Thursday, April 17, 2014

പോളിംഗ് ഉദ്യോഗസ്ഥരുടെ മരണം; സിപിഐ മാവോയിസ്റ്റ് മാപ്പ് പറഞ്ഞിരിക്കുന്നു. ആംബുലൻസുകളെ സൈനിക നീക്കത്തിന് ഉപയോഗിക്കുന്നതുൾപ്പടെയുള്ള ഭരകൂടത്തിന്റെ നിരവധിയായ യുദ്ധ മര്യാദ ലംഘനങ്ങളെ ചോദ്യം ചെയ്യാൻ പക്ഷേ 'ജനാധിപത്യവാദികൽ തയ്യാറുണ്ടോ?

 ജെയ്സൻ  കൂപ്പർ

ഛത്തീസ്ഗഡിൽ കഴിഞ്ഞ 13 ന് പോലീസ് ഡ്യൂട്ടിക്ക് പോയ ജീവനക്കാർ തങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ സിപീഐ മാവോയിസ്റ്റ് അഗാധമായ ഖേദം പ്രകടിപ്പിച്ചിരിക്കുന്നു. പലപ്പോഴും തങ്ങളെ കബളിപ്പിച്ച് കടന്നുകളയുന്ന സൈനിക ഭരണകൂട സൈനിക വിഭാഗങ്ങളുടെ തന്ത്രങ്ങളിൽ പ്രാദേശിക ഗറില്ല ഘടകത്തിന് പറ്റിയ പിഴവാകാം അതെന്നും ഗുരുതരമായ ഈ തെറ്റിന് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് ക്ഷമ ചോദിക്കുന്നതായും പാര്ട്ടി വക്താവ് ഗുഡ്സെ ഉസെണ്ടി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.ഇന്ത്യയിൽ ഒരു പുതിയ ജനാധിപത്യ വിപ്ളവം ലക്ഷ്യമിട്ട് പൊരുതുന്ന മാവോയിസ്റ്റ് പാർട്ടിയുടെ ഭാഗത്തുനിന്നും പോളിംഗ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം ആ പാർട്ടിയെ പ്രതീക്ഷയോടെ കാണുന്നവരിൽ ഉണ്ടാക്കിയ അസ്വസ്ഥത ചെറുതൊന്നും ആയിരുന്നില്ല. പാർട്ടിക്ക് വഴി പിഴയ്ക്കുകയാണോ എന്നുപോലും പലരും സംശയിച്ചു. എന്നാൽ ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞുകൊണ്ട് തങ്ങൾ ശരിയായ പാതയിൽ തന്നെയെന്നു ആ പാർട്ടി തെളിയിച്ചിരിക്കുന്നു.

മറുവശത്ത് ജനാധിപത്യത്തിന്റെപേരിൽ കോടികൾ വാരിയെറിഞ്ഞ് തെരഞ്ഞെടുപ്പ് മാമാങ്കങ്ങൾ നടത്തുന്ന ഭരണകൂടമാകട്ടെ സർവ ജനാധിപത്യ മൂല്യങ്ങളെയും ചവിട്ടിമെതിച്ച് മുന്നോട്ട് പോകുമ്പോൾ ജനാധിപത്യത്തെക്കുറിച്ച് നിരന്തരം വാചാലരാകുന്ന പല ജനാധിപത്യവാദികളും സുഖകരമായ മൗനം പാലിക്കുന്നുവന്നത് യഥാർഥ ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നു. ഇന്ത്യൻ മർദ്ദക ഭരണകൂടത്തിനെതിരെ ജനകീയ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സിപിഐ മാവോയിസ്റ്റ് ജനീവ കണ്‍വെൻഷൻ പ്രകാരമുള്ള യുദ്ധ മര്യാദകൾ പാലിച്ചുകൊണ്ട് തന്നെ യുദ്ധം ചെയ്യുമ്പോൾ 'ജനാധിപത്യ ഭരണകൂടം' വാസ്തവത്തിൽ എന്താണ് ചെയ്യുന്നത്? 13 ന് ചത്തീസ്ഗഡിൽ തന്നെ നടന്ന മറ്റൊരു ആക്രമണത്തിൽ മാവോയിസ്റ്റുകൾ വധിച്ച സിആർപിഎഫുകാർ സഞ്ചരിച്ചത് ആംബുലൻസിലാണെന്നത് എന്തുകൊണ്ടായിരിക്കാം ജനാധിപത്യവാദികളെ അലട്ടാതിരിക്കുന്നത്? അപകടത്തില്പ്പെടുന്ന മനുഷ്യരെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ ഉപ്യോഗിക്ക്കുന്ന ആംബുലൻസുകൽക്ക് നേരെ ആക്രമണം അരുതെന്ന് യുദ്ധ മര്യാദകളെ  സംബന്ധിക്കുന്ന ജനീവ കണ്‍വെൻഷൻ അനുശാസിക്കുന്നു. അതിനാൽ തന്നെ യുദ്ധത്തിലേർപ്പെടുന്നവർ ആംബുലൻസുകളെ ആകമിക്കുന്ന പതിവുമില്ല. എന്നാൽ ഇന്ത്യൻ ഭരണകൂടത്തിന്റെ സൈനിക വിഭാഗങ്ങൾ ആയുധങ്ങളുമേന്തി ആംബുലൻസുകളിൽ സഞ്ചരിക്കുന്നുവെന്നത് ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നവർ ചോദ്യം ചെയ്യേണ്ടത്തന്നെയാണ്. (വാസ്തവത്തിൽ ആംബുലൻസുകൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് ഇന്ത്യയിൽ ഒരു പതിവ് തന്നെയാണ്. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ആത്മീയ കേന്ദ്രങ്ങൾ തങ്ങളുടെ മയക്കുമരുന്ന്, കള്ളപ്പണം കടത്തിനും മറ്റും ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും അവരുടെ കൂട്ടുകച്ചവടക്കാരായ അധികാര കേന്ദ്രങ്ങൾ ഇവരെ തടയാറില്ല. )യുദ്ധ മര്യാദകൾ ലംഘിച്ചുകൊണ്ട് മാവോയിസ്റ്റുകൾ നടത്തിയ പ്രധാന ആക്രമണം ഏതാനും വർഷങ്ങൾക്കുമുന്പ് ഉന്നത പോലീസ് ഇന്റലിജൻസ് ഓഫീസർ ഇന്ദുവാർ ഫ്രാൻസിസിന്റെ കൊലപാതകമായിരുന്നു. പിടിയിലായ ഫ്രാൻസിസിനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് അവർക്ക് അനുകൂല നിലപാടെടുക്കുന്ന ബുദ്ധിജീവികളുടെവരെ എതിർപ്പ് ക്ഷണിച്ച്ചുവരുത്തിയിരുന്നു. അരുന്ധതി റോയ് ഉൾപ്പടെയുള്ളവർ അതിനെതിരെ ശക്തമായ നിലപാട് കൈക്കൊള്ളുകയുമുണ്ടായി. ആ സംഭവത്തിലും മാവോയിസ്റ്റ് പാർട്ടി ഖേദം പ്രകടിപ്പിച്ചിരുന്നു. പിന്നീടൊരിക്കൽ ഒരു ഇന്റർവ്യൂയിൽ, കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് ആസാദ് ഫ്രാൻസിസിന്റെ കൊലപാതകം ഗുരുതരമായ വീഴ്ചയാണെന്ന് സമ്മതിച്ചിരുന്നു. ഒരു യുദ്ധ മേഖലയില വൈകാരികത കൂടുതലാകുമെങ്കിലും യുദ്ധ മര്യാദകളുടെ ലംഘനത്തിന് അതൊന്നും നീതീകരണമാകില്ലെന്നും ആസാദ് പറഞ്ഞു.

ഒരു പുതുലോക സൃഷ്ടിക്കായി പോരാടുന്ന മാവോയിസ്റ്റ് പാർട്ടി യുദ്ധ മര്യാദകളെക്കുറിച്ച് ബോധാവാന്മാരായിരിക്കുകയും അവ പാലിക്കാൻ ശ്രമിക്കുന്നുവെന്നതും ശുഭോദർക്കമാണ്. ആ പാർട്ടി അവ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് അവരുടെ അനുഭാവികളും സുഹൃത്തുകളുമായവരുടെയും ഉത്തരവാദിത്തവുമാണ്.

'ജനാധിപത്യ ഭരണകൂടത്തിന്റെ' വക്താക്കളും സുഹൃത്തുക്കളുമായവർക്കും പക്ഷേ തങ്ങൾ പിന്തുണയ്ക്കുന്ന ഭരണകൂടം യുദ്ധമര്യാദകളെങ്കിലും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യതയുണ്ടെന്ന കാര്യം അവർ മറന്നുകൂടാ. ജനാധിപത്യമെന്നപേരിൽ ആയിരക്കണക്കിന് പതിനായിരക്കണക്കിനു പേരെ നേരിട്ടും ഘടനാപരമായ അക്രമങ്ങളിലൂടെയും കൊന്നൊടുക്കുന്ന ഭരണകൂടമെങ്കിലും പ്രത്യക്ഷ യുദ്ധത്തിലെങ്കിലും യുദ്ധ മര്യാദകൾ പാലിക്കാൻ അവരെ പ്രേരിപ്പിക്കാൻ പിന്തുണക്കാരായവർക്ക് ബാധ്യതയുണ്ട്.ആസാദും കിഷൻജിയുമുൽപ്പടെയുള്ള മാവോയിസ്റ്റ് നേതാക്കളെ വ്യാജ ഏറ്റുമുട്ടലുകളിലൂടെ കൊലപ്പെടുത്തിയപ്പോഴും നൂറുകണക്കിന് ആദിവാസികളെ മാവോയിസ്റ്റുകൾ എന്ന് പറഞ്ഞു നിരന്തരം കൊലപ്പെടുത്തുമ്പോഴും നിശബ്ധത പാലിക്കുന്നവർ ജനാധിപത്യ മൂല്യങ്ങളെയാണ് അപകടത്തിലാക്കുന്നത്.  ബംഗാളിൽ മാവോയിസ്റ്റുകളുടെ തലയില കെട്ടിവെച്ചിരുന്ന കൊലപാതകങ്ങൾ തങ്ങളാണ് ചെയ്തതെന്ന് ബുദ്ധ ദേവ് ഭട്ടാചാര്യ പറഞ്ഞിട്ടും അദ്ദേഹത്തിൻറെ പാര്ട്ടിയുടെതായി ഒരു ഖേദ പ്രകടനവും ഉണ്ടായില്ല.ഏതാനും ആഴ്ചകൽക്കുമുൻപ് മാവോയിസ്റ്റുകൾ ആക്രമിച്ച സി ആർ പി എഫുകാർ സഞ്ചരിച്ചത് നിറയെ യാത്രക്കാരുള്ള ബസിലായിരുന്നുവെന്നതും ജനാധിപത്യവാദികളെ ആശങ്കപ്പെടുത്തുന്നില്ല. പണ്ട് കേരളത്തിൽ നക്സലൈറ്റുകൾ തന്നെ വധിച്ചെക്കുമെന്നു ഭയന്ന് സ്ഥിരമായി തന്റെ പേരക്കുട്ടിയെ മനുഷ്യകവചമായി കൊണ്ട് നടന്ന് രക്ഷപ്പെട്ട ഉന്നത പോലീസുദ്യോഗസ്ഥൻ ജയറാം പടിക്കൽ ജനാധിപത്യ മൂല്യങ്ങളിൽ നക്സലൈറ്റുകൾക്കുള്ള അടിയുറച്ച വിശ്വാസത്തെയാണ് ഉപയോഗപ്പെടുത്തിയത്. ഇത്തരം ജനാധിപത്യ ധ്വംസനങ്ങളെ ചോദ്യം ചെയ്യാൻ തക്ക വളർച്ച ജനാധിപത്യവാദികൽ എന്നവകാശപ്പെടുന്നവർ നേടേണ്ടിയിരിക്കുന്നു.
1 comment:

Leniin said...

കൊല്ലുക, ഖേദം പ്രകടി​പ്പി​ക്കുക.. വീണ്ടും കൊല്ലുക, ഖേദം......

Followers