ജെയ്സണ്‍ സി കൂപ്പർ
നിങ്ങളാണ് ദേശസ്നേഹിയെങ്കിൽ,
അതേ ഞാൻ ദേശദ്രോഹിയായൊരു മാവോയിസ്റ്റ് തന്നെ
ഈ നാടിന്റെ സംരക്ഷകർ നിങ്ങളാണെങ്കിൽ,
അതേ ഞാൻ ദേശദ്രോഹിയായൊരു മാവോയിസ്റ്റ് തന്നെ
ദേശസ്നേഹമെന്നത് നിങ്ങളുടെ സ്വിസ്സ് ബാങ്ക് അക്കൌണ്ടുകളും
നിങ്ങളുടെ നാലായിരം കോടിയുടെ കൊട്ടാരങ്ങളുമെങ്കിൽ
ദേശസ്നേഹമെന്നത് ലക്ഷോപലക്ഷം കോടി രൂപയുടെ
അഴിമതികളും തട്ടിപ്പുകളുമെങ്കിൽ
ദേശസ്നേഹമെന്നത് എഴുപത്തിയേഴ് ശതമാനം ജനങ്ങളുടെ
ഇല്ലായ്മകളും കഷ്ടപ്പാടുകളുമെങ്കിൽ
ദേശസ്നേഹമെന്നത്,
ജനങ്ങളുടെമേൽ നേരിട്ടും ഘടനാപരവുമായ
യുദ്ധം അടിച്ചേൽപ്പിക്കലെങ്കിൽ
രാജ്യത്തെ മൂന്നിലൊന്നു പ്രദേശത്തെ സൈനിക സാന്നിധ്യവും
ഭീകര നിയമങ്ങളുമെങ്കിൽ
ദേശീയതകളുടെ തടവറകളായി
ഒരു വലിയ പ്രദേശത്തെ നിലനിറുത്തുന്നതാണെങ്കിൽ
ദേശസ്നേഹമെന്നത്,
തൊഴിലാളിവിരുദ്ധതയും
പുരുഷാധിപത്യവും വംശീയതയും വർഗീയതയും
ജാതീയതയും തുടരുന്ന വംശഹത്യകളുമെങ്കിൽ
ദേശസ്നേഹമെന്നത് സാമ്രാജ്യത്വ വിധേയത്വവും
ഭൂമിയുടെ നിലനിൽപ്പിനെ തന്നെ അപകടത്തിലാകുന്ന
നിങ്ങളുടെ വികസന മാതൃകകളുമെങ്കിൽ
അതേ, ഞാൻ ദേശദ്രോഹിയായൊരു മാവോയിസ്റ്റ് തന്നെ
മാവോയിസമെന്നത്,
യാതൊരു വിവേചനങ്ങളുമില്ലാത്ത
യാതൊരുവിധ ആധിപത്യ വിധേയത്വ ബന്ധങ്ങളുമില്ലാത്ത
സർവസ്വതന്ത്ര്യയായ മനുഷ്യജീവിയിലേക്കുള്ള പ്രയാണമെങ്കിൽ
അതേ, ഞാൻ ദേശദ്രോഹിയായൊരു മാവോയിസ്റ്റ് തന്നെ
( തുർക്കിയിലെ മഹാനായ കവിയും കമ്മ്യൂണിസ്റ്റ് വിപ്ളവകാരിയുമായിരുന്ന നാസിം ഹിക്മത്തിന്റെ 'നിങ്ങളാണ് ദേശസ്നേഹിയെങ്കിൽ ഞാൻ രാജ്യദ്രോഹി തന്നെ എന്ന കവിതയോട് കടപ്പാട്)