Sunday, October 24, 2010

ചിതറയിലെ സി.പി.എം.-ഡി.എച്ച്.ആര്‍.എം. സംഘര്‍ഷം ഡി.എച്ച്.ആര്‍.എം.പ്രവര്‍ത്തകര്‍ പോലീസ്‌സ്റ്റേഷന്‍ ഉപരോധിച്ചു



കടയ്ക്കല്‍ (കൊല്ലം):പ്രവര്‍ത്തകരെ ആക്രമിക്കുകയും കുടില്‍ കത്തിക്കുകയും ചെയ്ത സി.പി.എമ്മുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.എച്ച്.ആര്‍.എം. പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. വണ്‍വേ റോഡില്‍ പോലീസ് സ്റ്റേഷന് സമീപം മാര്‍ച്ച് പോലീസ് തടഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ അനിശ്ചിതസമരം പ്രഖ്യാപിച്ച് സ്ത്രീകളും കുട്ടികളും അടങ്ങുന്ന പ്രവര്‍ത്തകര്‍ രാത്രിയിലും റോഡ് ഉപരോധിച്ച് സമരം തുടരുകയാണ്.

ചിതറ ഐരക്കുഴി കണ്ണന്‍കോട് കോളനിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ഐരക്കുഴി വാര്‍ഡില്‍ മത്സരിച്ച ഡി.എച്ച്.ആര്‍.എം. സ്ഥാനാര്‍ഥി മഞ്ജുവിന്റെ ബൂത്ത് ഏജന്റുമാരെ സി.പി.എം. പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് പ്രശ്‌നം തുടങ്ങിയത്. തുടര്‍ന്ന് ഇരുവിഭാഗവും സംഘടിച്ചു. രാത്രിയില്‍ കോളനിയിലെത്തിയ സി.പി.എം. പ്രവര്‍ത്തകര്‍ താമസക്കാരെ മര്‍ദ്ദിക്കുകയും പ്രവര്‍ത്തകനായ ഷൈജുവിന്റെ കുടില്‍ കത്തിക്കുകയും ചെയ്തുവെന്ന് പറയുന്നു. സംഭവത്തെ തുടര്‍ന്ന് മൂന്ന് ഡി.എച്ച്.ആര്‍.എം. പ്രവര്‍ത്തകര്‍ കടയ്ക്കല്‍ താലൂക്ക് ആസ്​പത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ വിവിധ മേഖലകളില്‍നിന്ന് എത്തിയവരായിരുന്നു അധികവും. മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് മാര്‍ക്കറ്റ് ജങ്ഷന് സമീപംവരെ റോഡ് ഉപരോധിച്ച് സമരക്കാര്‍ നിരന്നു. പോലീസിനും സി.പി.എമ്മിനും എതിരെ മുദ്രാവാക്യം മുഴക്കി. പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു. ഉപരോധസമരം ഡി.എച്ച്.ആര്‍.എം. സംസ്ഥാന ഓര്‍ഗനൈസര്‍ സലീന പ്രക്കാനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ദാസ് കെ.വര്‍ക്കല, ജില്ലാ ഇന്‍ ചാര്‍ജ്ജ് സജിമോന്‍ ചേലയം എന്നിവര്‍ സംസാരിച്ചു.

സംഭവമറിഞ്ഞ് എസ്.പി. ഹര്‍ഷിത അത്തല്ലൂരി സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. പുനലൂര്‍, അഞ്ചല്‍, ഏരൂര്‍, കുന്നിക്കോട് പോലീസ് ഉള്‍പ്പെടെയുള്ള സംഘം കടയ്ക്കലില്‍ ക്യാമ്പ് ചെയ്യുകയാണ്. പ്രശ്‌നം നടന്ന കണ്ണന്‍കോട് കോളനിയില്‍ കടയ്ക്കല്‍ എസ്.ഐ. രാജേഷിന്റെ നേതൃത്വത്തില്‍ പോലീസ് ക്യാമ്പ് ചെയ്യുന്നു.

ശനിയാഴ്ച ഡി.എച്ച്.ആര്‍.എം. നേതാക്കള്‍ എത്തിയ വാഹനം അപ്പൂപ്പന്‍കുന്നിന് സമീപം താഴേക്ക് മറിഞ്ഞു. ആയുധങ്ങളുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്ന് സി.പി.എം. നേതൃത്വം ആരോപിച്ചു. ഐരക്കുഴി വാര്‍ഡിലെ സി.പി.എം. സ്ഥാനാര്‍ഥി സുജിത കൈലാസിനുനേരെയും പ്രവര്‍ത്തകര്‍ക്കുനേരെയും ഡി.എച്ച്.ആര്‍.എം. അക്രമം നടത്തുകയായിരുന്നുവെന്ന് സി.പി.എം. ഏരിയാ സെക്രട്ടറി കരകുളം ബാബു ആരോപിച്ചു. സി.പി.എം. പ്രവര്‍ത്തക മല്ലികയുടെ വീടിന് തീവച്ചു. കണ്ണന്‍കോട് കോളനി കേന്ദ്രീകരിച്ച് ഒരുവര്‍ഷമായി ഡി.എച്ച്.ആര്‍.എം. പ്രവര്‍ത്തകര്‍ ആയുധ പരിശീലനം നടത്തുകയാണ്. യു.ഡി.എഫ്.-ഡി.എച്ച്.ആര്‍.എം.സംഘം തമ്മിലുണ്ടാക്കിയ ധാരണയനുസരിച്ചാണ് അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും സി.പി.എം. ആരോപിച്ചു.

No comments:

Followers