യങ്ങള്‍ കൂടാതെ ഉണ്ടായിരുന്ന മറ്റു രണ്ടു മുദ്രാവാക്യങ്ങള്‍ ഇവയാണ് .
1) ഞങ്ങള്‍ പ്രതിഷേധിക്കുന്നു
2) സി. കെ . ഗോപാലനെ കള്ളക്കേസ്സില്‍ കുടുക്കി ജയിലിലടച്ച നടപടിയില്‍ പ്രതിഷേധിക്കുക .
3) സി. കെ. ഗോപാലനെ നിരുപാധികം വിട്ടയക്കുക .
4) ജനമര്‍ദ്ദക ഭരണകൂടം ഒരു കരിയില അനക്കത്തില്‍പ്പോലും ഞെട്ടിവിറക്കുന്നു .
5) നാടിനെയും നാട്ടുകാരെയും കൊള്ളചെയ്യാന്‍ കൂട്ടുനില്‍ക്കുന്നവര്‍ വിമത ശബ്ദങ്ങളെ ഭയപ്പെടുന്നു .
6) രക്തസാക്ഷികളെ ഭരണവര്‍ഗ്ഗം എക്കാലവും ഭയപ്പെടുന്നു .
7) തണ്ടര്‍ബോള്‍ട്ടും വെടിയുണ്ടകളുമല്ല ജനങ്ങള്‍ക്ക്‌ വേണ്ടത് പുതിയൊരു ജീവിതമാണ് .
8 ) ആദിവാസി മേഖലകളില്‍ നിന്ന് സേനയെ പിന്‍വലിക്കുക .
9) സംസ്ഥാനങ്ങളുടെ ഫെഡറല്‍ അവകാശങ്ങളെ തകര്‍ക്കുന്ന കേന്ദ്ര സൈനിക അധിനിവേശം അവസാനിപ്പിക്കുക
10) സ്ത്രീകളെ - ആദിവാസികളെ - ദളിതരെ - മത ന്യൂനപക്ഷങ്ങളെ - ദേശീയതകളെ അടിച്ചമര്‍ത്തുന്ന ഭരണകൂടമാണ്‌ യഥാര്‍ത്ഥ ഭീകരര്‍ - മാവോയിസ്റ്റുകള്‍ അല്ല .
11) ആശയ പ്രചരണ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ അണിചേരുക .
നോട്ടിസ് വിതരണം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സ്ഥലത്തെത്തിയ മാനന്തവാടി പോലീസ് മൂന്നു പേരെയും അറസ്റ്റ് ചെയ്തു. പിറ്റേന്നു പുലര്‍ച്ച തന്നെ മൂന്നുപേരെയും മജിസ്ട്രെറ്റിന് മുന്നില്‍ ഹാജരാക്കുകയും മാനന്തവാടി സബ് ജയിലിലേക്ക് റിമാണ്ട് ചെയ്യുകയും ചെയ്തു . നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരോധന നിയമം (UAPA) s.39(1) a (1) പ്രകാരം നിരോധിക്കപ്പെട്ട ഭീകര സംഘടനക്കു പിന്തുണ ലഭിക്കത്തക്ക വിധത്തില്‍ പ്രവര്‍ത്തിച്ചു എന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നറിയുന്നു . ഇത് കൂടാതെ ഇതേ നോട്ടിസ് വിതരണം ചെയ്തതിന്‍റെ പേരില്‍ ഇവര്‍ക്കെതിരെ തിരുനെല്ലി പോലീസും ഇന്ത്യന്‍ ശിക്ഷാ നിയമം 153(b) നിയമ വിരുദ്ധ പ്രവത്തനങ്ങള്‍ നിരോധന നിയമം (UAPA) s.39(1) a (1) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും അറിയുന്നു .
ഫെബ്രുവരി 20നു പോരാട്ടം പ്രവര്‍ത്തകനെന്ന സംശയത്തിന്‍റെ പേരില്‍ പാണ്ടിക്കാട് ചെറുകപ്പള്ളി ഇസ്മായിലിനെ ഇടക്കരയില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഇസ്മായിലിനെ ബസിനകത്തുവച്ചാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്‌. തുടര്‍ന്ന് കോഴിക്കോട്ടെത്തിച്ച ഇസ്മായിലിനെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഗ്രോ വാസുവേട്ടന്‍റെ ജാമ്യത്തില്‍ വിട്ടയച്ചു .
ഫെബ്രുവരി 21നു രാവിലെ സാംസ്കാരിക പ്രവര്‍ത്തകനായ സ്വപ്നേഷ് ബാബുവിനെ പോസ്റ്റര്‍ ഒട്ടിച്ചു കൊണ്ടിരിക്കുമ്പോള്‍ എറണാകുളത്തു മേനക ബസ്‌ സ്ടോപ്പിനടുത്തു വച്ച് എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നു . മര്‍ദ്ദിതരുടെ വിമോചന പോരാട്ടങ്ങളെ കൂച്ച് വിലങ്ങിടാനുള്ള ഭരണകൂടത്തിന്‍റെ പടയൊരുക്കം വ്യാമോഹം മാത്രമാണ് എന്നെഴുതിയ കയ്യെഴുത്ത് പോസ്റ്റര്‍ ഒട്ടിച്ചു കൊണ്ടിരിക്കുമ്പോഴാണ് സ്വപ്നേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത് . എഫ്. ഐ . ആര്‍ . ഇതുവരെ റെജിസ്ടര്‍ ചെയ്തിട്ടില്ല എന്നാണു ഉച്ചക്ക്  2.15നു പോലീസ് സ്റ്റേഷനില്‍ വിളിച്ചു അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിയുന്നത്‌.

മാവോയിസ്റ്റ് ആക്രമണ സാധ്യത എന്ന ഭീതി പരത്തിക്കൊണ്ട്‌ നക്സലൈറ്റ് വേട്ടക്കു തുടക്കം കുറിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍.. മുന്‍കൂട്ടി സര്‍ക്കാര്‍ അനുമതി വാങ്ങിച്ചു നിയമാനുസൃതമായി പൊതു പരിപാടി സംഘടിപ്പിക്കാനാണ് പോരാട്ടം സംഘടന ശ്രമിച്ചത്‌. പോസ്റ്ററുകള്‍ ഒട്ടിച്ചും  നോട്ടിസ്  അടിച്ചു വിതരണം ചെയ്തും പരസ്യമായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു തന്നെയാണ് അവര്‍ പരിപാടി നടത്താന്‍ ശ്രമിച്ചത്‌. ആശയ പ്രചരണത്തിനുള്ള സ്വാതന്ത്ര്യം എന്നത് ഇന്ന് മിഥ്യയായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരു ജനാധിപത്യ വ്യവസ്ഥിതിയുടെ നിലനില്‍പ്പിനു അത്യാവശ്യമായ മുന്നുപാധികളില്‍ ഒന്നാണ് സ്വതന്ത്രമായും നിര്‍ഭയമായും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എന്നത് . എന്നാല്‍ ഇന്ന് ഭീകരവിരുദ്ധ നടപടികളുടെ പേരില്‍ ഏറ്റവും അധികം ഹനിക്കപ്പെടുന്നതും ഇതേ അവകാശം തന്നെയാണ് . അവരുടെ അഭിപ്രായങ്ങളോട് രാഷ്ട്രീയമായ വിയോജിപ്പുണ്ടെങ്കില്‍ അത്തരം വിയോജിപ്പുകള്‍ പരസ്യമായി ഉന്നയിച്ചുകൊണ്ടാണ് ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ അവരെ നേരിടേണ്ടത് . അല്ലാതെ അവരുടെ ആശയ പ്രചരണ  സ്വാതന്ത്രത്തെ ഹനിച്ചുകൊണ്ടല്ല . ഭരണകൂടത്തിന്‍റെ ഇത്തരം പ്രവര്‍ത്തികള്‍ മാവോയിസ്റ്റുകള്‍ക്ക് എതിരെയാണ് എന്നാശ്വസിച്ചു ഇരിക്കുവാന്‍ കഴിയുകയില്ല . കാരണം ഭരണകൂടത്തിനു അങ്ങനെ ഒരാനുകൂല്യം അനുവദിച്ചുകൊടുത്താല്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരും , സമരം ചെയ്യുന്നവരും ഉള്‍പ്പടെ  വിമത ശബ്ദങ്ങള്‍ ഉയര്‍ത്തുന്ന എല്ലാ നാവുകളും മാവോയിസ്റ്റുകളാണെന്നു ആരോപിക്കപ്പെടുകയും , അടിച്ചമര്‍ത്തപ്പെടുകയും ചെയ്യും . ജനാധിപത്യപരമായ  രീതികളില്‍ നിന്നുള്ള സര്‍ക്കാരുകളുടെ ഇത്തരം വ്യതിചലനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തേണ്ടത് അതുകൊണ്ട് തന്നെ മൊത്തം സമൂഹത്തിന്‍റെയും ആവശ്യമായി മാറുകയാണ് . 

ആശയ പ്രചരണ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് കൊണ്ട് മാത്രമല്ല സര്ക്കാരിന്‍റെ ഇപ്പോഴത്തെ നടപടികള്‍ ആശങ്ക ഉളവാക്കുന്നത് . മാവോവാദികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന സൈനിക നടപടിയുടെ സജീവ പങ്കാളിയായി കേരളസര്‍ക്കാരും മാറിക്കൊണ്ടിരിക്കുകയാണ്. മാവോവാദികള്‍ക്കെതിരെയുള്ള  കേന്ദ്ര സര്‍ക്കാരിന്‍റെ സൈനിക നടപടി ഒരു വ്യവസ്ഥാപിത അര്‍ത്ഥത്തിലുള്ള യുദ്ധമല്ലെങ്കിലും  ഒരു യുദ്ധത്തിന്‍റെ എല്ലാ രൂപഭാവങ്ങളോടും കൂടിയാണ് ഇതു നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഭരണകൂടം ഒന്നടങ്കം യുദ്ധത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. ഇതിന്‍റെ ഭാഗമായാണ്‌ അടിക്കടി കേരളത്തിലെ വനമേഖലകളില്‍ മാവോവാദികള്‍ക്ക് വേണ്ടിയുള്ള തിരച്ചിലുകളും മറ്റും നടക്കുന്നത്. ഇപ്പോള്‍ വയനാട് നടന്ന പരിശോധനകളും അതിന്‍റെ ഭാഗം തന്നെയാണ് . ക്രമേണ നമ്മുടെ സര്‍ക്കാരുകള്‍ സുരക്ഷ മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു ശിക്ഷക ഭരണകൂടമായി മാറുമെന്നതാണ് ഇതിന്‍റെ അടിയന്തിര ഫലം. മനുഷ്യാവകാശങ്ങളും ജനാധിപത്യഅവകാശങ്ങളും ആയിരിക്കും ഇത്തരം മാറ്റത്തിന്‍റെ പ്രധാന ഇരകള്‍. എന്ന് പ്രത്യേകം പറയേണ്ടതില്ല. 

No comments:

Followers